കൊച്ചി: സംസ്ഥാനത്ത് നിപ്പ ബാധ സ്ഥിരീകരിച്ചത് അതീവ ഗുരുതരമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്. എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുവരുന്നുണ്ട്. ആവശ്യത്തിനുള്ള മരുന്നുകളും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ടെന്നും മന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓസ്ട്രേലിയയിൽനിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐസിഎംആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടർമാരെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സംശയം തോന്നുന്നവരെ പ്രത്യേകം ചികിത്സയ്ക്കു വിധേയമാക്കും. നിപ്പ ബാധ സംശയിക്കുന്നവരിൽ നിന്നു മൂന്നു സാംപിളുകളെടുത്ത് ആലപ്പുഴ, മണിപ്പാൽ, പൂന എന്നിവിടങ്ങളിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധനയ്ക്ക് അയയ്ക്കും.
കോഴിക്കോട് നിപ്പ ബാധയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ചുമ, തുമ്മൽ തുടങ്ങി പനിയുടെ ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണം. ഇവർ ആൾക്കൂട്ടത്തിൽ പോകാതിരിക്കാൻ ശ്രദ്ധിക്കണം. തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണം. ബോധവത്കരണത്തിനായി ലഘു ലേഖകൾ വിതരണം ചെയ്യും. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, മേയർ സൗമിനി ജെയിൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജേഷ് ഖോബ്രഗഡെ, ഡോ. ജോസ്, ഡിഎംഒ ഡോ. എൻ.കെ. കുട്ടപ്പൻ എന്നിവരും പങ്കെടുത്തു.