പാക്കിസ്ഥാനിലെ പട്ടാളമറപ്പുരയ്ക്കു പിന്നിൽ പതുങ്ങി ഇരുന്നുകൊണ്ട് ആ റഡാറുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു. എത്ര നാളായി ഇങ്ങനെ കുത്തിയിരിക്കുന്നു. നോക്കി നോക്കി കണ്ണുകുഴിഞ്ഞതു മിച്ചം. ഇന്നെങ്കിലും ഒരു സീൻ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ? നീ എന്തെങ്കിലും കാണുന്നുണ്ടോ? - മൂത്ത റഡാർ ശിഷ്യനോടു ചോദിച്ചു. പ്രത്യേകിച്ച് ഒന്നുമില്ല സാർ, പതിവുപോലെ കുറച്ചു മഞ്ഞും മലയും. - ശിഷ്യൻ റഡാർ മറുപടി പറഞ്ഞു.
കാലമെത്രയായി ഇങ്ങനെ കണ്ണുചിമ്മാതെ കാത്തിരിക്കുന്നു, എന്നിട്ടോ ഒളിഞ്ഞുനോട്ടക്കാരെന്ന പേരുദോഷം മാത്രം മിച്ചം! - മൂത്ത റഡാർ ആരോടെന്നില്ലാതെ പറഞ്ഞു. അതിർത്തിയിലേക്കു നോക്കിയിരുന്ന കുഞ്ഞുറഡാറുകൾ പെട്ടെന്ന് ഒന്നിളകി. “സർ, അവിടെ എന്തോ ഒരു അനക്കം’’ - എല്ലാ കണ്ണുകളും അതിർത്തിയിലേക്കു നീണ്ടു. മൂത്ത റഡാർ ചാടിയെണീറ്റു അവിടേക്കു മിഴിച്ചുനോക്കി. “ഒന്നുപോടേയ് ആളെ പേടിപ്പിക്കാതെ. അതേതോ പട്ടാളക്കാരൻ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയതാ. ദേ, നിന്റെയൊന്നും നോട്ടം അടുത്ത കാലത്തായി തീരെ ശരിയല്ല കേട്ടോ''- ആശാൻ മുന്നറിയിപ്പ് നൽകി.
“ആശാനെ ഞങ്ങൾക്ക് ആശാന്റെയത്രയും എക്സ്പീരിയൻസ് ഇല്ലല്ലോ. എങ്കിലും ഞങ്ങൾ പരമാവധി ചുഴിഞ്ഞുനോക്കുന്നുണ്ട്.’’ “ഉവ്വ്, ഉവ്വ്.. കോളജിൽ പഠിക്കുന്ന കാലംതൊട്ടേ നിന്റെ നോട്ടം ശരിയല്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്’’ - റഡാറാശാൻ ശിഷ്യനോടു പറഞ്ഞു. കഥ പറഞ്ഞിരിക്കുന്നതിനിടയിൽ ശിഷ്യൻറഡാർ വീണ്ടും ചാടിയെണീറ്റു. “ആശാനെ എന്തോ ഒന്ന് അതിർത്തി കടന്നുവരുന്നുണ്ട്. വിമാനം പോലെ എന്തോ ഒന്ന്. ക്യാന്പിലേക്കു വിളിച്ചുപറയട്ടെ.’’
