കുഴഞ്ഞുവീഴൽ, നെഞ്ചുവേദന, നീലവെളിച്ചം, നിലവിളിശബ്ദം, ഇസിജി ഡാൻസ്, ഐസിയു... ആൾ പ്രമുഖനോ പോലീസോ ആയിപ്പോയാൽ അറസ്റ്റിന് ഈ ചേരുവകളൊക്കെ വേണമെന്നാണല്ലോ നാട്ടുനടപ്പ്. പതിവുപോലെ നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ പ്രതികളുടെ അറസ്റ്റിലും കാര്യങ്ങൾ ചട്ടപ്പടിതന്നെ നടന്നു. നൂറുകണക്കിനു പ്രതികളുടെ നേരേ കണ്ണുരുട്ടി "ബ്ലഡി ഫൂൾ, യു ആർ അണ്ടർ അറസ്റ്റ്' എന്നു ഗർജിച്ചിട്ടുള്ള "നെടുങ്കണ്ടം ഏമാൻ' അറസ്റ്റ് എന്നു കേൾക്കുംമുന്പേ കുഴഞ്ഞുവീണു. എന്താന്നറിയില്ല, പ്രമുഖരെ കാണുന്പോൾ ഇസിജി യന്ത്രത്തിനു പോലും മൊത്തത്തിൽ ഒരു വിറയലാ! പിന്നെ, കന്പിയഴിയും തുന്പിക്കൊതുകും ഒന്നുമില്ലാത്ത ഐസിയുവിന്റെ തണുപ്പിൽ പ്രമുഖനു ചായുറക്കം!
സമയാസമയത്തു ചായ, വട, പുറത്തു പോലീസിന്റെ കാവൽ, ഇടയ്ക്കിടെ ഡാക്കിട്ടർമാരുടെ കുശലാന്വേഷണം... അങ്ങനെ നീളും അറസ്റ്റ്കാലം. പ്രമുഖന്റെ മൂപ്പ് അനുസരിച്ച് ഈ ഐസിയു കാലവും മൂക്കും. ഇനി ഏതെങ്കിലും കാരണവശാൽ ജയിലിൽ എങ്ങാനും കാൽകുത്തേണ്ടി വന്നാൽ തോളേൽ എടുത്തുവച്ചുകൊണ്ടുപോകാൻ ആശാന്മാർ ക്യൂ നിൽക്കും. അപ്പോൾ ജയിലിലെ സിസി ടിവി കാമറകൾ നാണത്തോടെ കണ്ണടയ്ക്കും, ജയിലഴികൾ വിരൽകൊണ്ടു നിലത്തു കാർട്ടൂണ് വരയ്ക്കും, മൊബൈൽ ഫോണുകൾ കാതിൽ മന്ത്രിക്കും!
എന്നെ ആശുപത്രിയിൽ കൊണ്ടുപോകണേയെന്നു പ്രതി നാലു ദിവസം നിലവിളിച്ചിട്ടും കേൾക്കാതിരുന്ന പോലീസ് എന്തായാലും കുഴഞ്ഞുവീണ സ്വന്തം ഏമാനെ നാലു മിനിറ്റിനുള്ളിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
പോലീസിന്റെ ഈ വക ആത്മാർഥതയൊന്നും കണ്ടു ത്രില്ലടിച്ചു "സാദാ ജനമൈത്രികൾ' അവിടേക്കു ചെല്ലണ്ടാ. അറസ്റ്റ് എന്നു പറഞ്ഞുതീരുംമുന്പേ ഏമാന്മാർ ലയണൽ മെസിയായി മാറും. പിന്നെ പോലീസ് ജീപ്പിന്റെ പിന്നിലെ ഗോൾപോസ്റ്റിൽ ഫുട്ബോൾ പോലെ ചുരുണ്ടു കിടക്കേണ്ടി വരും.
