കോട്ടയം: കട്ടിമീശ, കോട്ടണ്‍ ജുബ്ബ, കനത്ത ശബ്ദം… കാലം മാണിയെ അറിഞ്ഞ അടയാളങ്ങൾ ഇതൊക്കെയായിരുന്നു. ദിവസവും നാലും അഞ്ചും തവണ തണുത്ത വെള്ളത്തിൽ കുളി. കുളി കഴിഞ്ഞാൽ മുണ്ടും ജുബ്ബയും മാറിയുടുക്കും. നീലം മുക്കിയുണക്കി തേച്ചുമടക്കിയ പത്തു ജോഡി കോട്ടണ്‍ ജുബ്ബയും കോട്ടണ്‍ മുണ്ടും യാത്രകളിൽ എപ്പോഴുമുണ്ടാകും.
ചടുലം, സംഭവബഹുലം
തിരുവനന്തപുരം പാളയത്തെ ജയഭാരത് ടെയ്ലേഴ്സിലെ സദാശിവനാണ് 42 വർഷം മാണിക്കു ജുബ്ബ തുന്നിയിരുന്നത്. ആ നീളൻ ജുബ്ബയുടെ അളവും ആകൃതിയും സദാശിവനു മനഃപാഠമായിരുന്നു. വിളിച്ചുപറയേണ്ട താമസം കട്ടിയുള്ള കോട്ടണ്‍ തുണിയിൽ സദാശിവൻ ജുബ്ബ തുന്നിവയ്ക്കും. വിശ്രമം അറിയാത്ത ജീവിതമായിരുന്നു മാണിയുടേത്. ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച നേതാവ്. അടുത്തുവരുന്നവരെ പേരുചൊല്ലി വിളിച്ച് വീട്ടുകാര്യങ്ങൾ വരെ അന്വേഷിച്ചിരുന്ന ജനകീയൻ.
കല്യാണം, മരണം, അടിയന്തിരം എന്നിങ്ങനെ ഒരു ദിവസം നൂറു ചടങ്ങുകൾ. പാർട്ടിയെ ശക്തിപ്പെടുത്താൻ വാർഡ് സമ്മേളനങ്ങളിൽ വരെ സാന്നിധ്യം അറിയിക്കുന്ന ബന്ധം. ഈ തിരക്കുകൾക്കിടയിൽ കുടിക്കാൻ തുടരെ കട്ടൻ ചായ. രാവിലെ അഞ്ചു മുതൽ രാത്രി പാതിരാവരെ ചടുലമായിരുന്നു ആ ജീവിതം.
ദിവസം അഞ്ഞൂറു കിലോമീറ്റർ വരെ നീളുന്ന യാത്രകൾ. നാലും അഞ്ചും സമ്മേളനങ്ങളും പ്രസംഗങ്ങളും. വാക്ധോരണിയിൽ ആവേശംകൊള്ളിച്ചിരുന്ന പ്രസംഗങ്ങൾ മണിക്കൂറും അതിലേറെയും ദീർഘിച്ചിരുന്നു. കണക്കും കാര്യവും നിരത്തുന്ന ശബ്ദഗംഭീര പ്രസംഗങ്ങളായിരുന്നു കരുത്ത്. തിരക്കിനിടെ കാറിൽ കിടന്നും ഇരുന്നുമൊക്കെയായിരുന്നു മാണിയുടെ ഉറക്കം. യാത്രയ്ക്കിടെ സ്യൂട്ട്കെയ്സ് മടിയിൽ വച്ചു ഫയൽ നോട്ടവും.
ദിവസങ്ങളുടെ വിശ്രമമില്ലാത്ത അധ്വാനമായിരുന്നു കരുതലോടെയുള്ള ബജറ്റ് തയാറാക്കലും ബജറ്റ് പ്രസംഗവും. നോട്ടുബുക്കുകളിലും ഡയറികളിലും വരവും ചെലവും റഫായി എഴുതിയ ശേഷമായിരുന്നു ബജറ്റ് തയാറാക്കൽ. കാൽക്കുലേറ്റർ ഉപയോഗിക്കാതെ മനക്കണക്കിൽ കോടികളുടെ ധനകാര്യം കുറിക്കുന്നതിൽ അപാരമായിരുന്നു മാണിയുടെ കഴിവ്.
പേരു ചൊല്ലിവിളിച്ച്
പത്തു വയസുമുതൽ നൂറു വയസുവരെയുള്ളവരെ രാഷ്ട്രീയ ജീവിതത്തിൽ കൂടെ നിർത്താനും കൂടെ നിൽക്കാനുമുള്ള സിദ്ധി മാണിക്കുണ്ടായിരുന്നു. കേരളത്തിലെ ഏതു ഗ്രാമത്തിൽ ചെന്നാലും അടുത്തുവരുന്നവരെയും അകന്നുനിൽക്കുന്നവരെയും പേരു ചൊല്ലിവിളിക്കാനുള്ള ഓർമയും പരിചയവും മറ്റൊരു പ്രത്യേകത. ആവശ്യങ്ങളും ആവലാതികളുമായി അടുത്തുവരുന്നവരെയൊക്കെ കേൾക്കാനും പരിഹാരമുണ്ടാക്കാനുമുള്ള ആത്മാർഥത.
കവലയോഗങ്ങളെക്കാൾ കുടുംബയോഗങ്ങൾ നടത്തി വ്യക്തികളുമായി ബന്ധം സ്ഥാപിച്ചാണ് മാണി രാഷ്ട്രീയത്തിൽ ജനകീയ അടിത്തറയുണ്ടാക്കിയത്. കിഴക്കൻ മലയോരങ്ങളിലൊക്കെ രാത്രി വൈകും വരെ ചർച്ചകളും പഠനക്ലാസുകളുമായി കേരള കോണ്‍ഗ്രസിനൊരു കാർഷിക സൈദ്ധാന്തിക വ്യാഖ്യാനം മാണി നൽകി. ചെറുകിട കർഷകരുടെയും കർഷക തൊഴിലാളികളുടെയും പിന്തുണയാണ് ഓരോ വിജയങ്ങൾക്കും അടിത്തറയായത്.
സി.സി. സോമൻ