തിരുവനന്തപുരം: തന്റെ മുന്നിലെത്തുന്ന പരാതികൾക്ക് ഒറ്റ വായനയിൽ തന്നെ പരിഹാരം നിർദേശിക്കാൻ കെ.എം. മാണിയെന്ന ഭരണാധിപനു കഴിഞ്ഞിരുന്നു.
മറ്റു ഭരണാധികാരികളിൽനിന്നു കെ.എം. മാണിയെ വ്യത്യസ്തനാക്കിയതും ഈ കഴിവു തന്നെയാണെന്ന് 1982 മുതൽ മന്ത്രിയായിരുന്ന കാലമത്രയും പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പി.സി. ജയിംസ് ഓർക്കുന്നു.
1985-ൽ മലയോര മേഖലയിലെ ഒരു സുപ്രധാന വിഷയം മന്ത്രിയായിരുന്ന കെ.എം. മാണിയുടെ മുന്നിലെത്തി. മലയോര മേഖലയിലെ പല വീടുകളിലും വൈദ്യുതിയില്ല. കാരണം, ലൈൻ വലിക്കുന്നതിനുള്ള ഓരോ പോസ്റ്റിനും നിശ്ചിത നിരക്കു നൽകണം. അന്നത്തെ കാലത്തു പലരും 10,000 രൂപ വരെ നൽകേണ്ട അവസ്ഥ. നിവേദനം ഒറ്റത്തവണ മാത്രം വായിച്ച കെ.എം. മാണി സ്റ്റാഫ് അംഗങ്ങൾക്കു നിർദേശം നൽകി: വൈദ്യുതി പോസ്റ്റുകൾക്കുള്ള നിരക്ക് സൗജന്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുക. മാണിയുടെ നിർദേശം ഫലം കണ്ടു.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ, മാണിയുടെ നിർദേശത്തെ പിന്തുണച്ചു. മലയോര മേഖലയിലെ മിക്കവാറും വീടുകളിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നടപടി സഹായിച്ചു.
സാധാരണയായി ഒരു മന്ത്രിക്കു പരാതി നൽകിയാൽ പഴ്സണൽ സെക്രട്ടറിക്കു നൽകി ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയാണു പതിവ്. ഇതിനു കാലതാമസം നേരിടും.
എന്നാൽ, കെ.എം. മാണിക്കു മുന്നിൽ ഒരു പരാതി എത്തിയാൽ അതിൽ എന്തു നടപടി സ്വീകരിക്കണമെന്ന് അപ്പോൾ തന്നെ വാക്കാൽ ഓർഡർ നൽകും.
നിയമങ്ങളിലും ചട്ടങ്ങളിലും മറ്റുമുള്ള അഗാധമായ പാണ്ഡിത്യവും അനുഭവസന്പത്തുമാണ് ഇതിനു കാരണമെന്നു ജെയിംസ് പറയുന്നു.
കെ. ഇന്ദ്രജിത്ത്