ഒരു ലഹരിക്ക് അപ്പുറം കഞ്ചാവിന്റെ സാന്നിധ്യം ശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഒന്നും രണ്ടുമല്ലെന്നു നിരവധി പഠനങ്ങൾ പറയുന്നു. ഒരു പ്രാവശ്യം കഞ്ചാവ് ഉപയോഗിച്ചാൽ ഏഴു ദിവസം വരെ അതിന്റെ രാസഘടകങ്ങളുടെ സാന്നിധ്യം മൂത്രത്തിൽ കണ്ടെത്താം. പതിവായോ അമിതമായോ ഉപയോഗിക്കുന്ന ആളാണെങ്കിൽ 30 ദിവസം വരെ അവ ശരീരത്തിൽ നിലനിൽക്കും. അത്രയ്ക്കു പ്രകടമാണ് ഇവയുടെ ശേഷി.
ഏതൊരു മയക്കുമരുന്നും പോലെ വിവിധ വ്യക്തികളിൽ വ്യത്യസ്തമായ പാർശ്വഫലങ്ങളാണു കഞ്ചാവും സൃഷ്ടിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരിൽ പ്രത്യക്ഷത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് ചുവപ്പ് ബാധിച്ച കണ്ണുകളും വരണ്ടുണങ്ങിയ ചുണ്ടും നാവും. കണ്ണിന്റെ ചുവപ്പുനിറം മാറ്റാൻ കണ്ണു കഴുകാനുള്ള ചില ലായനികൾ ഇത്തരക്കാർ ഉപയോഗിക്കാറുണ്ട്.
സാധാരണ അവസ്ഥയിൽ യാതൊരു താത്പര്യവുമില്ലാതിരുന്ന കാര്യങ്ങളോടു മയക്കുമരുന്ന് ഉള്ളിൽച്ചെന്നു കഴിയുന്പോൾ അമിതമായ പ്രതിപത്തി ചിലർ കാണിക്കാറുണ്ട്. ചില നിറങ്ങൾ, സംഗീതം തുടങ്ങിയവ ഉദാഹരണം. സമയബോധം, നിറങ്ങൾ തിരിച്ചറിയാനുള്ള ശേഷി, ശരിയായ ശ്രവണം എന്നിവ ചിലർക്കു താത്കാലികമായി നഷ്ടമാകുന്നതായും കണ്ടുവരുന്നുണ്ട്.
കഞ്ചാവ് ലഹരി വിവേചനശേഷിയെ ബാധിക്കുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുക, അപകട സാധ്യതയുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയവ ഇത്തരക്കാർ ചെയ്യുന്നതു സാഹസമാണ്.
ഒരു വ്യക്തിയുടെ ബൗദ്ധികശേഷിയെയും ഇവയുടെ സാന്നിധ്യം ബാധിക്കാം. കൗമാരത്തിൽ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നവരുടെ, 13 മുതൽ 38 വയസുവരെയുള്ള കാലയളവിൽ ശരാശരി എട്ട് ഐക്യു(Intelligence Quotient) പോയിന്റുകൾ വരെ നഷ്ടമാകുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീടു കഞ്ചാവ് ഉപയോഗം ഉപേക്ഷിച്ചിട്ടുപോലും മിക്കവർക്കും അതു തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല.
