കോട്ടയം: ചരൽക്കുന്നിലെ പാർട്ടി ക്യാന്പുകളിൽ ബ്ലാക്ക് ബോർഡും ചോക്കുമായി ക്ലാസെടുത്തിരുന്ന കെ.എം. മാണി. അധ്വാന വർഗസിദ്ധാന്തം, ആലുവ പ്രമേയം, നേതൃപാടവം, പാർട്ടി കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ക്യാന്പുകളിൽ യൂത്ത്ഫ്രണ്ട്, കെഎസ്സി പ്രവർത്തകർ. ഒട്ടേറെ യുവനേതാക്കളെ വളർത്തിയ ഈ ക്യാന്പുകളിലെത്തിയ പാർട്ടി വിദ്യാർഥികൾ മികച്ച അധ്യാപകനു സമ്മാനിച്ച പേരാണ് മാണിസാർ.
60 തികഞ്ഞ നേതാക്കൾവരെ പഴയ കാലങ്ങളിലെ ചരൽക്കുന്നു ക്യാന്പുകളിൽ മാണി സാറിന്റെ വിദ്യാർഥികളായി പഠിതാക്കളായിട്ടുണ്ട്. ഈപ്പൻ ജേക്കബ്, തോമസ് കല്ലന്പള്ളി, മാത്യു സ്റ്റീഫൻ, തോമസ് ഉണ്ണിയാടൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവരൊക്കെ വിവിധ കാലങ്ങളിൽ ഈ ക്യാന്പുകളിലൂടെ വളർന്നവരാണ്. കേരള കോണ്ഗ്രസ് ക്യാന്പുകളുടെ സ്ഥിരം വേദിയായിരുന്ന ചരൽക്കുന്നിൽ വർഷം രണ്ടും മൂന്നും ക്യാന്പുകളുണ്ടാകും. ഓരോ ക്യാന്പിലും ഇരുന്നൂറു പേർ വരെ പങ്കെടുക്കും. മൂന്നു ദിവസം നീളുന്ന ക്യാന്പിൽ മാണിയുടെ അസാമാന്യമായ പ്രസംഗപാടവത്തിലും വ്യക്തിവൈഭവത്തിലും ആകൃഷ്ടരായി യുവനേതാക്കൾ വളർന്നുവന്നു. അങ്ങനെ കേരള രാഷ്ട്രീയത്തിലെ മാണി പാർട്ടിവിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പ്രിയപ്പെട്ട മാണി സാറായി.