തിരുവനന്തപുരം: കേരള രാഷ്ട്രീ യത്തിന്റെ ജനാധിപത്യ ശബ്ദം, അധ്വാനിക്കുന്ന കർഷകവിഭാഗത്തിന്റെയും ദുർബല വിഭാഗങ്ങളുടേയും എല്ലാം പ്രതിനിധിയായി പ്രവർത്തിച്ചുവന്നിരുന്ന കെ.എം മാണിയുടെ വിയോഗവാർത്ത വളരെ ദു:ഖത്തോടു കൂടിയാണു ശ്രവിച്ചതെന്നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി കാണുന്നതിനും പ്രാർഥിക്കുന്നതിനും കുടുംബാംഗങ്ങളോട് ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുന്നതിനു സാധിച്ചു എന്നുളളതു കൃതാർഥതയോടെ ഓർക്കുന്നു.
കേരള രാഷ്ട്രീയത്തിൽ വലിയ നേതൃത്വം അദ്ദേഹം എപ്പോഴും പ്രകടമാക്കിയിരുന്നു. വിവിധ കാലഘട്ടത്തിൽ, വിവിധ മുന്നണികളിൽ കേരള കോണ്ഗ്രസ് എന്ന ജനാധിപത്യ പാർട്ടിയുടെ അനിഷേധ്യനായ നേതാവായി അദ്ദേഹം നിലകൊണ്ടു. കാരുണ്യ പദ്ധതിയുടെ വലിയ പ്രചാരകനായിട്ടാണ് അടുത്തകാലത്ത് അദ്ദേഹത്തെ മനസിലാക്കുന്നതിനു സാധിച്ചത്.
പരിണിത പ്രജ്ഞനായ നിയമസഭാ സാമാജികൻ, ഭരണാധികാരി, സംസ്ഥാനത്ത് 13 ബജറ്റ് അവതരിപ്പിച്ച മന്ത്രി, 50 വർഷത്തിലധികമായി ഒരേ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്ത പാലായുടെ എംഎൽഎ എന്നിങ്ങനെ വിവിധ രീതികളിൽ കേരള രാഷ്ട്രീയം അദ്ദേഹത്തെ ഓർക്കുന്നു.
കേരള കത്തോലിക്ക സഭയുടേയും ക്രൈസ്തവ സമൂഹത്തിന്റെയും ഈശ്വരവിശ്വാസികളുടേയും പ്രതിനിധിയായി അദ്ദേഹം പലപ്പോഴും നേതൃനിരയിൽ നിന്നു പ്രവർത്തിച്ചിട്ടുള്ളത് ഓർക്കുന്നു. എല്ലാവരേയും ഉൾക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവ് സഭയ്ക്ക് വളരെ നന്മ പ്രദാനം ചെയ്തിട്ടുണ്ട്. കേരള കത്തോലിക്കാ സഭയുടെ വലിയ ഒരു പ്രതിനിധിയായി അദ്ദേഹം ചർച്ചകളിലും തീരുമാനങ്ങളിലും ഒക്കെ ഇടപെട്ടിട്ടുണ്ട് എന്നതും സഭ കൃതജ്ഞതയോടെ ഓർക്കുന്നു.
അദ്ദേഹത്തിന്റെ കുടംബാംഗങ്ങളോടു കേരള കത്തോലിക്കാ സഭയ്ക്കും മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കുമുള്ള അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.