ആനയെ മേടിക്കാൻ കാശുണ്ട് പക്ഷേ, തോട്ടി മേടിക്കാൻ കാശില്ലെന്ന തമാശ കേട്ട് മദം പൊട്ടിയ ആനയ്ക്കു പോലും ചിരിപൊട്ടിയിട്ടുണ്ടാവണം. എന്നാൽ, ഇപ്പോൾ പൊട്ടിയ ചിരികളെല്ലാം നട്ടംതിരിഞ്ഞ് നടുറോഡിൽ നിൽക്കുകയാണ്. കാരണം, വണ്ടി വാങ്ങാൻ കാശുണ്ട്, പിഴയടയ്ക്കാൻ കാശില്ല എന്നതാണ് പുതിയ ചൊല്ല്.
പോലീസ് പിടിച്ചു കഴിഞ്ഞാൽ വന്ന വണ്ടിയിൽ പോകണോ അതോ പോകുന്ന വണ്ടിയിൽ കയറണോ എന്നതു മാത്രം തീരുമാനിച്ചാൽ മതി. കഴിഞ്ഞ ദിവസം വരെ വണ്ടി വാങ്ങാൻ ലോണ് എടുക്കുന്നതായിരുന്നു ശീലം. കഷ്ടത്തിലായാൽ കണ്ടുകെട്ടാൻ ഒരു വണ്ടിയുണ്ട് എന്നതിനാൽ വാഹനവായ്പ പോക്കറ്റിലിട്ടു തരാൻ ബാങ്കുകാർക്കും പെരുത്തിഷ്ടമായിരുന്നു. എന്നാൽ, ഇനി വണ്ടി വാങ്ങാനാണോ അതോ പിഴയടയ്ക്കാനാണോ ലോണ് എടുക്കേണ്ടതെന്ന കണ്ഫ്യൂഷനിലാണ് നാട്ടുകാർ. വീട്ടിൽ ആധാരത്തിന്റെ ഒറിജിനൽ ഉണ്ടെങ്കിലേ വണ്ടിയുമായി നിരത്തിലേക്ക് ഇറങ്ങാവൂയെന്നു ചുരുക്കം.
കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയ പതിനയ്യായിരം രൂപയ്ക്ക് അഞ്ചു വർഷം മുന്പു വാങ്ങിയ ഒടങ്കൊല്ലി സ്കൂട്ടറിനു പോലീസ് ഇട്ട പിഴ 23,000 ഇന്ത്യൻ റുപ്പീസ്! വണ്ടിയുടെ രേഖകൾ എടുക്കാൻ മറന്ന ഓട്ടോക്കാരന്റെ പള്ളയ്ക്ക് മുപ്പത്തിരണ്ടായിരത്തിന്റെ ഫോട്ടോസ്റ്റാറ്റ്. വണ്ടിക്കുറ്റങ്ങൾ കാണ്ഡം കാണ്ഡമായി പോലീസ് കണ്ടുപിടിച്ചപ്പോൾ ഒഡീഷയിലെ ഒരു പാവപ്പെട്ടവനു കിട്ടിയത് നാല്പത്തിയേഴായിരത്തിന്റെ താമ്രപത്രം.
