കോഴിക്കോട്: പതിനെട്ടുപേരുടെ ജീവനപഹരിച്ച നിപ്പാ വൈറസ് ആശങ്കയില്‍ വീണ്ടും കോഴിക്കോട്. എറണാകുളം ജില്ലയില്‍ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തിലാണിത്. കോഴിക്കോട്ടും ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡിഎംഒ ഡോ. വി. ജയശ്രീയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കോഴിക്കോട് മെഡിക്കല്‍കോളജിൽ പ്രത്യേകം ഐസോലേഷൻ വാര്‍ഡ് തയാറാക്കി.
കഴിഞ്ഞ മാസംതന്നെ നിപ്പ മുന്‍കരുതലുകൾ എടുക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നതായി ഡിഎംഒ ദീപികയോട് പറഞ്ഞു. ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ യോഗം വിളിച്ചുചേര്‍ത്ത് കൂടുതല്‍ നിര്‍ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു.
നിപ്പ ബാധയുടെ സമയത്ത് കോഴിക്കോട്ട് സ്വീകരിച്ച നടപടികക്രമങ്ങളും മുന്‍കരുതലുകളും സംബന്ധിച്ചുള്ള പ്രോട്ടോകോൾ എറണാകുളത്തെ അധികൃതർക്ക് കൈമാറി. കൂടാതെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ നേതൃത്വം നല്കിയ കോഴിക്കോട് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ആര്.എസ്. ഗോപകുമാറും, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എറണാകുളത്തേക്ക് പോയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ജില്ലയിലെ മലയോരപ്രദേശമായ പേരാമ്പ്ര സൂപ്പിക്കടയിലെ സാലിഹിന്റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് അതിവേഗം തിരിച്ചറിയാന്‍ കാരണമായത്. പനിയാണ് സാലിഹിന്റെ മരണകാരണമെന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വിശദപരിശോധനാ ഫലം പുറത്തുവന്നതോടെ നിപ്പായാണെന്ന് സ്ഥിരീകരിച്ചു. പഴംതീനി വവ്വാലുകളില്‍നിന്നായിരുന്നു നിപ്പയുടെ വരവ്. നിപ്പ ബാധിച്ച 18 പേരില്‍ 16 പേര് മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. എന്നാല്‍ നവംബറില്‍ ബ്രിട്ടിഷ് മെഡിക്കൽ ജേണല്‍, ദ ജേണൽ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 21 പേരാണു മരിച്ചത്. നിപ്പാ സ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോ.ജി. അരുണ്‍കുമാര്‍, സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് എന്നിവരടങ്ങുന്ന സംഘമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
സാലിഹിനു പിന്നാലെ വീണ്ടും നിപ്പ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ക്ക് മടിയായിരുന്നു. പക്ഷികൾ കൊത്തിയതും വാവൽ കടിച്ചതുമായ പഴങ്ങൾ ഒഴിവാക്കിയും മാസ്ക് ധരിച്ചും പലയാവര്‍ത്തി കൈകഴുകിയുമാണ് ജനങ്ങൾ അക്കാലത്ത് നിപ്പയെ പ്രതിരോധിച്ചിരുന്നത്.