കൊച്ചി: കേരളരാഷ്ട്രീയത്തിലെ അതികായനും മുൻ മന്ത്രിയുമായ കെ.എം. മാണിക്ക് കണ്ണീരോടെ കൊച്ചി വിട ചൊല്ലി. ലേക്ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 9.30ന് ബന്ധുക്കളും പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങിയശേഷം ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചതിലും ആളുകൾ പൊതുദർശനത്തിനെത്തിയതോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുന്പ് നിശ്ചയിച്ചിരുന്നതിലും ഒരുമണിക്കൂറോളം വൈകിയാണ് കൊച്ചിയിൽ നിന്നു പുറപ്പെട്ടത്. ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ. മാണി, മക്കൾ, മരുമക്കൾ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. 10.15ന് പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിലേക്ക് കയറ്റിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് പ്രിയ നേതാവിന് വിട ചൊല്ലിയത്.
രാവിലെ 7.30 മുതൽ ആശുപത്രിയിലേക്ക് പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൽദോസ് കുന്നപ്പിള്ളി, എൻ. ജയരാജ്, ഹൈബി ഈഡൻ, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, മുൻ മന്ത്രി കെ. ബാബു, മുസ്ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് തങ്ങൾ, ജോസഫ് വാഴയ്ക്കൻ, പി.സി. വിഷ്ണുനാഥ്, മുൻ എംപി കെ.പി. ധനപാലൻ, ടി.യു. കുരുവിള, കേരള കോണ്ഗ്രസ് നേതാക്കളായ തോമസ് ഉണ്ണിയാടൻ, തോമസ് ചാഴികാടൻ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
പ്രവർത്തകരെ നിയന്ത്രിക്കാൻ ആശുപത്രിയിലും പരിസരത്തുമായി വൻ പോലീസ് സേനയേയും വിന്യസിച്ചിരുന്നു. തുടർന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകന്പടിയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി. കുണ്ടന്നൂർ, മരട്, വൈറ്റില, തൃപ്പൂണിത്തുറ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരവധി ആളുകൾ എത്തി.