വണ്‍ ടു ത്രീ... റെഡിയായി നിൽക്കുകയായിരുന്നു മണിയാശാൻ... തെറ്റിദ്ധരിക്കേണ്ട, തകർക്കാനല്ല തുറക്കാൻ, ഷട്ടർ തുറക്കാൻ! പക്ഷേ, മഴ പറ്റിച്ചു. ഇന്നു പെയ്യും നാളെ പെയ്യുമെന്നു കാലാവസ്ഥക്കാർ പറഞ്ഞു പറഞ്ഞ് അവരുടെ തൊണ്ടയിലെ വെള്ളം വറ്റിയതല്ലാതെ മഴ പെയ്യുന്ന മട്ടില്ല.
കഴിഞ്ഞ പ്രാവശ്യം ഇത്തിരി കൂടുതൽ പെയ്തതിനു നാട്ടുകാരുടെ മുഴുവൻ ചീത്ത കേട്ടതുകൊണ്ടായിരിക്കാം ഇത്തവണ വരാൻ മടിച്ചുനിൽക്കുന്നതെന്നാണ് കേൾക്കുന്നത്. കഴിഞ്ഞ തവണ മണ്‍സൂണ്‍ ആൻഡമാൻ നിക്കോ"ബാറി'ലൊക്കെ കേറി വന്നതുകാരണം വെള്ളം ഇത്തിരി ഓവറായി പോയി, ഫലമോ മണിയാശാൻ റെഡി വണ്‍ ടു ത്രീ.. പറഞ്ഞുവന്നപ്പോഴേക്കും അണക്കെട്ടെല്ലാം വെടിക്കെട്ടുപോലെ നിറഞ്ഞു. ആശാൻ സമയത്തു ഷട്ടർ തുറക്കാഞ്ഞിട്ടാണ് തലപ്പൊക്കം വെള്ളം കേറിയതെന്നു പറഞ്ഞു പ്രതിപക്ഷത്തുള്ളവരെല്ലാംകൂടി ആശാന്റെ തലയിലേക്കു കയറി.
അന്നേ ആശാൻ തീരുമാനിച്ചതാ അടുത്ത തവണ മഴ തുടങ്ങുന്പോൾത്തന്നെ ഷട്ടർ പൊക്കി നാട്ടുകാരെ മുഴുവൻ കാണിച്ചുകൊടുക്കാമെന്ന്. പക്ഷേ, ഇത്തവണയും ആശാനെ മഴ പറ്റിച്ച ലക്ഷണമാണ്. ഷട്ടർ പൊക്കാൻ പോയിട്ട് ഷർട്ട് നനയ്ക്കാൻ പോലും വെള്ളമില്ല! ആശാനും സംഘവും ഷട്ടർ പൊക്കി നോക്കിയിട്ടു വെള്ളത്തിനു പകരം കാറ്റു മാത്രമാണ് പുറത്തേക്കു വരുന്നതെന്നാണ് ഒടുവിൽ കേട്ടത്. ഇനി നാട്ടിൽ കാറ്റുണ്ടാക്കിയെന്ന പേരുദോഷം കേൾക്കാതിരിക്കാൻ തുറന്നതുപോലെ അടച്ചത്രേ. ഡാമുകളെല്ലാം സർക്കാരിന്റെ ഖജനാവ് പോലെ ശാന്തസുന്ദരമായി നീണ്ടു നിവർന്നു കിടക്കുന്നു. കുറച്ചുകൂടി വരണ്ടാൽ അധികം കാശു മുടക്കാതെ ഡാമിലെ മണൽ വാരി വിൽക്കാൻ കഴിയുമോയെന്നായിരിക്കും മിക്കവാറും ഐസക്ക് മന്ത്രിയുടെ നോട്ടം. പ്രളയദുരിതാശ്വാസം കൊടുത്തുതീരുംമുന്പേ വരൾച്ചാ സഹായം കൊടുക്കേണ്ടിവരുമോയെന്നാണു പുള്ളിക്കാരന്റെ പേടി.
രണ്ടാഴ്ച വിതരണത്തിനുള്ള കുടിവെള്ളം മാത്രമേ ഇനി സംഭരണികളിൽ അവശേഷിക്കുന്നുള്ളൂ എന്നാണ് കൃഷ്ണൻകുട്ടി മന്ത്രി നിയമസഭയിൽ പറഞ്ഞത്. കുടിവെള്ളം കിട്ടിയില്ലെങ്കിലും സാരമില്ല മറ്റേ “കുടിവെള്ളം’’ മുട്ടരുതെന്ന ചിന്ത മാത്രമേ മലയാളിക്ക് ഉള്ളൂ എന്നതുകൊണ്ടു മന്ത്രിയുടെ പ്രസ്താവനയെ ആരും ഇതുവരെ കാര്യമായിട്ടെടുത്തതായി തോന്നുന്നില്ല. കുടിവെള്ളത്തിനു വില കയറിയിട്ടും ആർക്കും പരാതിയില്ല, എന്നാൽ, മലയാളിയുടെ സ്വന്തം “കുപ്പിവെള്ള’’ത്തിനു കൂടുതൽ വില ഈടാക്കുന്നുവെന്നു കേട്ടപ്പോൾ വിവരാവകാശവും കട്ടക്കലിപ്പും.
മണ്‍സൂണ്‍ ടൂറിസം കൂടാൻ ടിക്കറ്റ് വച്ച് ആളെ വിളിച്ചവരാണ് ചുറ്റിപ്പോയത്. മണ്‍സൂണ്‍ കാണാൻ സായിപ്പും മദാമ്മയും കുടയും ചൂടി വരുന്പോൾ ഇനിയെന്തു പറയും ? ഫയർഫോഴ്സുകാരെ വിളിച്ചു കോട്ടേജിനു മുകളിൽ ഇത്തിരി വെള്ളം തളിപ്പിച്ചാലോ എന്നാണ് ഇപ്പോൾ ആലോചന.
അതേസമയം, നാട്ടുകാർക്കു കുടിവെള്ളമില്ലെങ്കിലും സർക്കാരും പാർട്ടിയും നന്നായി വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. അതുപിന്നെ അവിടെ ആരോപണങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരിക്കുകയാണല്ലോ... ഇങ്ങനെ പെയ്താൽ വൈകാതെ ഡാം തുറന്നുവിടേണ്ടി വരുമെന്നാണ് അണികൾ പോലും പറയുന്നത്. തുറന്നുവിട്ടാൽ ആരൊക്കെ ഒഴുകിപ്പോകും എന്നതിനെക്കുറിച്ചാണ് ഇപ്പോൾ പാർട്ടികാർക്കിടയിൽ ചർച്ച.
ഇതിനിടെ, കോണ്‍ഗ്രസ് കടവിൽനിന്നു കെട്ടുംപൊട്ടിച്ച് ഒഴുകിപ്പോയ ഒരു “അദ്ഭുത കുറ്റി’’ ഡൽഹിയിൽ അടിഞ്ഞതായി വാർത്തയും വന്നു. ഈ കുറ്റിയിൽ പിടിച്ചുനിൽക്കുന്നവർ തിളച്ച വെള്ളത്തിൽ വീഴാതെ സൂക്ഷിക്കണമെന്നാണ് കൈപൊള്ളിയ കമ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും പക്ഷം.
മിസ്ഡ് കോൾ
= മദ്യപിച്ചു വാഹനം ഓടിച്ചാൽ ഇനി പതിനായിരം രൂപ പിഴ വരുന്നു.
- വാർത്ത
= ലോണെടുക്കാൻ മലയാളിക്ക്ഒരു കാരണം കൂടി!