രംഗം ഒന്ന് ബസുടമയുടെ ആപ്പീസ്:
എന്തിനാടോ വന്നത്? “സാർ ബാംഗളൂർ വണ്ടിക്കു ഡ്രൈവറെ ആവശ്യമുണ്ടെന്നു കേട്ടു വന്നതാ. ഹെവി ലൈസൻസും ബാഡ്ജുമെല്ലാമുണ്ട്.’’
“അതൊന്നും വലിയ നിർബന്ധമല്ലെടോ, തനിക്ക് എക്സ്പീരിയൻസ് ഉണ്ടോ?’’ “ഉണ്ടോന്നോ അഞ്ചു വർഷമായി വളയം പിടിക്കുന്ന കൈയാ ഇത്.’’ “വളയും തളയുമൊക്കെ ആർക്കു വേണം, താൻ വടിവാൾ പിടിച്ചിട്ടുണ്ടോ?’’.. ഇല്ല സാർ.
“കന്പിപ്പാര, കല്ലേറ്, കൂന്പിനിടി അങ്ങനെ എന്തെങ്കിലും മുൻപരിചയം?’’ അയ്യോ, അതൊന്നുമില്ല സാർ.. “എങ്കിൽ ഒരു ആറു മാസം ഇതൊക്കെ പോയി പരിശീലിക്ക്. എന്നിട്ട് നാട്ടിലെ ക്വട്ടേഷൻസംഘത്തിന്റെ ഒരു ശിപാർശ കത്തും മേടിച്ചോണ്ടു വാ.. എന്നിട്ടു നമുക്കു നോക്കാം...’’
വളയംപിടിക്കാൻ വന്ന ഡ്രൈവർ വണ്ടറടിച്ചുമടങ്ങി.
രംഗം രണ്ട് നാട്ടിൻപുറം:
രാവിലെ തല്ലടാ, കൊല്ലടാ തുടങ്ങിയ ബഹളങ്ങളും നിലവിളിയും കേട്ടുകൊണ്ടാണ് വീടിനു പുറത്തേക്ക് ഇറങ്ങിയത്. അയൽപക്കത്തെ വീട്ടിൽനിന്നാണ്. ആശങ്കയോടെ പാഞ്ഞു ചെന്നപ്പോൾ വീട്ടിലെ കാർന്നോർ വിവിപാറ്റ് യന്ത്രം പോലെ വരാന്തയിൽ കുത്തിയിരിക്കുന്നു. വീട്ടിലെ പയ്യൻ എങ്ങോട്ടോ യാത്രയ്ക്കുള്ള പുറപ്പാടാണ്, കൈയിലൊരു ബാഗുമുണ്ട്! വീട്ടുകാരായ ഏതാനും സ്ത്രീജനങ്ങൾ പയ്യന്റെ മുന്നിൽ ക്യൂനിന്നു നിലവിളിക്കുന്നു, നെഞ്ചത്തടിക്കുന്നു. വോട്ടിംഗ് മെഷീൻ കേടായ പോളിംഗ് ബൂത്തിലെ അന്തരീക്ഷം. പയ്യന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ തോന്നി, ലവനാണ് സംഭവത്തിലെ കേടായ വോട്ടിംഗ് മെഷീൻ! ആകാംക്ഷയോടെ പയ്യനെ തൊട്ടുവിളിച്ചു: എന്താ പ്രശ്നം? തൊട്ടുവിളിച്ചതു പയ്യനെയാണെങ്കിലും ചിഹ്നം തെളിഞ്ഞത് അവന്റെ കുഞ്ഞമ്മയുടെ മുഖത്താണ്: “എന്റെ സാറേ ഇവനിപ്പോൾ ഇതിന്റെ കാര്യമുണ്ടോ... ഇവിടെ ആകെയുള്ള ആണ്തരിയാണ്. ഇവനെന്തെങ്കിലും സംഭവിച്ചാൽ..’’
