കർഷകർക്കു വേണ്ടിയാണു ദീപിക എന്നും നിലകൊണ്ടത്. കർഷകരുടെ വേദനകളും ദുരിതങ്ങളും സ്വന്തമായി കണക്കാക്കി അവരെ സഹായിക്കാൻ ദീപിക എന്നുമുണ്ടായിരുന്നു: ഈ ഫെബ്രുവരി മൂന്നിനു കോട്ടയം തിരുനക്കര മൈതാനത്ത്, വടവാതൂരിലെ ദീപികയുടെ അച്ചടിസമുച്ചയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ.എം. മാണി പറഞ്ഞു. തന്റെ രാഷ്ട്രീയം നിർണയിച്ചതു കർഷകരോടുള്ള പ്രതിബദ്ധതയാണെന്നും അതിൽ എപ്പോഴും ദീപികയുടെ സ്വാധീനമുണ്ടായിരുന്നു എന്നും അദ്ദേഹം ആ വേദിയിൽ പറഞ്ഞു.
കെ.എം. മാണി എന്ന രാഷ്ട്രീയ നേതാവും ദീപികയുമായുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ആ ഒരു വിഷയത്തിലാണ്. കർഷക വികാരങ്ങളാണു ദീപിക എന്നും പ്രതിഫലിപ്പിച്ചിരുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പൊതുസമക്ഷം കൊണ്ടുവരുന്നതിൽ ദീപിക എന്നും ജാഗ്രത പുലർത്തി. ഹൈറേഞ്ചിലെ മലമടക്കുകളിൽ കുടിയേറിയ കർഷകരെ തൂത്തെറിയാനും കുടിയിറക്കാനും അവരെ പരിസ്ഥിതിയുടെ പേരിൽ ക്രൂശിക്കാനും ശ്രമങ്ങൾ നടന്നപ്പോഴെല്ലാം ദീപിക അവിടെ കരുത്തോടെ ഇടപെട്ടു.
ഈ വിഷയങ്ങൾ ഉള്ളിൽ ഏറ്റുവാങ്ങിയവരെല്ലാം ദീപികയുടെ ബന്ധുക്കളായതു സ്വാഭാവികം. പരേതരായ കെ.എം. ജോർജും ഇ. ജോൺ ജേക്കബുമൊക്കെ ദീപികയുടെ ആത്മബന്ധുക്കളായത് അങ്ങനെയാണ്. കെ.എം. മാണിയും പി.ജെ. ജോസഫുമൊക്കെ അതേ പാതയിലൂടെ ദീപികയുമായി ആത്മബന്ധത്തിലായി.
കർഷക പ്രശ്നങ്ങൾ നിയമസഭയിലും പുറത്തും ഉന്നയിക്കാനും ഭരണം ലഭിച്ചപ്പോൾ അവ കുറെയെങ്കിലും പരിഹരിക്കാനും മാണിസാർ ശ്രമിച്ചതിനു പിന്നിൽ ആ ബന്ധം നിർണായകമായി. കുടുംബത്തിലെ ഇഷ്ടദാനത്തിനു നികുതിയിളവു നല്കുന്ന വിഷയം, 1977നു മുന്പു കുടിയേറിയവരുടെ പട്ടയം, കാർഷികാദായനികുതി തുടങ്ങി നിരവധി വിഷയങ്ങൾ ഇത്തരുണത്തിൽ ചൂണ്ടിക്കാട്ടാനാവും.
ന്യൂനപക്ഷാവകാശവും സ്വകാര്യ വിദ്യാലയങ്ങളും സംബന്ധിച്ച വിഷയങ്ങളിലും ദീപികയുടെയും മാണിസാറിന്റെയും കാഴ്ചപ്പാടുകൾ ഒരേ പോലെയായിരുന്നു. 1972-ലെ വിദ്യാഭ്യാസ പ്രക്ഷോഭം പോലുള്ള അവസരങ്ങളിൽ അതു കൂടുതൽ പ്രകടവുമായി. ന്യൂനപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം മറ്റു സമുദായങ്ങളുടെ കാര്യങ്ങളിൽ താത്പര്യമെടുത്തവരുമായും നല്ല ബന്ധം അദ്ദേഹം പുലർത്തി.
വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്ത കേരള കോൺഗ്രസിന്റെ പിൽക്കാല ഗതിവിഗതികളിൽ നല്ലതും നല്ലതല്ലാത്തതുമായ ഒത്തിരി മുഹൂർത്തങ്ങൾ ഉണ്ട്. പിളർന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള പൊതുസമൂഹത്തിന്റെ താത്പര്യം ദീപിക 1980കളിൽ പരസ്യമായി ഉന്നയിച്ചപ്പോൾ കെ.എം. മാണിയും പി.ജെ. ജോസഫും അതിനോട് അനുകൂലമായി പ്രതികരിച്ചു. ശാശ്വതമായില്ലെങ്കിലും കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ വലിയ നേട്ടങ്ങൾക്കു കാരണമായി ആ ലയനം.
ദീപികയുടെ സാരഥികളുമായും പ്രവർത്തകരുമായും കെ.എം. മാണിക്കുണ്ടായിരുന്ന അടുപ്പവും സൗഹൃദവും എടുത്തു പറയേണ്ടതാണ്. ഫാ. കൊളംബിയർ സിഎംഐ, റവ. ഡോ. വിക്ടർ നരിവേലി സിഎംഐ, റവ. ഡോ. തോമസ് ഐക്കര സിഎംഐ, ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ സിഎംഐ, ഫാ. അലക്സാണ്ടർ പൈകട സിഎംഐ തുടങ്ങിയവരിലൂടെ വളർന്ന ആ ബന്ധം രാഷ്ട്രദീപിക ലിമിറ്റഡിന്റെ ചെയർമാന്മാരും മാനേജിംഗ് ഡയറക്ടർമാരുമൊക്കെ വഴി അദ്ദേഹത്തിന്റെ മരണം വരെയും പുഷ്കലമായിരുന്നു.
കർഷകരടക്കമുള്ള പൊതു സമൂഹത്തിന്റെ താത്പര്യത്തിനു നീങ്ങേണ്ട രാഷ്ട്രീയപാത സംബന്ധിച്ചു ദീപികയ്ക്കുള്ള കാഴ്ചപ്പാടുകൾ മനസിലാക്കാനും അതു പരമാവധി ഉൾക്കൊള്ളാനും ശ്രദ്ധിച്ചിരുന്ന നേതാവാണ് കെ.എം. മാണി. തന്റെ പിന്നിലുള്ള ജനവിഭാഗത്തിനു ഭരണതലത്തിലും മറ്റും അർഹമായതു നേടിയെടുക്കാനും ആ വിഭാഗത്തിൽപ്പെട്ടവരെ ഉയരങ്ങളിലെത്തിക്കാൻ വഴിയൊരുക്കാനും അദ്ദേഹം പുലർത്തിയിരുന്ന ജാഗ്രതയും എടുത്തു പറയേണ്ടതാണ്.
ദീപികയുടെ എക്കാലത്തെയും ആത്മമിത്രമായ കെ.എം. മാണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ചീഫ് എഡിറ്റർ, ദീപിക