കഞ്ചാവും ലൈംഗികതയും
കൗമാരക്കാരും യുവജനങ്ങളും എപ്പോഴും ആകാംക്ഷയോടെ സമീപിക്കുന്ന വിഷയമാണു ലൈംഗികത. ലൈംഗികശേഷിയും അതിലെ സന്തോഷവും കൂട്ടാനുള്ള ഏറ്റവും നല്ല മാർഗമാണ് കഞ്ചാവ് ലഹരിയെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരും ഇല്ലാതില്ല. കൗമാരത്തിലെ കഞ്ചാവ് ശീലം സംതൃപ്തമായ ഭാവി ലൈംഗികജീവിതത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുമെന്ന് ലൈംഗികആരോഗ്യം സംബന്ധിച്ചു ഗവേഷണവും പഠനവും നടത്തുന്ന ഇന്റർ നാഷണൽ സൊസൈറ്റി ഫോർ സെക്ഷ്വൽ മെഡിസിൻ (ISSM) വിവിധ പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ആണ്കുട്ടികളിലെ തുടർച്ചയായ കഞ്ചാവ് ഉപയോഗം ലൈംഗികആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ടെസ്റ്റോസ്റ്റിറോണ് ഹോർമോണ് നിലയെയും ബീജങ്ങളുടെ കൗണ്ടിനെയും ഇതു ബാധിക്കും. ബീജങ്ങളുടെ ചലനശേഷിക്കും കഞ്ചാവിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ ഭീഷണിയാണ്. ഇതു പ്രത്യുത്പാദനശേഷിക്കു ദോഷമായി മാറാം.
ഗർഭിണി ഉപയോഗിച്ചാൽ അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ഇത് ഒരുപോലെ അപകടകരമായി മാറും. അതുപോലെ പുരുഷൻമാരിൽ ടെസ്റ്റിക്യുലർ കാൻസർ സാധ്യതയും കഞ്ചാവിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ സാന്നിധ്യം ക്ഷണിച്ചുവരുത്തുന്നുണ്ട്. പഠനങ്ങളിൽ കണ്ടെത്തിയ മറ്റു ചില ലൈംഗിക പ്രശ്നങ്ങൾ ഇങ്ങനെ:
1. വിരക്തി: ലൈംഗിക കാര്യങ്ങളോടു വിരക്തിയും മടുപ്പും തോന്നാനുള്ള സാധ്യത.
2. ഉദ്ധാരണശേഷി കുറയൽ: കഞ്ചാവിലെ ടിഎച്ച്സി (Tetrahydrocannabinol) ഘടകത്തിന്റെ പ്രവർത്തനം പുരുഷലൈംഗികാവയവങ്ങളിലെ മസിൽ ടിഷ്യുകളെ ബാധിക്കുകയും സുഗമമായ രക്തപ്രവാഹത്തിനു തടസമുണ്ടാവുകയും ചെയ്യുന്പോഴാണ് ഉദ്ധാരണശേഷിയെ ബാധിക്കുന്നത്.
3. ലൈംഗിക അസംതൃപ്തി: കഞ്ചാവ് ശീലമാക്കിയിട്ടുള്ളവരിൽ ബീജസ്ഖലനം ആവശ്യത്തിലേറെ വൈകാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത.
4. ശീഘ്രസ്ഖലനം: കഞ്ചാവിനു പുരുഷന്മാരിലെ ന്യൂറോട്രാൻസ്മിറ്ററുകളിലൊന്നായ ഡോപാമൻ (Dopamine) ഘടകത്തിന്റെ അളവ് കൂട്ടാൻ കഴിവുണ്ട്. അതുപോലെ ചിലരിൽ അമിത ഉത്കണ്ഠയും സൃഷ്ടിക്കും. ഈ രണ്ടു സാഹചര്യങ്ങളാണ് ശീഘ്രസ്ഖലനം എന്ന ലൈംഗിക പ്രശ്നത്തിലേക്ക് ചിലരെ എത്തിക്കുന്നത്.
ഇതുകൂടാതെ വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയെ കഞ്ചാവ് ലഹരി കീഴ്പ്പെടുത്തുന്നതിനാൽ അപകടകരവും അധാർമികവുമായ ലൈംഗിക ഇടപെടലുകളിലേക്കു നയിക്കപ്പെടാനും ലൈംഗിക രോഗങ്ങൾ അടക്കമുള്ളവ പിടിപെടാനുമുള്ള സാധ്യതയും നിലനിൽക്കുന്നു.
