2017 മാർച്ച് 15. കേരള നിയമസഭയ്ക്ക് അത് അസുലഭമായ ഒരു ദിനമായിരുന്നു. സഭയിലെ ഒരംഗം തുടർച്ചയായി അന്പതുവർഷത്തെ നിയമസഭാപ്രവർത്തനം പൂർത്തിയാക്കി. സഭ അത്യപൂർവമായി തന്നെ അതു കൊണ്ടാടി. അതുവരെ ഒരു നിയമസഭാംഗത്തിനും ജീവിതകാലത്തു ലഭിക്കാത്ത ആദരം മാണിസാറിനു സഭ നൽകി.
1965 മാർച്ച് നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം. മാണി വിജയിച്ചെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതിരുന്നതുകൊണ്ട് ആ സഭ കൂടിയില്ല. രണ്ടുവർഷം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിലും മാണി വിജയിച്ചു. അങ്ങനെ 1967 മാർച്ച് 15 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ടുവട്ടം മുഖ്യമന്ത്രിപദവിയുടെ അടുത്തെത്തിയ നേതാവാണ് മാണി. ഒരിക്കൽ ഇ.എം.എസ് നമ്പൂതിരിപ്പാട് അംഗമായിരുന്ന സിപിഎം നിയമസഭാകക്ഷി അടക്കം മാണിയെ മുഖ്യമന്ത്രി ആക്കണമെന്നു ഗവർണർക്ക് എഴുതിക്കൊടുത്തതാണ്. 1976 മുതൽ സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു മാണി.
വിജയശില്പി
നിയമസഭയിൽ നിന്നു ചടങ്ങുകൾക്കുശേഷം പുറത്തുവന്ന മാണിയോടു പത്രക്കാർ തെരക്കി ആഘോഷമൊന്നും ഇല്ലേയെന്ന്. എന്താഘോഷമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിജയത്തിന്റെ എല്ലാം ശില്പിയായ കുട്ടിയമ്മ (മിസിസ് കെ.എം. മാണി) ഇവിടില്ല, പാലായിലാണ്. കുട്ടിയമ്മ ഇല്ലാതെ എന്ത് ആഘോഷം? ആ വാക്കുകളിൽ അതിശക്തമായ കുടുംബബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ തിളക്കം.
അദ്ദേഹം പറഞ്ഞു: എന്റെ പ്രവർത്തനങ്ങൾക്കു കുട്ടിയമ്മ ശക്തമായ പിന്തുണ നൽകി. എന്നെക്കാണാൻ വീട്ടിലെത്തുന്നവരെ സ്വീകരിക്കുക. അവർക്കു കുടിക്കാൻ കൊടുക്കുക, യാത്ര ചെയ്തോ മറ്റു പരിപാടികൾ മൂലമോ ഞാൻ ക്ഷീണിച്ചു കിടക്കുകയാണെങ്കിലും അതിഥികൾഎത്തുന്പോൾ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചുവിടുക തുടങ്ങിയ പണികളെല്ലാം കുട്ടിയമ്മയുടെ അണിയറ പ്രവർത്തനമായിരുന്നു. അവർ വന്നിട്ട് ഒത്തിരി നേരമായി, കുഞ്ഞുമാണിച്ചൻ എന്നാ ഈ കാണിക്കുന്നേ എന്നൊക്കെ സ്നേഹത്തോടെ ചോദിച്ച് എഴുന്നേൽപ്പിച്ചുവിടും.
വെല്ലുവിളികളിൽ കരുത്ത്
1957 നവംബർ 28 മുതൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കുന്നു. ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. എന്റെ പൊതു ജീവിതത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നും കരുത്തും സ്നേഹവുമായി കുട്ടിയമ്മ കൂടെ നിന്നു. അന്നത്തെക്കാൾ സ്നേഹത്തോടെ ഒന്നിച്ചുമുന്നേറുന്നു. ശരീരത്തിന്റെ ചില രോഗങ്ങൾ ഉണ്ടാക്കിയിട്ടുള്ള പരിമിതികളല്ലാതെ ഒരു മാറ്റവും ഞങ്ങൾക്കില്ല..
വിവാഹം കഴിഞ്ഞകാലത്ത് ഞാൻ പാലായിലും കോട്ടയത്തും പ്രാക്ടീസ് ചെയ്തിരുന്നു. കൂടെ രാഷ്ട്രീയ പ്രവർത്തനവും. മിക്കവാറും രാത്രി വൈകിയാവും വീട്ടിലെത്തുക. വീട്ടിലെത്തിയാലും പിറ്റേന്നത്തെ കേസുകൾ പഠിക്കാനുണ്ടാവും.
