പാലാ: അന്തരിച്ച കെ.എം. മാണിക്കു മലങ്കര കത്തോലിക്ക സഭയുടെ ആദരം. ഇന്നലെ സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ വീട്ടിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് മാർ ഏബ്രഹാം മാർ യൂലിയോസ്, ബിഷപ് ജോസഫ് മാർ തോമസ്, ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ബിഷപ് സാമുവൽ മാർ ഐറേനിയോസ്, തിരുവല്ല അതിരൂപത വികാരി ജനറാൾ ഫാ. ചെറിയാൻ താഴമണ്‍, കോട്ടയം മേഖല വികാരി റവ.ഡോ. റെജി മനയ്ക്കലേട്ട്, കോട്ടയം മേഖലയിലെ വൈദികർ എന്നിവരും പ്രാർഥനാ ശുശ്രൂഷയിൽ പങ്കെടുത്തു. പ്രാർഥനയ്ക്കുശേഷം കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ.മാണി എംപി, മറ്റു മക്കൾ, ബന്ധുക്കൾ എന്നിവരെ ആശ്വസിപ്പിച്ചതിനുശേഷമാണ് സഭാ മേലധ്യക്ഷൻമാർ മടങ്ങിയത്.