കൊച്ചി: പനി ബാധിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം വടക്കൻപറവൂർ സ്വദേശിയായ 23കാരനു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണു രോഗ സ്ഥിരീകരണം. യുവാവിനെ പരിചരിച്ച മൂന്നു നഴ്സുമാർക്കും അടുത്തിടപഴകിയ ഒരു സുഹൃത്തിനും പനി ബാധിച്ചതോടെ ആരോഗ്യവകുപ്പ് കരുതൽ നടപടികൾ ശക്തമാക്കി. രോഗം കണ്ടെത്തിയ യുവാവുമായി സന്പർക്കം പുലർത്തിയിരുന്ന 311 പേർ നിരീക്ഷണത്തിലാണ്.
പനി ബാധിച്ച നാലു പേരെയും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരുടെ രക്ത, സ്രവ സാന്പിളുകൾ ആലപ്പുഴ, മണിപ്പാൽ, പൂന എന്നിവിടങ്ങളിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധനയ്ക്ക് അയച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തൊടുപുഴയ്ക്കു സമീപമുള്ള സ്വകാര്യ കോളജിൽ പഠിക്കുകയായിരുന്നു നിപ്പ ബാധിച്ച യുവാവ്. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനി കുറഞ്ഞിട്ടുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുമുള്ളതു പ്രതീക്ഷ നൽകുന്നതാണെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം 30നാണു പനി, നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറവ് തുടങ്ങിയ ലക്ഷണങ്ങളുമായി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ എംആർഐ സ്കാൻ അടക്കമുള്ള പരിശോധനകൾക്കു വിധേയനാക്കി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ലാബ് പരിശോധനയിൽതന്നെ നിപ്പ വൈറസിന്റെ സൂചനകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ് ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ളവരോടു വീടുകളിൽതന്നെ കഴിയാൻ നിർദേശം നൽകി. ജില്ലാ കണ്ട്രോൾ റൂമിൽനിന്നു ഫോണിൽ വിളിച്ച് ഇവരുടെ ആരോഗ്യനില വിലയിരുത്തി വരുന്നു. എറണാകുളം ജില്ലയ്ക്കു പുറത്തുള്ളവരെ അതത് ജില്ലകളിലും നിരീക്ഷണം നടത്തുന്നുണ്ട്. നിപ്പ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. യുവാവ് താമസിച്ചു പഠിച്ച തൊടുപുഴയിലും ഇന്റേൺഷിപ്പ് ചെയ്തിരുന്ന തൃശൂരിലും സ്വന്തം നാടായ വടക്കൻപറവൂരിലെ തുരുത്തിപ്പുറത്തും പരിശോധനകളും നിരീക്ഷണവും നടത്തിവരുന്നു. പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്നാണു നിർദേശം. മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളജുകളിലും ഐസൊലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ഏഴംഗ സംഘം കൊച്ചിയിലെത്തി.
നിപ്പ ബാധിച്ച വിദ്യാർഥിയോട് ഇടപഴകിയ എറണാകുളം, തൃശൂർ, ഇടുക്കി, കൊല്ലം ജില്ലികളിലുള്ളവരാണ് നിരീക്ഷണത്തിൽ.വിദ്യാർഥിക്കൊപ്പം പഠിച്ച കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തഴവ സ്വദേശികളായ നാലു പേരും ഇതിൽപെടുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറക്കും.
എറണാകുളം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോടുനിന്നുള്ള വിദഗ്ധസംഘവും കൊച്ചിയിലുണ്ട്.
വിവരങ്ങൾ അറിയിക്കാം
നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ എഡിസിപി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ നന്പറിൽ -0471-2732151 അറിയിക്കാം.
ഐസൊലേഷന്‍ വാര്‍ഡില്‍ അഞ്ചു പേർ
കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട പനിലക്ഷണങ്ങളോടെ അഞ്ചു പേരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. നിപ്പ പ്രതിരോധത്തിനായി രൂപീകരിച്ച കോര്‍ ഗ്രൂപ്പിന്റെ കളക്ടറേറ്റിലെ ഏകോപന യോഗത്തിനുശേഷം ഇന്നലെ രാത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെ നേരിടാനാവുമെന്നും മന്ത്രി പറഞ്ഞു.