കോട്ടയം: ജനനായകൻ കെ.എം. മാണിക്ക് അന്തിമോചാരമർപ്പിക്കാൻ എറണാകുളം മുതൽ പാലാ വരെ അനേകായിരങ്ങൾ പാതയോരങ്ങളിൽ തിക്കിത്തിരക്കി.
ലേക് ഷോർ ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ 10.10ന് കെയുആർടിസിയുടെ പ്രത്യേക ബസിൽ സംവഹിച്ച മൃതദേഹം തൃപ്പൂണിത്തുറ, വൈക്കം, തലയോലപ്പറന്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി നിശ്ചിതസമയത്തിന് 12 മണിക്കൂർ വൈകി രാത്രി ഒരുമണിയോടെ കോട്ടയത്ത് എത്തിച്ചു. ആബാലവൃന്ദം ജന ങ്ങൾ തിരുനക്കരയിൽ കാത്തു നിന്നിരുന്നു.
കെ.എം. മാണിയുടെ രാഷ്ട്രീയ തട്ടകമായിരുന്ന കേരള കോണ്ഗ്രസിന്റെ ജനനം പ്രഖ്യാപി ക്ക പ്പെട്ട തിരുനക്കര മൈതാനത്തും ജനാവലി മാണിക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.
മണർകാട്, അയർക്കുന്നം, കിടങ്ങൂർ എന്നിവിടങ്ങളിൽ രാവു പകലാക്കി ജനം കാത്തുനിന്നു. മൃതദേഹം പാലായിലെ വസതിയിലെത്തിച്ചപ്പോഴേക്കു പുലർ ച്ചെ ആയിരുന്നു. കേരളത്തിലൊരു രാഷ്ട്രീയ നേതാവിനു ലഭിക്കാവുന്ന അത്യപൂർവമായ യാത്രാമൊഴിയുടെ നേർക്കാഴ്ചയായിരുന്നു ഇന്നലെ എറണാകുളം, കോട്ടയം പാതകളിൽ തിങ്ങിനിറഞ്ഞ മനുഷ്യസമുദ്രം. അഞ്ചര പതിറ്റാണ്ട് മാണി അർപ്പിച്ച ജനസേവനത്തിനു നൽകിയ ആദരവായിരുന്നു ജനലക്ഷങ്ങള് അർപ്പിച്ച അന്തിമോപചാരം.
മൃതദേഹം വഹിച്ച ലോഫ്ളോർ ബസിൽ മകൻ ജോസ് കെ മാണി എംപി, ചെറുമകൻ കുഞ്ഞുമാണി, പാർട്ടി എംഎൽഎമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ഡോ.എൻ ജയരാജ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, കേരള കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജോയി എബ്രഹാം എന്നിവരുമുണ്ടായിരുന്നു. മാണിയുടെ സഹധർമിണി കുട്ടിയമ്മയും കുടുംബാംഗങ്ങളും ബന്ധുക്കളും ഇന്നലെ രാവിലെ പാലായിലെ വസതിയിൽ മടങ്ങിയെത്തിയിരുന്നു.
നൂറു കണക്കിനു വാഹനങ്ങളിലായി നേതാക്കളും പാർട്ടി പ്രവർത്തകരും മാണിയുടെ മൃതദേഹത്തെ അനുധാവനം ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു കടുത്തുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ,സി. രവീന്ദ്രനാഥ്, കെ.രാജു, വി.എസ്. സുനിൽകുമാർ, കെ. കൃഷ്ണൻകുട്ടി, എ.കെ. ബാലൻ, എ.കെ. ശശീന്ദ്രൻ, കോണ്ഗ്രസ് നേതാവ് പി.സി. ചാക്കോ എന്നിവർ അന്തിമോപചാരമർപ്പിച്ചു. തിരുനക്കര മൈതാനത്തു ദീപികയ്ക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ റീത്ത് സമർപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ മലങ്കര കത്തോലിക്കാസഭയിലെ ബിഷപ്പുമാർ ഒപ്പീസ് ചൊല്ലും.
2.15ന് കരിങ്ങോഴയ്ക്കൽ വസതിയിൽ സംസ്കാരശുശ്രൂഷകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികനാകും. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പാലാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരാകും.
പള്ളിയിലെ സംസ്കാരശുശ്രൂഷകൾക്ക് മാർ ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനാകും. മാർ ജോസഫ് കല്ലറങ്ങാട്ട് സഹകാർമികനായിരിക്കും. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രസംഗിക്കും. തുടർന്ന് പാരിഷ് ഹാളിൽ അനുശോചന സമ്മേളനം.
കൊട്ടാരമറ്റം, ബിഷപ്സ് ഹൗസ്, പൊൻകുന്നം റോഡിലെ വലിയ പാലം വഴിയാണു വിലാപയാത്ര സെന്റ് തോമസ് കത്തീഡ്രലിലേക്കു പോകുന്നത്.