കോട്ടയം: കോട്ടയത്തെ തലയെടുപ്പുള്ള കേരള കോണ്ഗ്രസ് ആസ്ഥാന മന്ദിരത്തിലേക്ക് ഇന്നലെ പുലർച്ചെ കെ.എം. മാണിയുടെ മൃതദേഹം എത്തിച്ചപ്പോൾ അത് ചരിത്രത്തിന്റെ യാത്രാമൊഴിയായി.
കൊടിവച്ച സ്റ്റേറ്റ് കാറിൽ അതല്ലെങ്കിൽ എംഎൽഎ ബോർഡുള്ള കാറിൽ പാർട്ടി ഓഫീസിന്റെ പോർച്ചിലേക്ക് മുൻപൊക്കെ പാഞ്ഞെത്തിയിരുന്ന ആളാണു കെ.എം. മാണി. അതേ വേഗത്തിൽ ബംഗ്ലാവിന്റെ താഴത്തെ നിലയിൽ ചെയർമാൻ കെ.എം. മാണി എന്നു ബോർഡുള്ള മുറിയിലേക്ക് ഓടുന്ന മാണി.
വയസ്കരക്കുന്നിലെ സ്വാമി ബംഗ്ളാവ് എന്നറിയപ്പെടുന്ന പാർട്ടി ഓഫീസിന്റെ ചവിട്ടുപടികളിലൂടെയുള്ള മാണിയുടെ ഓരോ കയറിയിറക്കവും കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലുമൊരു ചലനം സൃഷ്ടിച്ചിരുന്നു. ലയനം, പിളർപ്പ്, ഭിന്നത, സമ്മേളനങ്ങൾ, ജാഥകൾ തുടങ്ങി പലതും. സീറ്റ് ചർച്ചകൾ, സ്ഥാനാർഥി നിർണയം, ഇലക്ഷൻ ചർച്ചകൾ, സ്ഥാനം, പദവി വീതംവയ്ക്കൽ തുടങ്ങി ഒളിഞ്ഞും തെളിഞ്ഞും എത്രയെത്ര യോഗങ്ങൾക്ക് ഈ മന്ദിരം സാക്ഷ്യം വഹിച്ചു. അവിടെ ഇന്നലെ മാണി എത്തിയതു ചേതനയറ്റ ശരീരമായി.