കേസിൽ പ്രതിയാകുന്നവരെ കണ്ടാൽ ജയിൽ ചപ്പാത്തികളാണെന്നാണ് നമ്മുടെ പോലീസുകാർ കരുതുന്നതെന്നു തോന്നുന്നു. കൈയിൽ കിട്ടിയാൽ അന്നരെ പിടിച്ചുവച്ചു ചപ്പാത്തി ഉരുട്ടുന്നതുപോലെ ഉരുട്ടുന്നതാണ് ഇപ്പോൾ അവരുടെ ഹോബി. മനുഷ്യനെ ഉരുട്ടി ചപ്പാത്തിപോലെ പരത്തി ചിക്കനുംകൂട്ടി തട്ടാനും മടിയില്ലാത്തവർ കാക്കിക്കുള്ളിലുണ്ടെന്നാണ് ഇതുവരെയുള്ള കഥകളിൽനിന്നു മനസിലാകുന്നത്.
പോലീസ് സ്റ്റേഷനിലെ ഉരുട്ടലിനു ശേഷം പാതിജീവനുമായി ജയിലിൽ എത്തിയപ്പോൾ ആചാരപരമായ നടയടിയും കൂന്പിനിടിയും കൊടുത്തിട്ടാണ് ജയിൽ ആശാന്മാർ അകത്തേക്കു കടത്തിയത്. വെള്ളം ചോദിച്ചു കരഞ്ഞിട്ടു കൊടുക്കാൻ വെളിവുള്ള ആരും അവിടെ ഉണ്ടായിരുന്നില്ലത്രേ. മനുഷ്യനെ മഹാനാക്കുകയാണ് നമ്മുടെ ജയിലുകളുടെ ലക്ഷ്യമെന്നൊക്കെയാണ് നേതാക്കളുടെ പ്രസംഗം. പക്ഷേ, അകത്തു കയറുന്നവൻ മയ്യത്താകാതെ പുറത്തിറങ്ങിയാൽ ഭാഗ്യം!
കാക്കിയിട്ടു കഴിഞ്ഞാൽ കണ്ട്രോൾ പോകുന്നവരെ കണ്ട്രോൾ റൂമിലാക്കിയില്ലെങ്കിൽ വൈകാതെ ജനത്തിന്റെ കണ്ട്രോൾ തെറ്റുമെന്നാണു തോന്നുന്നത്. കുപ്പിയിൽ പെട്രോളുമായി പട്രോൾ നടത്തുന്ന പോലീസ്, മേലധികാരി വഴക്കുപറഞ്ഞാൽ പുറപ്പെട്ടു പോകുന്ന പോലീസ്, ബീറ്റിനു പകരം ചാറ്റ് നടത്തി ചീറ്റ് ചെയ്യുന്ന പോലീസ്, അടുത്ത കാലത്തു കേൾക്കുന്ന കാക്കിക്കഥകൾക്കെല്ലാം ആക്ഷൻ സിനിമയിലെ വില്ലൻ വേഷം!
രാജ്കുമാർ ഇപ്പോൾ മരിച്ചതുകൊണ്ട് നാട്ടുകാർ അറിഞ്ഞു. എത്രയോ പേരെ ഈ ഇരുട്ടുമുറികളിൽ ഇവർ ഉരുട്ടുകയും പരത്തുകയും ചെയ്തിട്ടുണ്ടാകണം. പോരാളി ഷാജിമാർ പറയുന്നതുപോലെ മുഖ്യന് ഇരട്ടച്ചങ്കോ ചിരട്ടക്കനമോ ഒക്കെയുണ്ടെങ്കിൽ കാണിക്കേണ്ടത് ഇവിടെയാണ്, ഈ ഉരുട്ടുകാരെ വിരട്ടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ഇരട്ടച്ചങ്ക്!
മിസ്ഡ് കോൾ
=ചില നേരങ്ങളിൽ ഞാൻ ഒറ്റപ്പെട്ടു പോയെന്നു രാഹുൽ ഗാന്ധി രാജിക്കത്തിൽ.
- വാർത്ത
=ജയിച്ചിരുന്നെങ്കിൽ ഉന്തിലും തള്ളിലും പെട്ടേനെ!