ഏതാനും മാസം മുന്പ് മധ്യകേരളത്തിലെ ഒരു മജിസ്ട്രേറ്റിനു മുന്നിലേക്കു പോലീസ് ആ കൗമാരക്കാരനെ എത്തിച്ചു. കഞ്ചാവ് പിടിച്ചെടുത്തതാണ് കേസ്. പോലീസ് അവനെ മുറിയിലേക്കു കയറ്റിയതും അവന്റെ അമ്മ പൊട്ടിത്തകർന്നു വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അവരുടെ കരച്ചിലും സങ്കടവും കാഴ്ചക്കാരെയും വിഷമിപ്പിച്ചു.
ആ അമ്മയുടെ നിലവിളിയും അവന്റെ പ്രായവും കണക്കിലെടുത്തപ്പോൾ അവന് എന്തെങ്കിലും മനസ്താപം ഉണ്ടെങ്കിൽ മാനുഷിക പരിഗണന നൽകാമെന്നു കരുതിയാവണം അദ്ദേഹം അവനോട് ചോദിച്ചത്: നീ കഞ്ചാവ് ഉപയോഗിക്കുമോ? ഉപയോഗിക്കും. - ഒരു കൂസലുമില്ലാതെ അവന്റെ മറുപടി. ഇത്രയും കഞ്ചാവ് എന്തിനാണ്? നീ ആർക്കെങ്കിലും അതു വിൽക്കാറുണ്ടോ? എനിക്ക് കുറെ ഇടപാടുകാരുണ്ട്, അവർക്കു കൊടുക്കാറുണ്ട്!... ഇനിയും അതു ചെയ്യാൻ മടിയില്ലെന്ന മട്ടിലുള്ള ആ കൗമാരക്കാരന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ കണ്ടുനിന്നവർക്കു മാത്രമല്ല മജിസ്ട്രേറ്റിന്റെ മുഖത്തുപോലും അന്പരപ്പ്!
അബദ്ധവാദങ്ങൾ
കഞ്ചാവ് ഉപയോഗിക്കണം എന്ന അതീവ ആഗ്രഹത്തോടെ ഉപയോഗിച്ചു തുടങ്ങുന്നവരല്ല കൗമാരക്കാരിൽ ബഹുഭൂരിപക്ഷവും. കൂട്ടുകാരുടെ പ്രലോഭനം, മറ്റുള്ളവരുടെ മുന്നിൽ ആളാകാനുള്ള ത്വര, സംഘർഷഭരിതമായ ജീവിതസാഹചര്യങ്ങൾ ഇവയൊക്കെ കുട്ടികളെ തെറ്റായ വഴികളിലെത്തിക്കുന്നുണ്ട്. മദ്യത്തിന്റെ ലഹരിയിൽ തമാശയ്ക്കു കഞ്ചാവ് പുകച്ചുതുടങ്ങുകയും വൈകാതെ അതിൽ അകപ്പെടുകയും ചെയ്യുന്ന നിരവധി പേർ ഇപ്പോൾ ചികിത്സ തേടി എത്താറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
കഞ്ചാവിന്റെ ലഹരി ഭാവനകളെ ഉണർത്തുമെന്നും ചിന്താശേഷി കൂട്ടുമെന്നുമൊക്കെയുള്ള അബദ്ധവാദങ്ങൾ പണ്ടു മുതൽ കേട്ടുവരുന്നതാണ്. ചില സിനിമാക്കാരും കലാകാരന്മാരുമൊക്കെ ഇത്തരം പ്രചാരണങ്ങളുടെ വക്താക്കളായി മാറിയിട്ടുമുണ്ട്. അതുമൂലം ഇത്തരം രംഗങ്ങളിലേക്ക് എത്തുന്ന ന്യൂജൻ തലമുറ ഈ ഫീൽഡിൽ പിടിച്ചുനിൽക്കണമെങ്കിൽ ഇതൊക്കെ വേണമെന്ന തെറ്റിദ്ധാരണയിൽ ഇവയ്ക്കു പിന്നാലെ പോകുന്ന കാഴ്ചയും ഇന്ന് അപരിചിതമല്ല. എന്നാൽ, നൈമിഷികമായ ചില രസങ്ങൾക്കപ്പുറം കഞ്ചാവ് ലഹരി തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകിടംമറിക്കുന്ന അപകടകാരിയാണെന്നു വൈദ്യശാസ്ത്രം അടിവരയിട്ടു പറയുന്നു.
കഞ്ചാവിന്റെ ഉപയോഗം മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ലോകമെന്പാടും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഇവരാരും തന്നെ ഭാവനയും ചിന്തയും ക്രിയാശേഷിയും വളർത്താൻ കഞ്ചാവ് ഉപയോഗം ശിപാർശ ചെയ്തിട്ടില്ല. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഇതു നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ ലിസ്റ്റിലാണ് ഇടംപിടിച്ചിട്ടുള്ളത്. അതേസമയം, ചില രാജ്യങ്ങൾ മരുന്നുനിർമാണം, ചികിത്സ തുടങ്ങിയവയ്ക്കായി കഞ്ചാവ് കൈകാര്യം ചെയ്യാൻ ലൈസൻസ് അനുവദിക്കാറുണ്ട്. അടുത്ത കാലത്തായി ചില ഗ്രൂപ്പുകൾ വിനോദാവശ്യത്തിനായി കഞ്ചാവ് നിയമപരമാക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. ചില രാജ്യങ്ങൾ ഈ വഴിക്കു നീങ്ങിയിട്ടുമുണ്ട്.
