നരച്ചമുടിയുമായി പോളിംഗ് സ്റ്റേഷനിലേക്കു പോയ ചേച്ചി ഡൈ ചെയ്തു സുന്ദരിയായി പുറത്തേക്കു വന്നതു കണ്ടപ്പോൾ നാട്ടുകാർക്ക് അദ്ഭുതം! വോട്ടു ചെയ്താൽ ഗ്ലാമർ കൂടുമോ? വോട്ടർമാരെ ആകർഷിക്കാനായി ഇനി പോളിംഗ് സ്റ്റേഷനിൽ ബ്യൂട്ടി പാർലർ വല്ലതും തുറന്നോ? ബ്യൂട്ടി പാർലറിൽനിന്ന് ഇറങ്ങി നേരേ പത്രസമ്മേളനത്തിനു പോകുന്ന നേതാക്കന്മാരുള്ള നാട്ടിൽ വോട്ടു ചെയ്യുന്ന നാട്ടുകാർക്കും ഇത്തിരി ബ്യൂട്ടിഫിക്കേഷനൊക്കെ ആകാമെന്നു കമ്മീഷനു തോന്നിക്കാണും. എന്നാൽ, വോട്ട് ഷൂട്ട് ചെയ്ത വീഡിയോ കണ്ടപ്പോഴല്ലേ ഈ ബ്യൂട്ടിഫിക്കേഷന്റെ മോഡിഫിക്കേഷൻ നാട്ടുകാർക്കു പിടികിട്ടിയത്.
അതു ചേച്ചി ഡൈ ചെയ്തതല്ല, ആത്മാർഥമായിട്ട് ഇത്തിരി വോട്ടു ചെയ്തതാ. ജനാധിപത്യം തലയ്ക്കുപിടിച്ചാൽ എങ്ങനെ നരച്ചമുടി കറുക്കും എന്നതായിരിക്കും ഇപ്പോഴത്തെ സംശയം. സത്യമായിട്ടും ഇതു കറുപ്പിച്ചതല്ല, വോട്ടു ചെയ്യുന്നതിനു മുന്‍പ് വിരലിൽ പുരട്ടിയ മഷി തലയിൽ തൂത്തതാ! എന്നാലും ഇതിനും മാത്രം മഷി? വോട്ടിന്റെ എണ്ണം കൂടിയാൽ മഷിയും ഇത്തിരികൂടും അത്രതന്നെ! ഓരോ തവണ പുരട്ടിയ മഷിയും തലയിൽ തൂത്തപ്പോൾ നരച്ചമുടിയെല്ലാം കറുത്തുപോയതിന് പാവം വോട്ടറെ കുറ്റം പറയരുത്, പ്ലീസ്.
നാടുവിട്ടവർ, ഒളിച്ചോടിയവർ, കിടപ്പായവർ, വിദേശത്തു പോയവർ, പരലോകം പൂണ്ടവർ... ഇവർക്കെല്ലാം ആഗ്രഹം കാണില്ലേ ഏതെങ്കിലും ചിഹ്നത്തിന്റെ നെഞ്ചത്ത് ഒരു വോട്ടു കുത്തണമെന്ന്. സ്ഥലത്തില്ലാത്തതിന്റെ പേരിൽ ആരുടെയും വോട്ടു നഷ്ടപ്പെടരുതെന്നു കരുതി കഷ്ടപ്പെട്ടു വോട്ടുചെയ്തപ്പോൾ നിങ്ങൾ പറയുവാ, അതു കള്ളവോട്ട് ആണെന്ന്, കഷ്ടംതന്നെ.
കള്ളവോട്ടല്ല ഉള്ളവോട്ടാണ് ചെയ്തതെന്നു എത്ര പ്രാവശ്യം പറഞ്ഞു. പക്ഷേ, ആർക്കുള്ളതായിരുന്നു എന്നു മാത്രം ചോദിക്കരുത്. ഇതിനിടെ, ഒരു നേതാവിന്റെ മകൻ ഗൾഫിലാണെങ്കിലും നാട്ടിൽ വോട്ടു ചെയ്തത്രേ. വോട്ടെടുപ്പിനു മകൻ നാട്ടിലെത്തിയിരുന്നോയെന്നു ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു പിതാജിയുടെ നിഷ്കളങ്കമായ മറുപടി. മകൻ ഗൾഫിലെ കുന്പിടിയാണോയെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണ് തെരഞ്ഞെടുപ്പു കമ്മീഷനിപ്പോൾ.