ഒന്നിലും തൃപ്തിയില്ലാതെ
കഞ്ചാവ് ഭക്തരിൽ ജീവിത സംതൃപ്തി തുലോം കുറവായിരിക്കും. തലച്ചോറിലെ സന്തോഷസംവിധാനത്തെ ലഹരിപ്രതികൂലമായി ബാധിക്കുന്നതാണ് സംതൃപ്തിയുടെ അനുഭവം ഇല്ലാതാക്കുന്നത്. ഇത് ഇവരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കും. ഉദാഹരണമായി കഞ്ചാവ് ഉപയോഗിക്കുന്ന ഒരു കൗമാരക്കാരൻ ഭേദപ്പെട്ട വേഗത്തിൽ ബൈക്ക് പായിച്ചാലും അതിൽ സംതൃപ്തി തോന്നണമെന്നില്ല. അവൻ വീണ്ടും കൂടുതൽ വേഗത്തിലാക്കാൻ ശ്രമം നടത്തുകയും തനിക്കും മറ്റുള്ളവർക്കും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇതേ പ്രശ്നംകൊണ്ടുതന്നെ കഞ്ചാവ് ശീലമാക്കുന്ന വ്യക്തികളിൽ പലരും അതിൽ തൃപ്തിപ്പെടാതെ ലഹരി കൂടുതലുള്ള മറ്റു മയക്കുമരുന്നുകൾ തേടി പോകാൻ തുടങ്ങും. ഇത് അവരുടെ ജീവിതത്തെ കൂടുതൽ അപകടകരമായ വഴികളിൽ കൊണ്ടെത്തിക്കും.
കേരളത്തിലും ഈ പ്രവണത ഇപ്പോൾ ശക്തമായിട്ടുണ്ട്. കഞ്ചാവ് വ്യാപിച്ചതിനു പിന്നാലെ കൂടുതൽ വീര്യമേറിയ മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ, കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്താംഫീറ്റാമിൻ) തുടങ്ങിയ ശക്തിയേറിയ മയക്കുമരുന്നുകൾ ഇതിനകം കേരളത്തിൽ പലേടത്തുനിന്നും പോലീസും എക്സൈസും പിടിച്ചെടുത്തുകഴിഞ്ഞു. 2018ൽ എറണാകുളത്തുനിന്നു മാത്രം സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ(MDMA) 34.6 കിലോഗ്രാം പിടിച്ചെടുത്തു. അതുപോലെ ശക്തിയേറിയ കെറ്റമിൻ(Ketamine) പോലുള്ള ചില മരുന്നുകൾ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന പ്രവണതയും വ്യാപകമായി.
കഞ്ചാവ് ലഹരി കേരളത്തിൽ അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പണ്ടൊക്കെ അതീവരഹസ്യമായി പലേടത്തും നടത്തിയിരുന്ന കഞ്ചാവ് ഇടപാടുകൾ ഇപ്പോൾ വലിയ മറയൊന്നുമില്ലാതെ അരങ്ങേറുന്നുവെന്നതും ഇതു വ്യാപകമാണെന്നതിന്റെ ലക്ഷണങ്ങളാണ്. ക്രിമിനൽ സംഘങ്ങളും മറ്റും പലപ്പോഴും ഈ രംഗവുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ നാട്ടുകാർ ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകടന്നുപോവുകയാണ് പതിവ്.
ട്രാഫിക് സെന്റർ
കേരളം മയക്കുമരുന്നിന്റെ ട്രാഫിക് സെന്റർ ആയെന്നു ഏതാനും ആഴ്ചമുന്പ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം പറഞ്ഞത് കേരളത്തിന്റെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ആയിരുന്നു. സൗത്ത് ഏഷ്യയിലേക്കു മുഴുവൻ കഞ്ചാവ് എത്തിക്കുന്നതു കേരളത്തിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തുന്നു. അത് ഇവിടെ വിറ്റഴിക്കുകയും മറ്റു രാജ്യങ്ങളിലേക്കു കടത്തുകയും ചെയ്യുന്നു. ആന്ധ്രയിൽ 20,000 ഹെക്ടർ സ്ഥലത്തു കഞ്ചാവ് കൃഷിയുണ്ടെന്ന് അദ്ദേഹംതന്നെ പറയുന്നു.
കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരു വിഭാഗവും വൻതോതിൽ കഞ്ചാവ് കടത്തികൊണ്ടുവരുന്നുണ്ട്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം, കേരളത്തിലേക്ക് ഇപ്പോഴുള്ള കഞ്ചാവിന്റെ ഒഴുക്ക് അത്ര പെട്ടെന്നു തടയാനാവില്ല, മാത്രമല്ല അതു ഇനിയും കൂടാനാണു സാധ്യത. നമ്മുടെ കൗമാരക്കാരെയും യുവജനങ്ങളെയും ഈ മാരകവിപത്തിൽനിന്നു സംരക്ഷിച്ചുനിർത്താൻ എക്സൈസും പോലീസും മാത്രം വിചാരിച്ചാൽ മതിയാവില്ല. ലഹരിമരുന്നിൽ ആണ്ടുപോയിട്ട് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഫലപ്രദം ഇത്തരം ദുരന്തങ്ങളിലേക്കു കൗമാരതലമുറ പോവാതെ സംരക്ഷിക്കുകയെന്നതാണ്.
(തുടരും)
പ്രത്യുത്പാദനശേഷിയും കഞ്ചാവും
ആണ്- പെണ് വ്യത്യാസമില്ലാതെ കഞ്ചാവ് ലഹരി പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി പഠനങ്ങൾ പറയുന്നു. 2015ൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ആഴ്ചയിൽ ഒന്നിലേറെ തവണ കഞ്ചാവ് ഉപയോഗിക്കുന്ന ഒരു പുരുഷനിൽ ബീജങ്ങളുടെ കൗണ്ട് മൂന്നിലൊന്നു കുറയുന്നതായി കണ്ടെത്തി. ശരാശരിയേക്കാൾ 28 ശതമാനം കുറവായിരുന്നു ഇവരുടെ കൗണ്ട്.
2003ൽ ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി അറ്റ് ബഫാലോ (University at Buffalo) നടത്തിയ പഠനത്തിൽ കഞ്ചാവ് ശീലമാക്കിയ പെണ്കുട്ടികളുടെ ലൈംഗികസ്രവങ്ങളിൽ കഞ്ചാവിൽനിന്നുള്ള രാസഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ബീജങ്ങൾ ശരീരത്തിൽ പ്രവേശിച്ചാൽ ഈ രാസഘടകങ്ങൾ അവയുടെ ചലനശേഷിയെയും മറ്റും പ്രതികൂലമായി ബാധിക്കും. അതുവഴി പ്രത്യുത്പാദനശേഷി കുറയാനും ഇടയാക്കും.
രാസഘടകങ്ങൾ ആർത്തവചക്രത്തെ ബാധിക്കുമെന്നും അതുവഴി അണ്ഡോത്പാദനത്തിൽ കുറവുവരുമെന്നും ചൂണ്ടിക്കാണിച്ചത് ദി ആൽക്കഹോൾ ആൻഡ് ഡ്രഗ് അബ്യൂസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യൂണിവേഴ്സിറ്റി ഒാഫ് വാഷിംഗ്ടണ് നടത്തിയ പഠനമാണ്. കാനഡയിലെ ഏറ്റവും വലിയ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ യൂണിവേഴ്സിറ്റി ഒാഫ് ഒട്ടാവ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരായ ഡോ. ആൻഡ്രൂ പൈപ്, റോബർട്ട് റേയ്ഡ് എന്നിവർ ഈ രംഗത്തു പഠനം നടത്തി പറയുന്നത് കഞ്ചാവിലെ രാസഘടകങ്ങൾ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടുന്നു എന്നാണ്.
അതുപോലെ ഒാക്സിജൻ വഹിക്കാനുള്ള രക്തത്തിന്റെ ശേഷിയെയും ബാധിക്കുന്നു. ഇതു ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. പുകയെടുക്കുന്നവരെ ശ്വാസകോശരോഗങ്ങളും വിടാതെ പിന്തുടരുമെന്നതാണ് മറ്റൊരു കെണി.
കഞ്ചാവിൽ കുരുങ്ങി കൗമാരം - 5 / ജോൺസൺ പൂവന്തുരുത്ത്