കൊച്ചി: കേരളത്തിൽ നിപ്പ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും നിയന്ത്രണ വിധേയമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ഏഴംഗ സംഘമെത്തി.
ന്യൂഡൽഹി എയിംസിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് പ്രഫസർ ഡോ. അനിമേഷ് റേ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജിസ്റ്റ് ഡോ. ബി. അനൂപ് കുമാർ, നിംഹാൻസിലെ ന്യൂറോളജി വിഭാഗം അസി. പ്രഫസർ ഡോ. വിക്രം വി. ഹൊല്ല, ഡൽഹി എൻസിഡിസിയിലെ ഡോ. സങ്കേത് കുൽക്കർണി, മൈക്രോ ബയോളജി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ചാദിഷ് നാഗരാജൻ, കോഴിക്കോട് എൻസിഡിസിയിലെ ജോയിന്റ് ഡയറക്ടർ ഡോ. കെ. രഘു എന്നിവരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം ആരോഗ്യ, കുടുംബക്ഷേമ റീജണൽ ജോയിന്റ് ഡയറക്ടർ ഡോ. രുചി ജയ്ൻ സംഘത്തിനു നേതൃത്വം നൽകും.
ഒപ്പം മോണോക്ലോണൽ ആന്റിബോഡികളുമായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘത്തെയും നിരീക്ഷണത്തിനായി വനം മന്ത്രി പി. രാജു നിയോഗിച്ചു.