കള്ളവോട്ട് എന്നല്ല ഓപ്പണ്‍ വോട്ട് എന്ന ഓമനപ്പേരിൽ വേണം ഈ വോട്ടിനെ വിളിക്കാനെന്നു പാർട്ടി പറഞ്ഞപ്പോൾ കമ്മീഷനു പോലും കണ്ഫ്യൂഷനായിപ്പോയി. ഓപ്പണ്‍ കിച്ചനിലുണ്ടാക്കിയ കാപ്പിയും കുടിച്ചുകൊണ്ട് കമ്മീഷൻ ചട്ടവും മട്ടവുമെല്ലാം പരിശോധിച്ചു, ഈ ഓപ്പണ്‍ വോട്ട് എവിടെയെന്നു കണ്ടുപിടിക്കണമല്ലോ. കമ്മീഷന്റെ പുസ്തകത്തിലൊന്നും ഇങ്ങനെയൊരു വോട്ടില്ലെന്നു തിരിച്ചറിഞ്ഞതോടെ വിവാദം ഓപ്പണ്‍ എയറിലായി. ഓപ്പണ്‍ വോട്ട് മാത്രമല്ല, മറ്റുള്ളവരുടെ കൂപ്പണ്‍ പോലീസ് മുറയിൽ പിടിച്ചുവാങ്ങി ചെയ്യുന്ന
“കൂപ്പണ്‍ വോട്ട്’’, തൊട്ടാൽ മുറിയുന്ന വെപ്പണ്‍ എളിയിൽ തിരുകിവന്നു ചെയ്യുന്ന “വെപ്പണ്‍ വോട്ട്’’, നാട്ടിലെ മൂപ്പൻ പറയുന്നിടത്തു കുത്തുന്ന “മൂപ്പൻവോട്ട്’’ എന്നിങ്ങനെ കമ്മീഷൻ അറിയാത്ത എത്രയോതരം വോട്ടുകൾ ഈ നാട്ടിൽ ഇനിയുമുണ്ട്.
ഈ ബഹളത്തിനിടയിലാണ് ഒരു വാർത്തയെത്തിയത്, കാഷ്മീരിലെ മഞ്ഞുമലകളിൽ സൈന്യം “യതി’’യുടെ കാല്പാടുകൾ പോലെയൊന്നു കണ്ടെത്തിയത്രേ. യതീ, പാർട്ടിയോടു നീ കാണിച്ചതു വലിയ ചതിയായിപ്പോയി. ഒരു രണ്ടു ദിവസം മുന്‍പ് നീ പ്രത്യക്ഷപ്പെട്ടതായി വാർത്ത വന്നിരുന്നെങ്കിൽ എല്ലാ മണ്ഡലത്തിലും ഞങ്ങൾ നിന്റെ പേരിൽ തീർച്ചയായും ഒരു വോട്ടു ചെയ്യാമായിരുന്നു. ഇനിയും നീ വരുന്പോൾ വോട്ടെടുപ്പിനു മുമ്പു വരാൻ ശ്രദ്ധിക്കുക, വെറുതെ കുറെ വോട്ടുകൾ മഞ്ഞുമലയിലെ ഓപ്പണ്‍ എയറിൽ കളയരുത്!
മിസ്ഡ് കോൾ
=ബിവറേജ് ഷോപ്പുകളിൽ മദ്യം പൊതിഞ്ഞുകൊടുക്കുന്ന പേപ്പർ വാങ്ങുന്നതിലും ക്രമക്കേട്.
- വാർത്ത
=ഉള്ള പൊതിച്ചിൽകൂടി ഇല്ലാതാക്കി നാട്ടുകാരെ നാറ്റിക്കും..