കൊച്ചി: കേരള ജനതയ്ക്കും ക്രൈസ്തവസഭകൾക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ.എം. മാണിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കേരള രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായും സ്തുത്യർഹമായ രാജ്യസേവനം ചെയ്ത നേതാവാണു കെ.എം.മാണി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തന, നേതൃത്വ വൈഭവം ഇതരപാർട്ടികൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്.
ആത്മാർഥതയുള്ള ക്രൈസ്തവ വിശ്വാസിയായിരുന്നു അദ്ദേഹം. വിശ്വാസജീവിതത്തിൽനിന്ന് ആർജിച്ച കാരുണ്യത്തിന്റെ മനോഭാവം രാഷ്ട്രീയ ത്തി ലും ഭരണരംഗത്തും പ്രതിഫലിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി ഉൾപ്പെടെ പാവങ്ങൾക്കായുള്ള ജനക്ഷേമ പദ്ധതികൾക്ക് അദ്ദേഹം പ്രത്യേകം താത്പര്യമെടുത്തത് എല്ലാ ഭരണകർത്താക്കൾക്കും മാതൃകയാണ്.
സഭയുടെ ആവശ്യങ്ങളിലും മലയോര മേഖലയുടെ വളർച്ചയിലും പാലാ പ്രദേശത്തിന്റെ പുരോഗതിയിലും അദ്ദേഹത്തിനു പ്രത്യേക ഔത്സുക്യമുണ്ടായിരുന്നു. സമകാലിക കേരള രാഷ്ട്രീയത്തിൽ കേരള കോണ്ഗ്രസിന്റെ ഭാഗധേയം നിർണായകമായ രീതിയിൽ അടയാളപ്പെടുത്താൻ അദ്ദേഹത്തിനായി. ധന, റവന്യു മന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതൃത്വത്തിലൂടെയും അദ്ദേഹം കേരളത്തിന്റെ വളർച്ചയ്ക്കു വഴി തെളിച്ചു. തികഞ്ഞ കർഷക പ്രേമിയായിരുന്നു അദ്ദേഹം.
ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീ യത്തിലെ സാക്ഷ്യജീവിതത്തിനു സഭയുടെ പേരിൽ നന്ദി അർപ്പിക്കുന്നു. കാരുണ്യവാനായ ദൈവം അദ്ദേഹത്തിനു നിത്യശാന്തി നൽകട്ടെ എന്നു പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന രാഷ്ട്രീയ, സാമുദായിക പ്രവർത്തകരോടും കുടുംബാംഗങ്ങളോടും പ്രത്യേകമായി സഹധർമിണി കുട്ടിയമ്മയോടും ജോസ് കെ. മാണി എംപി ഉൾപ്പെടെയുള്ള മക്കളോടും അനുശോചനം അറിയിക്കുന്നതായും കർദിനാൾ മാർ ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.