കൊച്ചി: നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിമൃഗാദികളില്‍ നിരീക്ഷണം ശക്തമാക്കി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കണ്ട്രോള് സെല്‍ തുറന്നു. പ്രത്യേക നിരീക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു.
വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍നിന്നു ശാസ്ത്രജ്ഞന്മാരുടെ വിദഗ്ധ സംഘം നിരീക്ഷണ പ്രവര്‍ത്തനങ്ങളിലുണ്ട്. പന്നികളില്‍ പനി, ശ്വാസ തടസം, ചുമ, വായ തുറന്നുപിടിച്ചുളള ശ്വാസോച്ഛാസം, ഉയര്‍ന്ന ശ്വാസനിരക്ക്, വിറയല്‍, പിന്‍കാലുകള്‍ക്ക് തളര്‍ച്ച തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കര്‍ഷകര്‍ അടുത്തുള്ള മൃഗാശുപത്രികളിലോ ഇന്‍ഫര്‍മേഷന്‍ കണ്ട്രോള് സെല്ലിലോ വിവരം അറിയിക്കണം. പക്ഷിമൃഗാദികള്‍ അസാധാരണമായി ചത്താല്‍ വിവരം അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണം.
വവ്വാലുകളും, മറ്റു പക്ഷികളും ക്ഷുദ്ര ജീവികളും പക്ഷിമൃഗാദികളുടെ ഷെഡുകളില്‍ പ്രവേശിക്കുന്നത് തടയാൻ വലകള്‍/ ഇരുമ്പു നെറ്റ് എന്നിവ ഉപയോഗിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം.
വവ്വാലുകള്‍ ഉപേക്ഷിച്ച രീതിയില്‍ കാണുന്ന കായ്കനികള്‍, മരച്ചുവട്ടില്‍ വീണുകിടക്കുന്ന മാങ്ങ പോലുളള പഴങ്ങള്‍ എന്നിവ ഉപയോഗിക്കുകയോ മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. ഷെഡിലേക്ക് മൃഗങ്ങളുടെ തീറ്റ, പുല്ല് എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിൽ അണുനശീകരണം ഉറപ്പാക്കണം. വളര്‍ത്തു മൃഗങ്ങളെ അലസമായി അഴിച്ചുവിടാതിരിക്കുകയും സുരക്ഷയുള്ള ഷെഡുകളില്‍ സംരക്ഷിക്കുകയും വേണം. കര്‍ഷകര്‍ക്ക് പരിഭ്രാന്തി വേണ്ട, എന്നാല്‍ നിതാന്ത ജാഗ്രത വേണം. കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: 0484-2351264.