എത്തുംപിടിയും കിട്ടാത്ത പോളിംഗ് ഓഫീസറെ പോലെ നാട്ടുകാരൻ വോട്ടിംഗ് മെഷീനെ ഒന്നുകൂടി നോക്കി. അവന്റെ മുഖത്തു വിവിപാറ്റ് സ്ലിപ്പിലെ ചിഹ്നം പോലെ ചെറിയൊരു ചിരിവിടർന്നു, ഉടനെ കൊഴിഞ്ഞു. ബഹളം കേട്ട് എത്തിയ അയൽക്കാരിൽ ചിലർ പോളിംഗ് ഏജന്റുമാരെപ്പോലെ എല്ലാവരെയും വാച്ച് ചെയ്തു ചുറ്റിപ്പറ്റി നിൽക്കുന്നു. ഇവരുടെ ബഹളം കേട്ടിട്ട് പയ്യനെന്തോ അത്യാഹിതത്തിലേക്ക് എടുത്തുചാടാൻ നിൽക്കുവാണോയെന്നൊരു സംശയം. വീണ്ടും കുഞ്ഞമ്മയോടു ചോദിക്കാനൊരുങ്ങിയപ്പോൾ വോട്ടിംഗ് മെഷീനിൽനിന്ന് ഒരു ബീപ് ശബ്ദം: ചേട്ടാ, ഇവിടെ പ്രശ്നമൊന്നുമില്ല. ഞാൻ അവധി കഴിഞ്ഞ് ബസിൽ ബാംഗളൂർക്കു പോകുവാണെന്നു പറഞ്ഞപ്പോൾ തുടങ്ങിയ ബഹളമാ!
“ആഹാ, അത്രേയുള്ളോ.. ഇതിനാണോ ഈ തല്ലിയലേം നിലവിളീം!’’
“സാറിനതു പറയാം, ഞങ്ങൾക്ക് ആകെയുള്ള ആണ്തരിയാ, തല്ലാനും കൊല്ലാനുമൊന്നും വിട്ടുകൊടുക്കാൻ പറ്റില്ല..- കുഞ്ഞമ്മ കരച്ചിലിന്റെ വോള്യം കൂട്ടി. പയ്യൻ “തല്ലടാ ട്രാവൽസി’’ലാണ് യാത്രയെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയതാണത്രേ ഇവരുടെ തല്ലിയലച്ചുള്ള കരച്ചിൽ.
തെരഞ്ഞെടുപ്പ് വരെ സീറ്റ് കിട്ടാത്തതിന്റെ പേരിൽ അടികൂടൽ. ഇപ്പോൾ സീറ്റ് കിട്ടിയതിന്റെ പേരിൽ അടികിട്ടൽ!
രംഗം മൂന്ന് ബസ് സ്റ്റാൻഡ്:
ബാംഗളൂർക്കുള്ള “തല്ലടാ ട്രാവൽസ്’’ സർവസന്നാഹങ്ങളുമായി ഉടൻ പുറപ്പെടുന്നു. യാത്രക്കാർക്കുള്ള പ്രത്യേക മുന്നറിയിപ്പ്, എല്ലാവരും നിർബന്ധമായും ഹെൽമറ്റ് വയ്ക്കേണ്ടതാണ്. ബുള്ളറ്റ് പ്രൂഫ് ധരിച്ചാൽ കൂടുതൽ നല്ലത്. മൂത്രമൊഴിക്കേണ്ടവർ കുപ്പി കരുതണം. വണ്ടി കേടായാൽ മാത്രമേ ഇടയ്ക്കു നിർത്തൂ. അപ്പോൾ തടി കേടാകാതെ നോക്കേണ്ടതു യാത്രക്കാരുടെ സ്വന്തം ഉത്തരവാദിത്വമാണ്. നന്ദി, ഏവർക്കും ശുഭയാത്ര!
മിസ്ഡ് കോൾ
വോട്ടെടുപ്പിനു പൊട്ടിച്ചിരിച്ച മുഖ്യമന്ത്രി പിറ്റേന്നു പൊട്ടിത്തെറിച്ചു.
- വാർത്ത
എങ്കിൽ പ്രതീക്ഷിക്കാം ഒരു പൊട്ടിക്കരച്ചിൽ!