കോട്ടയം: കെ.എം. മാണി അവസാനമായി കോട്ടയത്തു പങ്കെടുത്ത പൊതുപരിപാടിയിലൊന്നായിരുന്നു ഫെബ്രുവരി മൂന്നിനു തിരുനക്കരയിൽ ദീപികയുടെ പുതിയ അച്ചടി സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ്.
അന്നു മാണി നടത്തിയ പ്രസംഗം: ആദ്യകാല ദിനപത്രമായ ദീപിക പത്ര തറവാട്ടിലെ മുത്തശിയാണ്. ദീപികയെന്ന വാക്കിന്റെ അർഥം വെളിച്ചമെന്നും വിളക്കെന്നുമാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വിളക്കായിട്ടാണു ദീപിക പ്രവർത്തിക്കുന്നത്. സമൂഹത്തിലും മനുഷ്യഹൃദയങ്ങളിലും പ്രകാശം പരത്തുകയാണ് ദീപിക ചെയ്യുന്നത്. പത്രം വ്യവസായ സ്ഥാപനം കൂടിയാണ്. എന്നാൽ, ദീപികയെ സംബന്ധിച്ചിടത്തോളം പ്രചാരം നോക്കാതെ ആദർശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു.
നവോത്ഥാനം മതേതരത്വം മതമൈത്രി, മാനവികത എന്നിവയ്ക്കു വേണ്ടിയും ദീപിക നിലകൊള്ളുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യത്തിൽ ദീപിക ശബ്ദമുയർത്തിയിട്ടുണ്ട്. പരിവർത്തന പ്രക്ഷോഭം പൗരസമത്വ പ്രക്ഷോഭം, ഉത്തരവാദിത്വഭരണ പ്രക്ഷോഭം, വിമോചന സമരം, വിദ്യാഭ്യാസ പ്രക്ഷോഭം എന്നിവയ്ക്കു കരുത്തുപകരാൻ ദീപികയ്ക്കു കഴിഞ്ഞു. അക്കാലത്തെ ദീപികയുടെ കാഴ്ചപ്പാടുകളും ലേഖനങ്ങളും ഏറെ ശ്രദ്ധേയവും അഭിമാനകരവുമാണ്.
അടിയന്തരാവസ്ഥക്കാലത്തു പോലും ആരെയും ഭയപ്പെടാതെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും എഴുതുകയും ചെയ്യാൻ ദീപികയ്ക്കു കഴിഞ്ഞു. കർഷക ശബ്ദമാണു ദീപിക.
കർഷകർ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാലഘട്ടമാണിത്. കർഷകർക്കു ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി വരുമാനമുണ്ടാക്കിക്കൊടുക്കുമെന്നു പറഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല. റബർ ബോർഡ് കണക്ക് അനുസരിച്ചു ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കാൻ ചെലവ് 170 രൂപയാണ്. പക്ഷേ ലഭിക്കുന്നതോ 105 മുതൽ 107 രൂപ വരെ. താൻ ധനകാര്യമന്ത്രിയായിരുന്നപ്പോൾ ഒരു കിലോഗ്രാം റബറിനു 65 രൂപയോളം താങ്ങുവില പ്രഖ്യാപിച്ചതു മികച്ച ഒരു സഹായ പദ്ധതിയായിരുന്നു.
പ്രളയത്തിനുശേഷം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതു കർഷക മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക താത്പര്യം സംരക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല. കർഷകനു വേണ്ടി സമർപ്പണം നടത്തുന്ന പത്രമാണ് ദീപിക. - അദ്ദേഹം പറഞ്ഞു.