കോഴിക്കോട് : സംസ്ഥാനത്ത് ഭീതിപടര്‍ത്തുന്ന നിപ്പ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പഴംതീനി വവ്വാലുകളില്‍നിന്നാണ് ഈ വൈറസ് പടര്‍ന്നതെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസി(എന്‍ഐഎസ്എച്ച്എഡി) ലെ പരിശോധനയില്‍ ഇതല്ലെന്ന് ബോധ്യമായി.
50 പഴംതീനി വവ്വാലുകളെയാണ് പരിശോധിച്ചത്. സാമ്പിളുകൾ പരിശോധിച്ചപ്പോൾ വൈറസിനെ കണ്ടെത്തിയില്ല. അതേസമയം, പൂന വൈറോളജി ലാബിലെ പരിശോധനയില്‍ 22 ശതമാനം സാമ്പിളുകളിൽ വൈറസിന്റെ സൂചന മാത്രം ഉള്ളതായി കണ്ടെത്തി. 50 വവ്വാലുകളില്‍ 11 എണ്ണത്തില്‍ വൈറസിന്റെ സൂചന ഉള്ളതായാണ് കണ്ടെത്തൽ. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൂന വൈറോളജി ലാബിന്റെ ഈ പരിശോധനാ ഫലം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ദീപിക യോടു പറഞ്ഞു.
കഴിഞ്ഞവർഷം 18 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ഏത് ജീവിയില്‍ നിന്നാണ് സൂപ്പിക്കടയിലെ ആദ്യം രോഗം സ്ഥിരീകരിച്ചയാളിലേക്ക് പടര്‍ന്നതെന്നായിരുന്നു പരിശോധിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ഷഡ്പദങ്ങള ഭക്ഷിക്കുന്ന വവ്വാലുകളുടെ വിസര്‍ജ്യവും മൂന്നു വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളും അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിലെ എട്ട് പന്നി, അഞ്ചു കന്നുകാലികള്‍, അഞ്ച് ആടുകൾ എന്നിങ്ങനെ 21 സാമ്പിളുകളും പരിശോധിച്ചിരുന്നുവെങ്കിലും ഇവയിലൊന്നും വൈറസ് കണ്ടെത്താനായിരുന്നില്ല. പിന്നീട് പഴംതീനി വവ്വാലുകള്‍, വവ്വാലുകളുടെ മൂത്രം, കാഷ്ഠം എന്നിവയുടെ സാമ്പിളുകള്‍, സൂപ്പിക്കടയിലെ മൂസയുടെ വീട്ടിലെ മുയലിന്റെ രക്തം, ഇവയുടെ മുക്കിലെ സ്രവം, സിറം എന്നിവയും പരിശോധനയ്ക്കയച്ചു. ഇതിലൊന്നും നിപ്പ വൈറസ് ഇല്ലെന്നായിരുന്നു പരിശോധനാഫലം. തുടര്‍ന്നായിരുന്നു രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വവ്വാലുകളെ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചത്.
നിപ്പ വൈറസ് സ്ഥിരീകരിച്ച എല്ലായിടത്തും അതിന്റെ ഉത്ഭവം കണ്ടെത്തിയിരുന്നു. വൈറസ്ബാധ ആദ്യം സ്ഥിരീകരിച്ച മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പന്നികളില്‍നിന്നും വവ്വാലുകളില്‍നിന്നും മനുഷ്യരിലേക്ക് പടര്‍ന്നുവെന്നാണ് കണ്ടെത്തിയത്. ബംഗാളിലെയും കേരളത്തിലെയും നിപ്പ വൈറസിന്റെ ഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. ലോകത്ത് മൊത്തം അറുനൂറിൽപരം ആളുകൾ ഇതിനകം നിപ്പ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ ജേണലുകളിലെ കണക്ക്.
നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പഠനപദ്ധതിയുടെ രൂപരേഖ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആറുമാസത്തെ പഠനം സംബന്ധിച്ചുള്ള രൂപരേഖയാണ് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ചത്. കേന്ദ്രമൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വിശദമായ രൂപരേഖ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ പഠനം നടത്തുന്നതിനുള്ള അനുമതി ഇതുവരേയും ലഭിച്ചിട്ടില്ല. നിപ്പ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര ചങ്ങരോത്ത് പ്രദേശത്തെ ജീവികളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കുക. വവ്വാലുകള്‍, പെരുച്ചാഴി, എലി, കുറുക്കന്, കാട്ടുപൂച്ച, വെരുക് എന്നിവയെയാണ് പരിശോധിക്കുക. കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ രണ്ടുമാസംകൊണ്ട് ജീവികളുടെ സാമ്പിളുകള്‍ ശേഖരിക്കാനാണുദ്ദേശിക്കുന്നത്. പിന്നീട് രണ്ടുമാസം കൊണ്ട് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ (എന്‍ഐഎസ്എച്ച്എഡി) ലാബിൽ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയാക്കും. പ്രദേശത്തെ ജീവികളിലേതിലെങ്കിലും നിപ്പവൈറസുണ്ടോയെന്നും വൈറസിനെ തടയാന്‍ മൃഗങ്ങള്‍ക്ക് പ്രതിരോധ ശേഷിയുണ്ടോയെന്നും പഠനത്തിന്റെ ഭാഗമായി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.