ഗതാഗത നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നു കേട്ടപ്പോൾ ജനത്തിന്റെ പുറത്തുകൂടി ഇങ്ങനെയൊരു ഗതാഗതം തീരെ പ്രതീക്ഷിച്ചില്ല. പിഴവുണ്ടെങ്കിൽ പിഴയടിക്കാം... പക്ഷേ, പാവങ്ങളെ പഴംപോലെ പുഴുങ്ങിയാലോ. വലയിലേക്ക് ഒരു ഇര വീണുകിട്ടിയാൽ അവന്റെ തലയിലേക്കു വൻ തുകയുടെ എല്ലാ കുറ്റങ്ങളും കൂടി ഒന്നിച്ചു ചുമത്തുന്നതു ശരിയാണോ ? കൊലക്കുറ്റം ചെയ്തവനോടു കോടതി പോലും പലപ്പോഴും പറയുന്നത് എല്ലാ ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ്. എന്നാൽ, പെറ്റിയടിക്കുന്ന പോലീസിനു കൈയിൽ കിട്ടുന്നവനെ ഇഞ്ചിഞ്ചായും കിലോമീറ്റർ കിലോമീറ്ററായും പിഴിയുന്നതിലാണു രസമെന്നു തോന്നുന്നു. അയ്യായിരവും പതിനായിരവുമൊക്കെ പിഴയുള്ളപ്പോൾ ഒരുത്തന്റെ തലയിൽ ഏതെങ്കിലും ഒരു കുറ്റം ചാർത്തിയാൽ പോരേയെന്ന നാട്ടുകാരുടെ ചോദ്യം ന്യായം!
റോഡിലെ പേരുകേട്ട കുഴികൾക്കു പെറ്റിയും പെറ്റിക്കോട്ടും ഒന്നുമില്ലേയെന്നു ചോദിക്കരുത്. അവ നമ്മുടെ നാടിന്റെ പൊതുസന്പത്താണ്. ചന്ദ്രനിലും ചൊവ്വയിലും വരെ കുണ്ടും കുഴികളുമുണ്ട്. അപ്പോൾ പിന്നെ നാട്ടിൽ കുഴിയില്ലെങ്കിൽ അതു നമുക്കൊരു കുറച്ചിലല്ലേ. പിന്നെ കുഴിയുണ്ടാകുന്നതു കൊണ്ടാണല്ലോ അതിനൊരു മന്ത്രിയെ കിട്ടിയത്. റോഡ് എല്ലാം സൂപ്പറാണെങ്കിൽ മന്ത്രിയും വേണ്ടാ മന്ത്രാലയവും വേണ്ടാ.
പാതാളത്തിൽനിന്നു ഗട്ടറിലൂടെ മാവേലി കയറി വരുന്ന നാട്ടിലാണ് തലയിൽ ഒരു ഹെൽമറ്റ് ഇല്ലെന്നു പറഞ്ഞ് ആയിരത്തിന്റെ പെറ്റി! ചില സർക്കാർ പുകവണ്ടികൾ പോകുന്പോൾ അടുത്തെങ്ങാനും നിന്നാൽ പിന്നെ രണ്ടു വട്ടം കുളിച്ചാലേ സ്വന്തം മാതാജിക്കു പോലും തിരിച്ചറിയാൻ കഴിയൂ. അങ്ങനെയുള്ള നാട്ടിൽ 60 രൂപയുടെ പുകക്കടലാസ് കൈയിൽ ഇല്ലെങ്കിൽ പതിനായിരം എഴുതാൻ പുകവണ്ടിയിൽ ചാരി പോലീസ് നിൽക്കുന്നു.
എത്ര കെഎസ്ആർടിസി വണ്ടികൾക്ക് ഇൻഷ്വറൻസ് ഉണ്ടെന്നു ചോദിക്കരുത്... കാരണം, ആനയെ ആരും കളസം ഇടീക്കാറില്ല. പക്ഷേ, നാട്ടുകാരുടെ വണ്ടിക്ക് ഇൻഷ്വറൻസ് ഇല്ലെങ്കിൽ കളസം രണ്ടായിരമായി കീറും. പെറ്റിക്കേസ് എന്നാൽ ഖജനാവിന്റെ പെട്ടിനിറയ്ക്കാനുള്ള കേസുകളാണെന്നു ചുരുക്കം.
മിസ്ഡ് കോൾ
നഴ്സിംഗ് സംഘടനയുടെ ഫണ്ട് ക്രമക്കേട് കേസിൽ യുഎൻഎ നേതാക്കൾക്കു ലുക്ക്ഒൗട്ട് നോട്ടീസ്.
-വാർത്ത
കിടത്തി ചികിത്സ വേണ്ടിവരും!