കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം ഇന്നു കോട്ടയത്തു പൊതുദർശനത്തിനു വയ്ക്കും. രാവിലെ 9.30നാണ് കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എറണാകുളത്തുനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകമായ കോട്ടയത്തേക്കു തിരിക്കുന്നത്.
രാവിലെ 9.30-ന് വിലാപയാത്ര എറണാകുളത്തുനിന്നു പുറപ്പെടും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറന്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴിയാണ് വിലാപയാത്ര എത്തുന്നത്. വഴിയിൽ പൊതുദർശനത്തിനു സൗകര്യമുണ്ടാകുമെന്നാണു സൂചന. ഉച്ചയ്ക്കു 12-ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 12.30-ന് തിരുനക്കര മൈതാനിയിലും 4.30-ന് പാലാ ടൗണ്‍ ഹാളിലും പൊതുദർശനമുണ്ടാകും.
ഉച്ചയ്ക്ക് രണ്ടിന് മൃതദേഹവുമായി പാലായ്ക്കു പുറപ്പെടും. കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിങ്ങനെയാണു യാത്രാവഴി. പാലാ മുനിസിപ്പൽ ടൗണ്‍ ഹാളിൽ വൈകിട്ട് 4.30-ന് പൊതുദർശനം. വൈകിട്ട് ആറു മണിയോടെ മൃതദേഹം പാലായിലെ വസതിയിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണു സംസ്കാരം.