കൊച്ചി: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എന്നാൽ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിന്റെ സ്രവത്തിന്റെ അന്തിമ പരിശോധന ഫലം പുന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
നിപ്പ മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി കളമശേരി മെഡിക്കൽ കോളജിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഏതു സ്ഥിതിയും നേരിടാൻ സർവ സജ്ജമാണ്. നാഷണൽ ഹെൽത്ത് മിഷന്റെ ജീവനക്കാരെയും ആവശ്യമെങ്കിൽ വിനിയോഗിക്കും. കേന്ദ്രമന്ത്രിയുമായി വിവരം സംസാരിച്ചിട്ടുണ്ട്.
നിപ്പ സ്ഥിരീകരിച്ചാൽ കോഴിക്കോട് ചെയ്തപോലെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രാധാകൃഷ്ണൻ, നിയുക്ത എംപി ഹൈബി ഈഡൻ, എംഎൽഎ മാരായ എസ്. ശർമ, എം. സ്വരാജ്, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ആരോഗ്യ സെക്രട്ടറി രാജൻ ഗോബ്രഗഡെ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.