കടന്നുപോകുന്നത് ഏതു ബുദ്ധിമുട്ടുമായി ഓടിച്ചെല്ലാനുണ്ടായിരുന്ന ഒരിടമാണ്. സുരക്ഷനേടാൻ സഹായിക്കുന്ന അഭയകേന്ദ്രമാണ്. പാർട്ടിക്കാർക്കു മാത്രമല്ല ആർക്കും.
1965 ൽ ആദ്യമായി നിയമസഭയിലെത്തിയതു മുതൽ അവസാനശ്വാസം വരെ അദ്ദേഹം അതായിരുന്നു. രാഷ്ട്രീയമായും അല്ലാതെയും അദ്ദേഹത്തിന് എതിരാളികൾ ഉണ്ടായിരുന്നു. എന്നാൽ, അതൊന്നും അവർക്കു സഹായം കൊടുക്കുന്നതിനു തടസമായില്ല. സഹായിക്കാനുള്ള ശേഷിയോ അധികാരമോ തനിക്കില്ലാത്ത വിഷയങ്ങളിൽപോലും സഹായിക്കാനുള്ള ഒരു മനസ് അദ്ദേഹത്തിലുണ്ടായിരുന്നു. സഹായിക്കാൻ വഴി കണ്ടുപിടിക്കാനുള്ള വൈഭവവും ഉണ്ടായിരുന്നു. ഉള്ള അധികാരം ശരിക്കും വിനിയോഗിക്കാനും അറിയാമായിരുന്നു.
സ്കൂൾ അഡ്മിഷനോ കോളജ് അഡ്മിഷനോ ജോലിക്കാര്യത്തിനോ സ്ഥലംമാറ്റത്തിനോ റവന്യൂ റിക്കവറിക്കോ മാത്രമല്ല വിദേശത്ത് അപകടത്തിൽപ്പെട്ട മകനെ സഹായിക്കാനും അവർ മാണിസാറിന്റെ പക്കൽ ഓടിവന്നു. വേണ്ടതു ചെയ്തു. കാര്യം നടക്കുന്നു എന്ന് ഉറപ്പാക്കുന്നതുവരെ അദ്ദേഹം കൂടെനിന്നു. അവരുടെ വീട്ടിലെ മരിച്ചടക്കിനും വിവാഹത്തിനും മാത്രമല്ല മാമ്മോദീസയ്ക്കും നൂലുകെട്ടിനും വരെ അടുത്ത വീട്ടിലെ ചെക്കനെപ്പോലെ മാണിസാർ നിന്നു. വിവാഹത്തിനു മണവാളനെയോ മണവാട്ടിയെയോ പള്ളിയിലേക്കു കൊണ്ടുപോകാൻ മാണിസാറിന്റെ സ്റ്റേറ്റ് കാർ പലർക്കും വാഹനമായി.
ഒരു പ്രവർത്തകന്റെ ഭാര്യക്കു കാൻസറാണെന്നു സംശയം. നമുക്ക് ആർസിസിയിൽ പോകാം, തിങ്കളാഴ്ച വന്നേക്ക്, ഡോ. പോൾ അഗസ്റ്റിനെ തന്നെ കാണാൻ ക്രമീകരിക്കാം എന്നു മാണിസാർ പറഞ്ഞു. തിങ്കളാഴ്ച പത്തുമണിക്ക് അവർ ആശുപത്രിയിലെത്തി കൃത്യം പത്തുമണിയായപ്പോൾ മാണിസാറും എത്തി. സർജറി നിശ്ചയിച്ച ദിവസം രാവിലെയും അദ്ദേഹമുണ്ടായിരുന്നു.
വേറൊരു പ്രവർത്തകൻ. അധ്യാപകനാണ്. മക്കളില്ലാതെ ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തി. ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ അവനു കാൻസറാണെന്നു കണ്ടു. ആർസിസിയിൽ അവനെ കാണാൻ എത്രയോ ദിവസം മാണിസാറെത്തി.
സിപിഎം പ്രവർത്തകനാണു നാരായണൻ. മകൾക്കു ഹൃദയത്തിനു തകരാർ ഉണ്ടെന്നു കണ്ടു. റബർ വെട്ടി ജീവിക്കുന്ന നാരായണൻ തളർന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു. നാരായണൻ അവിടുണ്ടെന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞാണറിഞ്ഞത്. അറിഞ്ഞ അന്നായിരുന്നു ഓപ്പറേഷൻ. കാബിനറ്റ് യോഗം കഴിഞ്ഞ ഉടൻ മാണിസാർ പോയത് ആശുപത്രിയിലേക്കായിരുന്നു. അവിടെച്ചെന്നു നാരായണനെ ആശ്വസിപ്പിച്ചു. ഡോക്ടർമാരോട് തന്റെ ആളെക്കുറിച്ചു പറഞ്ഞു. നഴ്സുമാരോടും പറഞ്ഞു. നാരായണനും മോളും വിഐപിയായി.
ഒരിക്കൽ ഒരു വല്യപ്പച്ചൻ മാണിസാറിനെ കാണാനെത്തി. വിദേശത്തായിരുന്ന മകൻ മരിച്ചു. കൊച്ചുമകനെ ഒന്നുകാണാൻ പോലും കിട്ടുന്നില്ല, സാർ ഇടപെടണം. എന്തു ചെയ്യണം? മാണിസാർ ആലോചിച്ചു. കേരളത്തിലെ ഒരു എംഎൽഎയ്ക്ക് എന്തു ചെയ്യാനാവും? ഒന്നും ചെയ്യാനാവില്ലെന്നു പറഞ്ഞ് ഒഴിയാവുന്നതാണ്. മാണിസാർ തയാറായില്ല. അംബാസഡറെ വിളിച്ചു. കാര്യങ്ങൾ സംസാരിച്ചു. എന്തോ നീക്കുപോക്കുകളുണ്ടാക്കി. വിടർന്ന മനസോടെയാണ് ആ അപ്പൂപ്പൻ വീട്ടിലേക്കു മടങ്ങിയത്. വിദേശത്തു വച്ചു മരിച്ചവരുടെ ശരീരം തിരിച്ചുകൊണ്ടുവരാൻ എത്രയോ കുടുംബങ്ങളെ മാണിസാർ സഹായിച്ചിരിക്കുന്നു.
