ഒരു വികാരമായി പിറന്ന പാർട്ടിയുടെ ആർക്കും കെടുത്താനാവാത്ത വികാരമായി മാറാൻ സാധിച്ച നേതാവാണു കെ.എം. മാണി. ഒന്നും ആരും ഒരു സ്വർണത്തളികയിലാക്കി അദ്ദേഹത്തിനു സമ്മനിച്ചതല്ല. ഓരോ ഇഞ്ചും അദ്ദേഹം വെട്ടിപ്പിടിച്ചതാണ്. ആ പടയോട്ടത്തിൽ അദ്ദേഹം സ്വീകരിച്ച എല്ലാ സമീപനങ്ങളും എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. അതെല്ലാമാണ് പക്ഷേ അദ്ദേഹത്തെ ഇങ്ങനെയാക്കിയത്.
ഒന്നുമില്ലായ്മയിൽ പിറന്നുവീണ ഒരു പ്രസ്ഥാനത്തിനു ദാർശനിക അടിത്തറ മുതൽ സംഘടനാ സംവിധാനം വരെ അദ്ദേഹം ഉണ്ടാക്കി. അതു തനിക്കു ഗുണകരമായ വിധത്തിൽ ചിട്ടപ്പെടുത്തി. ആറു പതിറ്റാണ്ടു ദീർഘിച്ച പ്രയാണത്തിൽ ഏറെപ്പേരിൽ കൂടിയാണ് അദ്ദേഹം ഈ നേട്ടങ്ങൾ കൈവരിച്ചത്. പലരും വഴിയിൽ കൂട്ടുവിട്ടു പുതിയ താവളങ്ങൾ തേടി. അവരിൽ പലർക്കും തിരിച്ചു വരേണ്ടി വന്നു. തിരിച്ചുവന്നവരിൽ പലരും വീണ്ടും മടങ്ങി. എല്ലാവർക്കും സങ്കടം മാണിയോടായിരുന്നു. അദ്ദേഹത്തെ വെല്ലുവിളിച്ചവരിൽ പലർക്കും നേട്ടങ്ങളെക്കാൾ സങ്കടങ്ങളാണുണ്ടായത്. മറ്റു പലരുടെ കൂടെനിന്നും വന്നവർ അദ്ദേഹത്തിൽ ഒരിക്കലും പിരിയരുതാത്ത നേതാവിനെ കണ്ട അനുഭവങ്ങളും ഉണ്ട്.
പി.ടി. ചാക്കോ എന്ന വികാരമല്ലാതെ കേരള കോണ്‍ഗ്രസിന് ഒന്നും ഇല്ലായിരുന്നു. പാർട്ടിപ്രവർത്തനങ്ങൾക്കു പത്തു പൈസയില്ല. ജനങ്ങളുടെ ആവേശം മാത്രമായിരുന്നു കൈമുതൽ. ആ സാഹചര്യത്തിലാണ് 1965 ൽ കെ.എം. മാണി പാലായിൽ മത്സരിക്കുന്നത്. അന്നു മാണി ഒരു യുവാവ്. പാലാ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും കേരള കോണ്‍ഗ്രസാണു ഭരണം. അവിടത്തെ മിക്ക പ്രസിഡന്റുമാരെയും അന്നു മാണി വിളിക്കുന്നതു സാറെ എന്നായിരുന്നു. മൂന്നു സ്ഥാനാർഥികളാണു പ്രധാനമായും ഉണ്ടായിരുന്നത്. മാണി, ഇടതുപക്ഷ സ്വതന്ത്രനായ വി.ടി. തോമസ്, കോണ്‍ഗ്രസിലെ ഏലിക്കുട്ടി തോമസ്. യശഃശരീരനായ ആർ.വി. തോമസിന്റെ ഭാര്യയായിരുന്നു ഏലിക്കുട്ടി. നാട്ടുകാർ പിരിച്ചാണു മാണിയുടെ തെരഞ്ഞെടുപ്പു ചെലവ് നടത്തിയത്.
