കാര്യം കാണാൻ കഴുതക്കാലും പിടിക്കേണ്ടിവരുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ, കർണാടകയിലേക്കും ഗോവയിലേക്കുമൊക്കെ നോക്കുന്പോൾ നിൽക്കാനൊരു കാൽ ഉണ്ടാക്കിക്കൊടുത്ത ജനം കഴുതകളായ ലക്ഷണമാണ്. ക്ഷണം സ്വീകരിച്ച് എത്തുന്നവരെ കൈപിടിച്ചു സ്വീകരിക്കുന്നതാണു രീതി. എന്നാൽ, രാഷ്ട്രീയത്തിലോ കാലുമാറിയെത്തുന്നവരെ ഒരു കൂട്ടർ കാലിൽ പിടിച്ചു സ്വീകരിക്കുന്നു, മറ്റൊരു കൂട്ടർ കാലുമാറാതിരിക്കാൻ കാലു പിടിക്കുന്നു.
കാലിനിങ്ങനെയൊരു കോലം വരുമെന്നു കാലൻ പോലും കരുതിയിരുന്നില്ലെന്നു തോന്നുന്നു. കാലുവാരൽ, കാലുമാറ്റം, കാലിൽവീഴൽ, കാലിൽച്ചവിട്ട്, കുതികാലുവെട്ട് എന്നിങ്ങനെ കാലിനു കുറേക്കാലമായി രാഷ്ട്രീയത്തിൽ നല്ല കാലം! ചാടി നിൽക്കുന്നവരും ആടി നിൽക്കുന്നവരും കൂടി ആടി സെയിൽ നടത്തിക്കൊണ്ടിരിക്കുന്നതു കണ്ടു വാടി നിൽക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.
ചില എംഎൽഎമാരുടെ ഒരു കാൽ കോണ്ഗ്രസിൽ, മറ്റേക്കാൽ ബിജെപിയിൽ. ചിലർക്കു സ്വന്തം കാൽ എവിടെയാണ് കുത്തിയിരിക്കുന്നതെന്ന കാര്യത്തിൽ ഒട്ടും തിട്ടമില്ല താനും. രണ്ടേ രണ്ടു കാൽ മാത്രമേയുള്ളൂ എന്നതോർക്കുന്പോൾ ചില എംഎൽഎമാർക്കു കട്ടക്കലിപ്പ്. ഒന്നോ രണ്ടോ കാലു കൂടി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന ആടി സെയിലിൽ ആടിത്തിമിർക്കാമായിരുന്നത്രേ.
രണ്ടു വള്ളത്തിൽ കാലുവച്ചാൽ വെള്ളത്തിൽ വീഴുമെന്നൊക്കെ പഴമക്കാർ പറയും. എന്നാൽ, രാഷ്ട്രീയത്തിൽ കാലെന്നാൽ കനകമായതിനാൽ വെള്ളത്തിൽ വീണാലും ഇനി ഇത്തിരി വെള്ളം കുടിക്കേണ്ടിവന്നാലും രണ്ടോ മൂന്നോ വള്ളത്തിൽ വയ്ക്കാൻ റെഡിയായിട്ടാണ് പലരുടെയും നിൽപ്പ്.
രാത്രിയിൽ കോണ്ഗ്രസ് ആയി കിടന്നുറങ്ങുന്ന എംഎൽഎ രാവിലെ എഴുന്നേൽക്കുന്പോൾ ബിജെപിയായി മാറുന്ന രോഗമാണ് ഇപ്പോൾ ഗോവയിലും കർണാടകയിലും പടർന്നുപിടിച്ചിരിക്കുന്നത്. ചില രാജ്യസഭാ എംപിമാരിലും "കാലുമാറ്റ സിൻഡ്രോം' എന്ന രോഗം കണ്ടുതുടങ്ങിയതായി റിപ്പോർട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ആന്റിബയോട്ടിക്കുകൾ കൊടുത്തുനോക്കിയിട്ടും രോഗം തടയാനായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ലിച്ചി പഴമാണ് രോഗം പടർത്തുന്നതെന്ന് ആദ്യം ആരൊക്കെയോ സംശയിച്ചിരുന്നു.
ലിച്ചി പഴമല്ല "ലച്ചം' പണമാണ് രോഗം പടർത്തുന്നതെന്നാണു വിദഗ്ധരുടെ നിഗമനം. വടക്കേന്ത്യയിൽനിന്ന് എത്തുന്ന "ലച്ചം' വൈറസുകൾ അക്കൗണ്ടിൽ കയറിക്കഴിഞ്ഞാൽ ഉടൻ ചവിട്ടിനിൽക്കുന്ന കാലുകൾക്ക് ഇളക്കം തട്ടുന്നതാണ് പ്രാഥമിക ലക്ഷണം. ഇളക്കം കൂടുന്നതോടെ കളംമാറ്റി ചവിട്ടാതെ കാലു കുത്താൻ പറ്റില്ലെന്നു വരും. ഇതോടെ രോഗി മറുവശത്തേക്കു മറിയും. ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ രോഗിയെ തിരികെ കൊണ്ടുവരിക അസാധ്യമാണെന്നാണ് രാഷ്ട്രീയ വൈദ്യന്മാർ പറയുന്നത്. തിരികെ കൊണ്ടുവന്നാൽതന്നെയും വീണ്ടും മറിയാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
"കർനാടക'മൊക്കെ കണ്ടുകണ്ടങ്ങിരിക്കുന്പോൾ ജനത്തിനു തോന്നുന്നത് അമിട്ട്ജിയുടേതാണ് കിടിലൻ ഐഡിയ എന്നതാണ്. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നത്. വെയിലുകൊണ്ട് അലഞ്ഞും തൊണ്ടകീറി പ്രസംഗിച്ചും ഉറക്കമിളച്ചു യോഗം നടത്തിയും ജനത്തിന്റെ കാലുപിടിച്ചു വോട്ടു വാങ്ങിയും ആരെങ്കിലുമൊക്കെ ജയിക്കട്ടെ. ജയിച്ചുവരുന്പോൾ ലേശം "ലച്ചം' വൈറസിനെ ഇറക്കിയാൽ പോരേ ആടി സെയിൽ കുശാൽ, എംഎൽഎ പോക്കറ്റിൽ!
മിസ്ഡ് കോൾ
- രാഹുലിനു ട്വിറ്ററിൽ ഒരു കോടി ഫോളോവർമാർ.
- വാർത്ത
- ഇനി ഒറ്റയ്ക്കാകില്ലെന്ന് ഉറപ്പായി!