വൈദ്യുതിവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കെ വെളിച്ചവിപ്ലവത്തിലുടെ ആയിരങ്ങൾക്കു പുതിയ കണക്ഷനുകൾ കൊടുക്കുന്ന കാലം. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഒരു പരിപാടി നടക്കുന്നു. സ്ഥലത്തെ സിപിഎം നേതാവിനെ അദ്ദേഹത്തിനു വ്യക്തിപരമായി അറിയാം. അകലെനിന്നു പരിപാടി വീക്ഷിക്കുന്ന നേതാവിനെ അദ്ദേഹം കണ്ടു. ലോക്കലായി കേരള കോണ്ഗ്രസുകാരുമായി ഇത്തിരി ഉടക്കിലുമാണ് അദ്ദേഹം. പരിപാടി കഴിഞ്ഞു മടങ്ങുന്പോൾ സഖാവിന്റെ അടുത്തെത്തിയപ്പോൾ കാറൊന്നു ചവിട്ടാൻ ഡ്രൈവറോട് പറഞ്ഞു. മാണിസാർ കാർ നിർത്തിയപ്പോൾ സഖാവ് മുണ്ടഴിച്ച് ആദരം കാട്ടി. പേരു വിളിച്ചിട്ടു മാണിസാർ പറഞ്ഞു: വെളിച്ചവിപ്ലവം അറിഞ്ഞില്ലേ? വാസുവിന്റെ കൂട്ടുകാരുടെ പല വീട്ടിലും കറണ്ടില്ലല്ലോ? ഒരപേക്ഷ തയാറാക്കി കൊണ്ടുവാ. കണക്ഷൻ എടുക്ക്. സഖാക്കൾ നൂറുകണക്കിനാണ് ആ സഹായം ഉപയോഗിച്ചത്.
മാണിസാറിന്റെ കൂടെനിന്നു വിട്ടുപോയ ഒരു പാർട്ടിക്കാരൻ പറഞ്ഞ കഥയാണ്. നാട്ടിൽ സാമാന്യം സന്പന്നമായിരുന്ന കുടുംബം. ഒരു റവന്യു റിക്കവറിയിൽ പെട്ടു. പാട്ട കൊട്ടുന്ന ദിവസം അറിയിച്ചു. അപമാനത്തിന്റെ പടുകുഴിയിലായ കുടുംബം. മാണിസാറിന് ഒരു അപേക്ഷ കൊടുത്തു. റിക്കവറി നടക്കേണ്ട അന്നുവരെ തപാലിൽ നോക്കിയിരുന്നു. അന്ന് അവർക്ക് അറിയിപ്പു കിട്ടി. റിക്കവറി തത്കാലത്തേക്കു സ്റ്റേ ചെയ്തിരിക്കുന്നു. എന്താവും കാര്യങ്ങൾ എന്നറിയാൻ വന്ന പലരും വീട്ടിലുണ്ടായിരുന്നു. തപാലിൽ വന്ന കാർഡുമായി ആ വീട്ടുകാരൻ അവിടെ മണലിൽ മുട്ടിൽനിന്നു. മാണി സാറിനു വേണ്ടി പ്രാർഥിച്ചു.
ഒരു വീട്ടിൽ ഒരപകട മരണമുണ്ടായി. വിവരം അറിഞ്ഞ് ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയവരിൽ മാണി സാറും ഉണ്ടായിരുന്നു. ഇതിനെല്ലാം എങ്ങനെ അദ്ദേഹം സമയം കണ്ടെത്തുന്നു എന്നായി അത്ഭുതം. അപകടമറിഞ്ഞ് വീട്ടുകാർ പലരും വന്നപ്പോഴേക്കും മൃതദേഹം മോർച്ചറിയിലാക്കി. ഒന്നു കാണാൻ മാണി സാറിനെ വിളിച്ചു. സാർ ഡോക്ടറുമായി സംസാരിച്ചു. മൃതദേഹം കാണാൻ അവസരമുണ്ടാക്കി.
ശ്രീചിത്രയിൽ ഹൃദയസംബന്ധമായ അസുഖവുമായി കിടന്ന ഒരു രോഗി പറഞ്ഞു. പതിവില്ലാതെ അന്നു പ്രഫസർ അവരെ പരിശോധിച്ചു. അദ്ദേഹം വരുന്പോൾ രോഗി പാതിമയക്കത്തിലായിരുന്നു. അദ്ദേഹം ഒപ്പമുണ്ടായിരുന്നവരോടു പറയുന്നു. രോഗിയുടെ നില എങ്ങനെ എന്ന് ഫിനാൻസ് മിനിസ്റ്റർ വിളിച്ചിരുന്നു. അതുകൊണ്ടാണ്. രോഗിയെ പരിശോധിച്ചു മടങ്ങുന്പോൾ ഡോക്ടർ ചോദിച്ചു മാണിസാർ നിങ്ങളുടെ ആരാ? അവർ പറഞ്ഞു: ഞങ്ങടെ സ്വന്തമാ, സ്വന്തം.
ടി.ഡി.പി.