പാലാ: ആധുനിക പാലായുടെ ശില്പിയും അമരക്കാരനുമായ കെ.എം. മാണിസാറും പാലായുടെ ഗുരുശ്രേഷ്ഠൻ പുത്തേട്ട് പി.കെ. മാണിസാറും ഒരു പോലെ പാലാക്കാർക്ക് ഓർമയാവുകയാണ്.
രണ്ടു പേരും അയൽക്കാർ, ഒരേ ആദർശത്തിന്റെ സൂക്ഷിപ്പുകാർ, പരസ്പരം ആദരിക്കുന്നവർ. ഒരാൾ രാഷ്ട്രീയ ആചാര്യൻ. രണ്ടാമത്തെയാൾ പാലാ സെന്റ് തോമസ് കോളജ് കെമിസ്ട്രി വിഭാഗം ആദ്യകാല അധ്യാപകൻ. ഈ രണ്ട് മഹത് വ്യക്തികളുടെ വേർപാട് പാലാക്കാർക്ക് ഒരുപോലെ വേദനയാണ്. പുത്തേട്ട് മാണിസാർ തന്റെ 106-ാം വയസിലാണു യാത്രയാവുന്നത്.
ഓർമകളുടെ ചെപ്പു തുറന്ന് പാലാക്കഥകളാൽ തന്നെ സമീപിക്കുന്നവരെ വിസ്മയം കൊള്ളിച്ചിരുന്ന പുത്തേട്ട് മാണിസാറിന് ആയിരക്കണക്കിന് ശിഷ്യഗണങ്ങളും അധ്യാപക സുഹൃത്തുക്കളുമുണ്ട്. 1950 ൽ പാലാ കോളജ് രൂപംകൊള്ളുന്പോൾ അതിന്റെ സ്ഥാപകനായ, പാലായുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിനോടൊപ്പം മുൻപിൽ നിന്നും പ്രവർത്തിച്ചവരിൽ പ്രധാനിയാണ് പി.കെ. മാണിസാർ. കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ ആരംഭകാല അധ്യാപകനും പിന്നീട് വകുപ്പ് അധ്യക്ഷനുമായിരുന്നു. പാലാ കോളജിൽ 1950 മുതൽ നാലു വർഷക്കാലം കായികവകുപ്പിന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിരുന്നത് പി.കെ. മാണിയായിരുന്നു.
1954 ൽ കുറച്ചുകാലം പാലാ മുനിസിപ്പൽ കൗണ്‍സിലറായി നാടിനു സേവനം ചെയ്യാനുള്ള അവസരവും ലഭിച്ചു. ചിട്ടയായ ദിനചര്യയും ഉചിതമായ ഭക്ഷണ രീതിയും വ്യായാമവുമാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുമായിരുന്നു.