ഉത്തരമെഴുതാനുള്ള കടലാസ് ആണ് ഉത്തരക്കടലാസ് എന്നായിരുന്നു ഇത്രയും കാലം നാട്ടുകാരുടെ ധാരണ. എന്നാൽ, ഇഷ്ടക്കാരുടെ വീട്ടിലെ ഉത്തരത്തിൽ കാറ്റുംകൊണ്ടിരിക്കുന്ന കടലാസ് ആണ് യഥാർഥ ഉത്തരക്കടലാസ് എന്നാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്. ആരൊക്കെ ഏതൊക്കെ കടലാസിൽ ഉത്തരങ്ങൾ എഴുതിയാലും ഈ ഉത്തരത്തിലിരിക്കുന്ന കടലാസിൽ എഴുതുന്നവന്റേതായിരിക്കും ഒറിജിനൽ ഉത്തരം! വിദ്യാഭ്യാസരംഗത്തെ ഉത്തരോത്തരമായിട്ടുള്ള പുരോഗതിയുടെ ലക്ഷണമാണ് ഈ ഉത്തരങ്ങൾ എന്നു മാത്രം സാധാരണക്കാർ മനസിലാക്കിയാൽ മതിയാകും.
കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, ഭരണക്കാരുടെ തല കക്ഷത്തിലാക്കിയാൽ ഏത് ഉത്തരത്തിലിരിക്കുന്ന കടലാസും പരീക്ഷാഹാളിൽ പറന്നു നടക്കും. കോളജിന്റെ അലമാരയിൽ ഇരിക്കേണ്ട കടലാസ് എങ്ങനെയാണ് സാറേ ഇത്തരത്തിൽ ഉത്തരത്തേൽ വന്നതെന്നു ചോദിച്ചപ്പോൾ കോളജിലെ മൂത്ത സാറിനും കാര്യമായ ഉത്തരമില്ല! ചത്തവീട്ടിൽ കുത്തിയിരിക്കുന്നതുപോലെ ഇരിക്കാനാണ് ഇവിടെ ഇരുത്തിയിരിക്കുന്നതെന്നാണ് ആ മൗനത്തിന്റെ ഉത്തരം.
പഠിക്കാൻ വന്ന ഒരുവനെ പഠിക്കാൻ വന്ന മറ്റൊരുവൻ കത്തിക്കു കുത്തിയത്രേ. പഠിക്കാനെത്തുന്ന പിള്ളേർ എന്തിനാണ് കത്തിയുമായി വന്നതെന്നു ചോദിക്കരുത്, കോളജിൽ കശാപ്പിന്റെ ബിരുദാനന്തര ബിരുദ കോഴ്സ് വല്ലതും തുടങ്ങിയിട്ടുണ്ടാവും. അതിന്റെ പ്രാക്ടിക്കലാണ് നമ്മൾ കാന്പസിൽ കണ്ടത്, അല്ലാതെ അടിയും തല്ലുമൊന്നുമല്ല സഖാവേ!
ഒരു കുട്ടി വേറൊരു കുട്ടിയെ കുത്തിയെന്നു കേട്ടപ്പോഴെ ഓടിയെത്തിയതാണെല്ലാവരും, പക്ഷേ, കുട്ടിയെ കണ്ടപ്പോൾ ഞെട്ടി. ഇതുവെറും കുട്ടിയല്ല, ഇത്തിരി കട്ടികൂടിയ ഒരു ഒന്നൊന്നര കുട്ടി! പാവം ആറു വർഷമായി കഷ്ടപ്പെട്ട് എംഎ പഠിച്ചുകൊണ്ടിരിക്കുകയാണത്രേ. സാധാരണ എംഎ രണ്ടു വർഷമല്ലേയുള്ളൂ എന്നു ചോദിക്കരുത്, ഇതു കുട്ടിസഖാക്കൾക്കു മാത്രമുള്ള മുട്ടൻ എംഎ ആണ്. ഇത്തരം മുട്ടൻഎംഎകൾ പഠിക്കുന്നതുകൊണ്ടാണ് കുട്ടിസഖാക്കൾ എഴുതുന്ന പരീക്ഷകളിലെല്ലാം ഉത്തരങ്ങൾ ശരിയായി വരുന്നതും അവർ ഒന്നാമത് എത്തുന്നതും. അല്ലാതെ നിങ്ങൾ പറയുന്നതുപോലെ അവരാരും കോപ്പിയടിച്ചിട്ടില്ല, പരീക്ഷാസമയത്തു കോളജിന്റെ ഏഴയലത്തു പോലും എത്താത്ത കുട്ടികൾ കോപ്പിയടിച്ചെന്നു പറഞ്ഞുപരത്തുന്നവർ അവസാനം ഒരിറ്റു കട്ടൻകാപ്പിയും പരിപ്പുവടയും കിട്ടാതെ നരകിച്ചു ചാകും നോക്കിക്കോ!
മൂത്തു നരച്ചിട്ടും പഠിത്തം നിർത്താറായില്ലേയെന്ന ചോദ്യത്തിനും ഉത്തരം റെഡിയായിട്ടുണ്ട്. നാമെല്ലാവരും ജീവിതകാലം മുഴുവൻ വിദ്യാർഥികൾ ആയിരിക്കണമെന്നല്ലേ മഹാഗുരുക്കളൊക്കെയും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ആറാം വർഷം എംഎ പഠിക്കുന്ന ഈ കുരുന്നുകളുടെ ഭാവിക്കുമേൽ നിങ്ങൾ അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കരുത്. അഞ്ചോ ആറോ വർഷമൊക്കെയായി എംഎ പഠിച്ചുകൊണ്ടിരിക്കുന്ന മഹാന്മാരെ, നിങ്ങളെ രാഷ്ട്രം നമിക്കുന്നു.
മ്മിണി ബല്യ കുട്ടിസഖാക്കളുടെ വീരകഥകൾ നേരത്തെ തന്നെ തെക്കൻ പാട്ടുകളിൽ ഉള്ളതാണെങ്കിലും അതിനോടു പാർട്ടിനേതൃത്വം എഴുന്നേറ്റുനിന്നു മൗനം ആചരിച്ചതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് പാർട്ടിക്കാർതന്നെ പരിഭവം പറയുന്നത്. എന്തായാലും കുത്തിയ കുട്ടികളെ സിനിമയിലെ ചില സീനിയറുകൾ ഇപ്പോൾ വട്ടമിട്ടിരിക്കുകയാണെന്നാണ് ഒടുവിലത്തെ വാർത്ത. സ്വന്തം കുട്ടികളെ കെട്ടിക്കേണ്ട പ്രായത്തിലും ലവന്മാർ കുട്ടികളായി നടക്കുന്നതിന്റെ രഹസ്യമാണത്രേ സിനിമാക്കാർക്ക് അറിയേണ്ടത്!
മിസ്ഡ് കോൾ
അനധികൃത ഫ്ളെക്സ് വച്ചവർക്കു തിരികെ കൊടുത്തു പിഴ ഈടാക്കണമെന്നു ഹൈക്കോടതി.
വാർത്ത
ഹൈക്കോടതിക്ക് ഫുൾ എ പ്ലസ്!