ചങ്ങനാശേരി: കെ.എം.മാണി കേരളരാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത്തിൽ മുഖ്യപങ്ക് വഹിച്ച കഴിവുറ്റ ഭരണതന്ത്രജ്ഞനും സർവോപരി നായർ സർവീസ് സൊസൈറ്റിയുമായി നല്ല ബന്ധം പുലർത്തിയ മഹത് വ്യക്തിയുമായിരുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ എൻഎസ്എസ് അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും സുകുമാരൻ നായർ അറിയിച്ചു.
നഷ്ടമായത് ജനാധിപത്യ കേരളത്തിന്റെ ശക്തി: പാണക്കാട് ഹൈദരലി തങ്ങൾ
മലപ്പുറം: ജനാധിപത്യ കേരളത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന നേതാവിനെയാണ് കെ.എം. മാണിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. മലയാളി പൊതുസമൂഹത്തിലും ശ്രദ്ധേയമായ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. സങ്കീർണമായ സാഹചര്യങ്ങളിൽ പ്രതിസന്ധികളുടെ കുരുക്കഴിക്കാൻ പ്രാപ്തനായ മാധ്യസ്ഥൻ, ധീരനായ പൊതു പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ വിശേഷണങ്ങൾക്ക് ഉടമയായിരുന്നു മാണി സാർ. അഞ്ചര പതിറ്റാണ്ടു കാലത്തെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം കെ.എം.മാണിയുടെ ജീവചരിത്രം കൂടിയാണ്.
മുഖ്യമന്ത്രിമാർ ആരായിരുന്നാലും എത്ര തലയെടുപ്പുള്ള മന്ത്രിമാർ സഭയിലുണ്ടായിരുന്നാലും ആ സഭയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി ഉയർന്നു നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്
മികച്ച ഭരണാധികാരിയും തന്ത്രശാലിയുമായ നേതാവിനെയാണ് യുഡിഎഫിന് നഷ്ടമായത്. ദീർഘകാലം ധനകാര്യവകുപ്പ് കൈയാളിയിരുന്ന അദ്ദേഹം സംസ്ഥാന വികസനത്തിന് മാതൃകപരമായ നിരവധി സംഭാവനകളാണ് നൽകിയത്. എന്നും കർഷക പക്ഷത്ത് നിന്ന് പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. കെ.എം.മാണിയുടെ വേർപാട് യുഡിഎഫിന് മാത്രമല്ല വ്യക്തിപരമായും വലിയ നഷ്ടവും വേദനയുമാണ് ഉണ്ടാക്കുന്നത്.
ടി.എം. തോമസ് ഐസക്, ധനമന്ത്രി
ദീർഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യ മാനേജ്മെന്റിൽ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു കെ.എം മാണി. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗങ്ങളിലും പ്രതിപക്ഷത്തായിരിക്കുന്പോഴുള്ള ബജറ്റ് വിമർശനങ്ങളിലും ഈ പരിജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ (സിപിഎം)
സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണി. വഴിപിഴച്ച കോണ്‍ഗ്രസ് രാഷ്രടീയത്തിനെതിരേ ഉയർന്ന ബദൽ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിലാണ് കെ. എം മാണി രാഷ്ട്രീയ ത്തിൽ ഇടംപിടിച്ചത്-അദ്ദേഹം പറഞ്ഞു.
പ്രിയ നേതാവിനെ അനുസ്മരിച്ച് പ്രമുഖർ
വേറിട്ട ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കെ എം മാണി. കർഷകരുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു.
കെ.എം. മാണിയുടെ വിയോഗത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, ബിജെപി നേതാവ് ഒ. രാജഗോപാൽ, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ, യുഡിഎഫ് മുൻ കണ്‍വീനർ പി.പി. തങ്കച്ചൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുശോചിച്ചു.
കെ.എം. മാണിയുടെ നിര്യാണത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അനുശോചിച്ചു. ദീപികയുടെ ഉറ്റസുഹൃത്തായിരുന്നു കെ.എം. മാണിയെന്ന് അദ്ദേഹം അനുസ്മരിച്ചു.