പാലാ: ഞായറാഴ്ചകളിൽ പാലാ കത്തീഡ്രലിൽ ഭാര്യ കുട്ടിയമ്മയോടൊപ്പം എത്തി രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പതിവ് മാണിസാർ മുടക്കിയിരുന്നില്ല. മദ്ബഹയുടെ ഇടതുഭാഗത്ത് മുൻ ബഞ്ചിൽ ഒന്നാമതായിരുന്നു മാണിസാറിന്റെ കൈകൂപ്പിയുള്ള ഇരിപ്പ്. മന്ത്രിയായാലും എംഎൽഎയായാലും ഇതാണ് മാണിയുടെ ഇടം. ഓശാന ഞായറാഴ്ചകളിൽ പാലാ രൂപതാധ്യക്ഷൻ അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുത്ത് ബിഷപ്പിൽനിന്ന് ഒന്നാമതു കുരുത്തോല വാങ്ങുന്നതും മാണിയുടെ പതിവായിരുന്നു. അടുത്ത ഞായറാഴ്ച ഓശാനപ്പെരുന്നാളിന് കെ.എം. മാണി എന്ന ഇടവകക്കാരൻ എത്തില്ല.
ഞായറാഴ്ചകളിൽ കുർബാന കഴിഞ്ഞു പുറത്തിറങ്ങിയാൽ പള്ളിയിലെത്തിയവരോടെല്ലാം മാണിയുടെ കുശലാന്വേഷണം പതിവാണ്. സ്വകാര്യം പറയാനുള്ളവരെ പള്ളിമുറിയുടെ അരുകിലെ തണലിലേക്ക് കെട്ടിപ്പിടിച്ചുകൊണ്ടുപോകും. ജനുവരിയിൽ പാലാ വലിയ പള്ളിയിലെ ദനഹാ തിരുനാളും ജൂബിലി തിരുനാളും മാണിസാർ മുടക്കിയിരുന്നില്ല. ദനഹാ തിരുനാളിലെ സുറിയാനി കുർബാനയിൽ പങ്കെടുക്കുന്നതിലും പതിവു തെറ്റിച്ചിരുന്നില്ല. ജനുവരി 30നു തന്റെ ജൻമദിനത്തിൽ ഒരു കുർബാനയ്ക്കുള്ള പണം വികാരിയെ ഏൽപ്പിക്കുക പതിവായിരുന്നു.
മുരിങ്ങൂർ ഡിവൈൻ, ഭരണങ്ങാനം അസീസി, മഞ്ഞുമ്മേൽ എന്നിവിടങ്ങളിലെവിടെയെങ്കിലും വർഷത്തിൽ രണ്ടു തവണ ധ്യാനത്തിലും പങ്കെടുത്തിരുന്നു.
""നിങ്ങൾക്കെന്റെ കൂപ്പുകൈ''
പാലാ: നിങ്ങൾക്കെല്ലാവർക്കും എന്റെ വിനീതമായ കൂപ്പുകൈ. ഇത് മാണിസാറിന്റെ തനതു ശൈലി. മരണം, വിവാഹം, മാമോദീസാ, പുതിയ വീടിന്റെ പാലുകാച്ചൽ എന്തുമാകട്ടെ മാണി സാറില്ലാത്ത ഒരു ചടങ്ങും പാലാക്കാർക്കില്ല. മാണിസാർ എത്തിയിരുന്നോ എന്നതാണ് ഏതു ചടങ്ങിലും പാലായിലെ സംസാരം.
പ്രിയ മാതാപിതാക്കളെ,സഹോദരീസഹോദരൻമാരെ, സുഹൃത്തുക്കളെ നിങ്ങൾക്കെല്ലാവർക്കും എന്റെ വിനീതമായ കൂപ്പുകൈ. ഏതു വേദിയിലും മാണിസാറിന്റെ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. തുടർന്ന് എത്രസമയം വേണമെങ്കിലും പ്രസംഗിക്കും. അതു പാലാക്കാർ ശ്രദ്ധാപൂർവം കേട്ടിരിക്കും. ഓരോ പരിപാടിക്കും അതിനു ചേർന്നുള്ള ശൈലിയിലാണ് പ്രസംഗം.
സാംസ്കാരിക പരിപാടിയാണെങ്കിൽ പാലാ നാരായണൻനായരുടെ കവിത ചൊല്ലും. ബൈബിളും ഭഗവത്ഗീതയും ഒക്കെ പ്രസംഗത്തിൽ വരും. കെപസിസി പ്രസിഡന്റ് നയിച്ച ജനമഹായാത്രയിലാണ് ഒടുവിൽ പ്രസംഗിക്കാനെത്തിയത്.
വീടുപോലെ പാർട്ടി ഓഫീസും
കോട്ടയം: കരിങ്ങോഴയ്ക്കൽ വീടുകഴിഞ്ഞാൽ മാണിസാറിനു പ്രധാനം കോട്ടയത്തെ വയസ്കരയിലെ കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. പാർട്ടി ഓഫീസ് എന്റെ സ്വന്തം വീടാണെന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്.
ഓഫീസിന്റെ താഴത്തെ നിലയിലാണ് പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ ഓഫീസ് റൂം. മന്ത്രിയായിരിക്കെയും ഗസ്റ്റ് ഹൗസിലൊന്നും താമസിക്കാതെ പാർട്ടി ഓഫീസിലാണ് വിശ്രമിക്കാൻ എത്തുന്നത്. ഓഫീസ് സെക്രട്ടറി കൂടിയായ ബാബു ഓടിയെത്തും. പാർട്ടി ഓഫീസിന്റെ പ്രവർത്തനങ്ങളും പാർട്ടിയുടെ പ്രവർത്തനങ്ങളും അന്വേഷിക്കും. ജില്ലാ പ്രസിഡന്റിനെയും ചുമതലയുള്ള മറ്റു നേതാക്കളെയും വിളിക്കും. എല്ലാ കാര്യങ്ങളും ഭംഗിയായിട്ടാണോ നടക്കുന്നതെന്ന് അന്വേഷിക്കും. പോരായ്മയുണ്ടെങ്കിൽ നിർദേശങ്ങൾ നൽകും.
ഓഫീസിനു പുറത്തിറങ്ങുന്ന മാണിസാർ സമയമുണ്ടെങ്കിൽ ഓഫീസിനു ചുറ്റും ഒന്നു നടക്കും. ഈസമയം നിലക്കടലയുമായി ബാബു ഓടിയെത്തും. കുന്പിളിൽ കിട്ടിയ നിലക്കടല കൊറിച്ചതിനു ശേഷമായിരിക്കും മടക്കം.
അൽഫോൻസാമ്മയിൽ ആശ്വാസം തേടി
കോട്ടയം: ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിക്കുന്ന പതിവ് കെ.എം. മാണി മുടക്കിയിട്ടില്ല. റോമിൽ നടന്ന അൽഫോൻസാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ അൾത്താരയിലേക്കുള്ള പ്രദക്ഷിണത്തിൽ മെഴുകുതിരി കൈകളിലേന്തിയതു മാണിയാണ്.ആഴ്ചയിൽ ഒരിക്കലെങ്കിലും ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിങ്കലെത്തി പ്രാർഥിക്കുന്ന പതിവ് അദ്ദേഹം അവസാന കാലം വരെ മുടക്കിയിരുന്നില്ല. അടുത്ത നാളിൽ രോഗം കലശലായപ്പോൾ മിക്കദിവസങ്ങളിലും മാണി പുണ്യവതിയുടെ കബറിടത്തിലെത്തിയിരുന്നു.