പൊതുജീവിതത്തിലെ തെരക്കുകൾ മൂലം പരസ്പരം സംസാരിക്കുന്നതിന് സൗകര്യം കുറഞ്ഞ സമയത്ത് ഞങ്ങൾ മക്കളുമായി എവിടെ എങ്കിലും പോയി തെരക്കുകളിൽ നിന്നെല്ലാം വിട്ട് ഒന്നോ രണ്ടോ ദിവസം താമസിക്കും. സംസാരിച്ചിരിക്കുന്നതിന് മാത്രമാണത്. എത്ര തെരക്കായാലും ദിവസവും രണ്ടുമൂന്നു തവണ എങ്കിലും ഞങ്ങൾ തമ്മിൽ സംസാരിച്ചിരിക്കും. ഫോണിലൂടെ ആണെങ്കിലും അതുണ്ടാവും. പരസ്പരം അറിയാത്ത ഒന്നും ഉണ്ടാവില്ല. മക്കളുടെ ഓരോ വിശേഷവും അപ്പപ്പോൾ അറിയാറുണ്ട്.
ചിലപ്പോൾ കുട്ടിയമ്മയുമായി വെറുതെ ഒരു മണിക്കൂർ വണ്ടിയിൽ കറങ്ങും. വർത്തമാനം പറയാൻ മാത്രമാണ് ഈ കറക്കം.
മാണി സാറിന്റെ വീട്ടിൽ കുടുംബസദസുണ്ട്. അപ്പനും അമ്മയും മക്കളും മാത്രം അടങ്ങിയ സദസാണത്. എല്ലാ ദിവസവും കൂടാനൊന്നും പറ്റില്ല.എങ്കിലും ആഴ്ചയിൽ ഒന്നെങ്കിലും കൂടും. മാണിസാറിനെ വിമർശിക്കാനുള്ള അവസരമാണത്. സാറിന്റെ പ്രസംഗം, പെരുമാറ്റം, കേരളരാഷ്ട്രീയം എല്ലാം അവിടെ ചർച്ചാവിഷയമാവും. സാറിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട് ആ ചർച്ചകൾ.
ആറു പതിറ്റാണ്ടുകാലത്തെ ഒന്നിച്ചുള്ള പ്രയാണത്തിൽ ഞങ്ങൾ തമ്മിൽ ഒന്നു പിണങ്ങിയിട്ടു പോലുമില്ല. അറിയമോ? മാണി സാർ പറഞ്ഞു.
ഏഴു മക്കൾ
ദൈവം ഞങ്ങൾക്ക് ഏഴു മക്കളെ തന്നു. ഒരാൾ മരിച്ചു. ജോമോന്റെ (ജോസ് കെ. മാണി എംപി) ഇളയതായിരുന്നു ആ മോൻ. അവനെ ഗർഭിണിയായിരിക്കുന്പോൾ മരങ്ങാട്ടുപിള്ളിയിലെ ഞങ്ങളുടെ കുടുംബവീട്ടിൽ നിന്നു പാലായിലേക്കു പോന്ന കുട്ടിയമ്മ സഞ്ചരിച്ചിരുന്ന വണ്ടി, മെയിൻ റോഡിലേക്ക് കയറിയപ്പോൾ ഒരു സ്വകാര്യബസ് വന്നിടിച്ചു. കുട്ടിയമ്മയ്ക്ക് കാര്യമായ പരിക്കുണ്ടായില്ലെങ്കിലും ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞിന് ആ ഷോക്കിൽ വല്ലാതെ പരിക്കേറ്റു.
മക്കളിൽ മൂത്തവൾ എത്സമ്മ, അടുത്തത് സാലി, പിന്നെ ആനി, അതു കഴിഞ്ഞു ജോമോൻ. ടെസി, സ്മിത. എല്ലാവരുടെയും വളർത്തൽ, പഠനം, വിവാഹം, എല്ലാത്തിനും കുട്ടിയമ്മയാണ് പ്രധാനപങ്കു വഹിച്ചത്. കുടുംബപ്രാർഥനയ്ക്കും മക്കളുടെ വേദപാഠ പഠനത്തിനും കുട്ടിയമ്മ മേൽനോട്ടം വഹിച്ചു. ഞങ്ങൾക്കു 13 കൊച്ചുമക്കൾ ഉണ്ട്. അവരുടെ വളർത്തലിൽ വല്യമ്മച്ചി നിർവഹിക്കേണ്ട കടമകളും കുട്ടിയമ്മ ഭംഗിയായി നിർവഹിച്ചു.
ഞങ്ങളുടേത് ഒരു കർഷക കുടുംബമാണ്. കൃഷിപ്പണികൾക്കു മേൽനോട്ടം വഹിച്ചതും കുട്ടിയമ്മയാണ്. മരങ്ങാട്ടുപള്ളിക്കടുത്ത് കുണുക്കംപാറയിലാണ് ഞങ്ങൾക്കു വീതം കിട്ടിയത്.