കോട്ടയം: ഭാരതകേസരി മന്നത്തു പത്മനാഭൻ 1964ൽ കേരള കോണ്‍ഗ്രസിനു തിരിതെളിച്ച തിരുനക്കര മുറ്റത്ത് പാർട്ടിയെ ഇക്കാലമത്രയും നയിച്ച പ്രമുഖ നേതാവായ മാണിയുടെ മൃതദേഹം എത്തിച്ചപ്പോൾ പാർട്ടി വടവൃക്ഷത്തിലെ വലിയ ഇല അടർന്നു. കെ.എം. മാണീ നേതാവേ, ധീരതയോടെ നയിച്ചോളൂ എന്നു വിളിച്ചവർ കെ.എം. മാണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു വിളിച്ചു.
ആയിരങ്ങളുടെ മനസ് അതു ശരിയെന്ന് ഏറ്റുചൊല്ലി. കേരള കോണ്‍ഗ്രസിന്റെ 55 വർഷത്തെ പ്രയാണത്തിൽ എത്രയെത്ര സംഭവങ്ങൾക്ക് ഇതേ വേദി സാക്ഷ്യം വഹിച്ചിരിക്കുന്നു.
പാർട്ടിയുടെ നൂറുകണക്കിനു സമ്മേളനങ്ങൾ, പിളർപ്പുകൾ, ലയനങ്ങൾ എന്നിവയ്ക്കെല്ലാം വേദിയായ ഇടം. കെ.എം. മാണി ആയിരം സമ്മേളനങ്ങളിലെങ്കിലും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ ഒട്ടേറെ റാലികളും പ്രകടനങ്ങളും ഈ മൈതാനത്തിനു വട്ടം ചുറ്റിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഇത്രത്തോളം കരുത്തും കരുതലും പകർന്ന മറ്റൊരു വേദിയില്ല. ഇവിടെ പ്രസംഗിക്കാത്ത കേരള കോണ്‍ഗ്രസ് നേതാക്കളുമില്ല.
ഘനഗാംഭീര്യമായ ശബ്ദത്തിൽ നൂറുകണക്കിനു പാർട്ടി പ്രവർത്തകർക്കു ആവേശം പകർന്ന ലീഡറുടെ ചേതനയറ്റ മൃതദേഹം തിരുനക്കരയെത്തിയപ്പോൾ കാൽകുത്താനാവാത്ത തിരക്കാണ് അനുഭവപ്പെട്ടത്.
ഉമ്മൻ ചാണ്ടി, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോണി നെല്ലൂർ, കെ സുധാകരൻ, ടിയു കുരുവിള, ലതിക സുഭാഷ് തുടങ്ങി ഒട്ടേറെ പ്രമുഖർ ഇന്നലെ തിരുക്കരയിൽ എത്തിയിരുന്നു.