“വെയ്റ്റ് വെയ്റ്റ്. ശരിക്കു നോക്കീട്ടു പറഞ്ഞാൽ മതി. ഇതുപോലെ എന്തോ കുന്തം വരുന്നുണ്ടെന്ന് ഇന്നാളു നീ വിളിച്ചുപറഞ്ഞിട്ട് കുന്തോം കണ്ടില്ല, കുടോം കണ്ടില്ല, പാട്ടാളക്കാർ പാതിരാത്രി അതിർത്തി മുഴുവൻ നിരങ്ങിയതു മിച്ചം. അന്ന് അവന്മാരുടെ തെറിമുഴുവൻ കേട്ടതു ഞാനാ’’
മൂത്ത റഡാർ അതിർത്തിയിലേക്കു സൂക്ഷിച്ചുനോക്കി, ശരിയാണ്, എന്തോ ഒന്ന് അതിർത്തി കടന്നുവരുന്നുണ്ട്. പുകമഞ്ഞ് കാരണം കാഴ്ച അത്ര പിടിക്കുന്നില്ല. ആശാൻ തന്റെ കൈത്തലം കണ്ണിനു മീതെ പിടിച്ചു ഫോക്കസ് ചെയ്തു. ശിഷ്യന്മാരെല്ലാം ആകാംക്ഷയോടെ നോക്കിയിരിക്കെ ആശാന്റെ പൊട്ടിച്ചിരി: “ഹഹ.. ഇതാണോടാ മണ്ടൻമാരെ യുദ്ധവിമാനം. സൂക്ഷിച്ചുനോക്കടാ, അതു മേഘമാടാ മേഘം, വെറും മഴമേഘം. മഴ നനയാതിരിക്കണമെങ്കിൽ വേഗം തലയിൽ തുണിയെന്തെങ്കിലും എടുത്തിട്ടോ’’. - ആശാന്റെ നിരീക്ഷണപാടവം കണ്ട് ശിഷ്യൻമാർ ബഹുമാനത്തോടെ നോക്കിനിന്നു.
ഇതൊക്കെ എന്ത് എന്ന മട്ടിൽ ശിഷ്യന്മാരെ നോക്കിയിട്ട് റഡാറാശാൻ തലയ്ക്കു കൈയും കൊടുത്തു തന്റെ സീറ്റിലേക്കു ചാഞ്ഞു. ആകാശത്തേക്കു നോക്കിനിന്ന ഒരു ശിഷ്യൻ പെട്ടെന്നാണ് ഓടിയെത്തിയത്. “ആശാനെ, ഒരു സംശയം ചോദിച്ചോട്ടെ’’.
എന്താണു കാര്യമെന്ന മട്ടിൽ ആശാൻ മുഖമുയർത്തി. “ആശാനെ ഈ മഴമേഘങ്ങൾക്ക് ഇൻഡിക്കേറ്റർ കാണുമോ?..’’ “അതെന്താ നീ അങ്ങനെ ചോദിച്ചത്.. മേഘങ്ങൾക്ക് എവിടെയാടാ ഇൻഡിക്കേറ്റർ ?’’ “ദേ, അങ്ങോട്ടുനോക്കിക്കേ, നമ്മളെ കടന്നുപോയ മഴ മേഘങ്ങളുടെയെല്ലാം ഇൻഡിക്കേറ്റർ കത്തുന്നു’’ - ശിഷ്യൻ ആകാശത്തേക്കു കൈചൂണ്ടി.
ഇതിനിടെ, മറ്റൊരു ശിഷ്യൻകൂടി ഓടിയെത്തി: ആ മോദി ചതിച്ചാശാനെ, ചതിച്ചു. മോദി പറഞ്ഞുവിട്ട മഴമേഘങ്ങളുടെ മറവിൽ വന്നതെല്ലാം വിമാനങ്ങളായിരുന്നു. അവന്മാർ മൊത്തം ബോംബിട്ടുകൊണ്ടിരിക്കുകയാണ്.’’ ഇതു കേട്ടതും റഡാറാശാൻ തലയിൽ കൈവച്ചിരുന്നുപോയി. “നമ്മൾ തീർന്നെടാ തീർന്നു. മഴമേഘങ്ങളിൽ പൊതിഞ്ഞ് യുദ്ധവിമാനമോ? ലോകത്ത് ഇന്നേവരെ കേട്ടിട്ടില്ലല്ലോ. അവന്മാരുടേതു കാഞ്ഞബുദ്ധി തന്നെ.’’
പാക് റഡാറുകൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്പോൾ ഇന്ത്യൻ മഴമേഘങ്ങൾ മോദിജിയിൽനിന്നു പതക്കങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു!
മിസ്ഡ് കോൾ
= നിയമസഭയെ കടലാസുരഹിതമാക്കാൻ പദ്ധതി.
- വാർത്ത
= കീറിയെറിയാൻ ഇനി കുപ്പായം മാത്രം ബാക്കി!