മാർച്ച് നാലിനു നടന്ന തെരഞ്ഞെടുപ്പിൽ മാണി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. മാണിക്ക് 25,833 ഉം വി.ടി. തോമസിന് 16,248 ഉം എലിക്കുട്ടി തോമസിന് 8072 ഉം വോട്ട് കിട്ടി. അന്ന് ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് നിയമസഭ കൂടാതെ പിരിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് 1967 ലായിരുന്നു. ഇക്കുറി കോണ്‍ഗ്രസ് പ്രഗത്ഭനായ എം.എം. ജേക്കബിനെ ഇറക്കി. മത്സരം കടുത്തു. എങ്കിലും മാണി തന്നെ ജയിച്ചു. മാണിക്ക് 19,118 ഉം വി.ടി. തോമസിന് 16,407ഉം എം.എം. ജേക്കബിന് 13,503 ഉം വോട്ടു ലഭിച്ചു. ഇക്കുറി മാണി നിയമസഭാംഗമായി.
1970 ൽ അടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും മൂന്നു വർഷം കൊണ്ടു മികച്ച പാർലമെന്റേറിയൻ എന്നു മാണി പേരെടുത്തു. 1970ലെ തെരഞ്ഞെടുപ്പിൽ പക്ഷേ മാണി വല്ലാതെ വിയർത്തു. ഇടതുപക്ഷവും കോണ്‍ഗ്രസിനെ സഹായിച്ചു. എം.എം. ജേക്കബ് ജയിക്കാനുള്ള എല്ലാ അടവും പയറ്റി. എങ്കിലും ജയം മാണിക്കൊപ്പമായിരുന്നു. മാണിക്ക് 23,350 വോട്ടു ലഭിച്ചപ്പോൾ എം.എം. ജേക്കബിന് 22,986 ഉം ഇടതു പക്ഷത്തിന്റെ ടി.പി ഉലഹന്നാന് 9,092 ഉം വോട്ട് കിട്ടി. മാണിയുടെ ഭൂരിപക്ഷം വെറും 364 വോട്ട്. പാലായുടെ ചരിത്രത്തിൽ മാണിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്.
അടുത്ത തെരഞ്ഞെടുപ്പ് നടന്നത് 1977 ലാണ്. ഇക്കാലംകൊണ്ടു കുഞ്ഞുമാണി കേരളത്തിന്റെ മാണിസാറായി. 1975 ഡിസംബറിൽ സംസ്ഥാന ധനകാര്യമന്ത്രിയായി. പിന്നീട് കുറേക്കാലത്തേക്ക് ഓരോ തെരഞ്ഞെടുപ്പിലും മാണിയുടെ ഭൂരിപക്ഷം കൂടുകയായിരുന്നു. കത്തോലിക്കർക്ക് വലിയ ഭൂരിപക്ഷമുള്ള പാലായിൽ കമ്യൂണിസ്റ്റുകളുമായി ചേർന്നു മത്സരിച്ചിട്ടും മാണിയെ ജനം ജയിപ്പിച്ചു. പാലാ മാണിയുടെതായി.
ബാർകോഴയുടെ ആക്ഷേപവും മുന്നണിയിലെ ഉൾപ്പോരും എല്ലാം ഉണ്ടായിരുന്ന 2016 ലാണു പിന്നീടു മാണിയുടെ നില പരുങ്ങലിലാണ് എന്നു പാലായെക്കുറിച്ച് മാധ്യമങ്ങൾ പറഞ്ഞത്. ആ തെരഞ്ഞെടുപ്പിൽ പക്ഷേ എല്ലാവരെയും അന്പരപ്പിച്ചുകൊണ്ടു മാണി വീണ്ടും നിയമസഭയിലെത്തി. മാണി വീഴാൻ അനുവദിക്കില്ലെന്നു പാലാക്കാർ വീണ്ടും തീർത്തുപറഞ്ഞു.
ടി. ദേവപ്രസാദ്