പാലാ: പാലായുടെ മാണിക്യം ഇനി കേരളത്തിന്റെ ഓർമകളിലെ മാണിക്യം. ""ഇല്ലായില്ല, മരിക്കില്ല... മാണിസാർ മരിക്കില്ല...'' എന്ന പ്രവർത്തകരുടെ മുദ്രാവാക്യഘോഷങ്ങൾക്കിടെ, ഇന്നലെ വൈകുന്നേരം 6.45നു പാലാ സെന്റ് തോമസ് കത്തീഡ്രലിലെ 1025-ാം നന്പർ കല്ലറയിൽ കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായന്റെ ജീവിതയാത്രയ്ക്കു വിരാമം. മാണിസാർ ഇനി ജനഹൃദയങ്ങളിലെ ഓർമതാരകം.
കെ.എം. മാണിക്ക് അന്ത്യോപചാരം അർപ്പിക്കാനും നിറമിഴികളോടെ യാത്രയേകാനും ഇന്നലെ പാലായിലെ വസതിയിലും പാലാ കത്തീഡ്രലിലും എത്തിച്ചേർന്നതു പതിനായിരങ്ങളാണ്. കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനത്തിനു ശേഷം പുലർച്ചെ മൂന്നിനു കോട്ടയത്തെ പാർട്ടി ഓഫീസിൽനിന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ ലക്ഷ്യമാക്കി നീങ്ങി. മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, ജന്മനാടായ മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിൽ കാത്തു നിന്ന പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങി പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോൾ സമയം രാവിലെ 7.10. അപ്പോഴേക്കും വീടും പരിസരവും ജനസമുദ്രമായി മാറിയിരുന്നു.
ഇടതടവില്ലാതെ ഒഴുകിയെത്തിയവർ അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നു. രാഷ്ട്രീയകേരളത്തിലെ പ്രമുഖരും എത്തിത്തുടങ്ങിയതോടെ കരിങ്ങോഴയ്ക്കൽ വീടിനു മുന്നിലെ തിരക്കു വർധിച്ചു. പോലീസ് സന്നാഹത്തിനു നിയന്ത്രിക്കാവുന്നതിനപ്പുറമായി തിരക്ക്. യുഡിഎഫിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ എന്നിവർ തങ്ങളുടെ സഹപ്രവർത്തകനെ അവസാനമായി ഒരിക്കൽകൂടി കാണാൻ ഇന്നലെ ഉച്ചയ്ക്ക് ആ വീട്ടിലേക്കു വീണ്ടുമെത്തി. തൊട്ടുപിന്നാലെ കോണ്ഗ്രസിന്റെ മുതിർന്ന നേതാവായ എ.കെ. ആന്റണിയുമെത്തി.
ജനങ്ങളുടെ ഒഴുക്കു നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് 12.15നു ഗേറ്റ് പോലീസ് അടച്ചു. തുടർന്നു ഒരു ഗേറ്റ് വഴി മാത്രമാണു സന്ദർശകരെ കടത്തിവിട്ടത്.
ഉച്ചകഴിഞ്ഞ് 1.48നു പോലീസ് സേനയുടെ ആദ്യഘട്ട ഗാർഡ് ഓഫ് ഓണർ നൽകി. രണ്ടിനു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്കു തുടക്കമായി. പാലായുടെ സുഗന്ധവും സൂര്യനുമായിരുന്ന കെ.എം. മാണിയുടെ അസാന്നിധ്യം എന്നും വേദനയായിരിക്കുമെന്ന് അനുശോചന പ്രസംഗത്തിൽ മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കരിങ്ങോഴയ്ക്കൽ വസതിയിൽനിന്നുള്ള മാണിസാറിന്റെ അവസാന യാത്രയ്ക്കു 3.10നു തുടക്കമായി. കുഞ്ഞുമാണിയെ മാണിസാറാക്കിയ, മാണി പൊന്നുപോലെ കാത്തുപരിപാലിച്ച പാലായുടെ വിരിമാറിലൂടെ, നിറമിഴികളുമായി കാത്തുനിന്ന ജനസഹസ്രങ്ങളെ സാക്ഷിയാക്കി യാത്ര. വീടു മുതൽ പള്ളി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞുനിന്നു. അന്നുവരെ മാണിസാറിന്റെ വിജയത്തിനും അനുമോദനങ്ങൾക്കും ഇടംപിടിച്ച പാതയോരങ്ങളിലും വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലും ആദരാഞ്ജലിയർപ്പിച്ചുള്ള ബോർഡുകൾ നിറഞ്ഞിരുന്നു. പാർട്ടി കൊടികളുടെ സ്ഥാനത്ത് കറുത്തകൊടികൾ.
കെ.എം. മാണിയുടെ മൃതദേഹം എത്തുംമുന്പേ, കത്തീഡ്രലും പരിസരവും ആൾത്തിരക്കിലലിഞ്ഞിരുന്നു. വിലാപയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും അടക്കമുള്ളവർ മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം പിടിച്ചു മുന്നിൽ നീങ്ങി. മരുമക്കളും കൊച്ചുമക്കളും ബന്ധുക്കളും പിന്നിൽ. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം സെമിത്തേരിയിലേക്കു നീങ്ങിയപ്പോഴും ഇവർ പേടകം കൈകളിലേന്തി.
സെമിത്തേരിയിൽ എത്തിച്ച മൃതദേഹത്തിനു സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതിയായ പോലീസ് സേനയുടെ രണ്ടാം ഘട്ട ഗാർഡ് ഓഫ് ഓണർ നല്കി. തുടർന്ന്, സമാനതകളില്ലാത്ത ജനനേതാവിനു ഭാര്യ കുട്ടിയമ്മയുടെയും മക്കളുടെയും അന്ത്യചുംബനം. പിന്നീടു കത്തീഡ്രലിലെ 1025-ാം നന്പർ കല്ലറയിൽ അന്ത്യവിശ്രമം.