കുറുക്കുവഴി
കൊളംബിയ യൂണിവേഴ്സിറ്റിയിലെ എപ്പിഡമിയോളജി വിഭാഗം പ്രഫസർ ഡോ.ഡെബോറ ഹാസിൻ പറയുന്നത് പതിവായ കഞ്ചാവ് ഉപയോഗം അതിന്റെ അടിമത്വത്തിലേക്കുള്ള കുറുക്കുവഴിയാണെന്നാണ്. സ്വയം വിചാരിച്ചാൽ ഒരുപക്ഷേ, തിരിച്ചുവരാൻ കഴിയാത്ത വിധം ശക്തമായ അടിമത്തം.
പതിവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് ഒന്നോ രണ്ടോ ദിവസം ഇതു ലഭിക്കാതെ വരുന്നതോടെ കടുത്ത അസ്വസ്ഥതയും വിഷാദവും അനുഭവപ്പെടും. അതുകൊണ്ട് കഞ്ചാവ് ഉപയോഗിക്കുക എന്നത് അവർക്കു ജീവിതത്തിലെ മറ്റു കാര്യങ്ങളേക്കാൾ പ്രധാനപ്പെട്ടതായി മാറും. മദ്യവും മറ്റും അമിത അളവിൽ ഉപയോഗിച്ചാൽ അപ്പോൾത്തന്നെ മരണം സംഭവിക്കാം. എന്നാൽ, കഞ്ചാവിൽ സഡണ് ഡെത്ത് ഉണ്ടാവാറില്ല. അതേസമയം, മദ്യം സൃഷ്ടിക്കുന്നതിനേക്കാൾ അപകടകരമായ പാർശ്വഫലങ്ങളാണ് കഞ്ചാവ് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. കഞ്ചാവിനൊപ്പം പലരും ഗുരുതരമായ മാനസിക, വൈകാരിക പ്രശ്നങ്ങളിലേക്കാണ് നടന്നടുക്കുന്നതെന്നതാണ് യാഥാർഥ്യം.
അനന്തരഫലങ്ങൾ
ഉത്കണ്ഠ, വിഷാദം, അടിമത്തം, മാനസികപ്രശ്നങ്ങൾ എന്നിവയാണ് കഞ്ചാവ് ഉപയോഗത്തിന്റെ ഏറ്റവും സാധാരണമായ അനന്തരഫലങ്ങൾ. ദി അമേരിക്കൻ ജേർണൽ ഓഫ് സൈക്കാട്രി 2017ൽ കഞ്ചാവ് അടിമകളായ 6,788 രോഗികളിൽ നടത്തിയ പഠനത്തിൽ പകുതിയോളം പേരിൽ സ്കിസോഫ്രേനിയ (Schizophrenia) എന്ന അതീവഗുരുതര മാനസിക പ്രശ്നത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
ഉത്കണ്ഠ
ഏതു മയക്കുമരുന്നിന്റെയും പാർശ്വഫലങ്ങളിലൊന്നാണ് ഉത്കണ്ഠ. കൗമാരപ്രായത്തിൽ കഞ്ചാവ് ശീലിക്കുന്നവർക്ക് പിന്നീടുള്ള ജീവിതത്തിൽ അനാവശ്യ ഉത്കണ്ഠ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പഠനങ്ങൾ പറയുന്നു. ചിലർ ഉപയോഗിച്ചുകഴിഞ്ഞാൽ തീർത്തും ശാന്തരും മയക്കം അനുഭവപ്പെടുന്നവരുമായിരിക്കും. മറ്റു ചിലർ സംശയരോഗം, അമിത ഉത്കണ്ഠ, ആക്രമണ സ്വഭാവം എന്നിവ പ്രകടിപ്പിക്കും.
വിഷാദം
അടുത്ത കാലത്ത് ഓസ്ട്രേലിയയിലെ സെന്റർ ഫോർ അഡോളസന്റ് ഹെൽത്ത്, ഒമർഡോക് ചിൽഡ്രൻസ് റിസർച്ച് ഇൻസിസ്റ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു. കൗമാരകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഭാവിയിൽ മറ്റുള്ളവരേക്കാൾ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഈ പഠനം പറയുന്നു. പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന പെണ്കുട്ടികളും എളുപ്പത്തിൽ വിഷാദം, ഉത്കണ്ഠ എന്നിവയിലേക്കു വഴുതി വീഴാം.
എപ്പോഴും ദുഃഖം തോന്നുക, പ്രതീക്ഷ നഷ്ടപ്പെടുക, ക്ഷീണിതരായി കാണപ്പെടുക, ആത്മഹത്യാചിന്തകൾ അലട്ടുക തുടങ്ങിയവയായിരിക്കും ഇതിന്റെ പരിണിത ഫലങ്ങൾ. മാനിക് എന്ന ഘട്ടത്തിൽ അമിത ആവേശം പ്രകടിപ്പിക്കും. ചിന്തകൾക്കും വേഗം കൂടും, ഇതു പലപ്പോഴും വിഭ്രാന്തിയിലേക്കു ചെന്നെത്തും.
മേരിലാൻഡ് സൈക്യാട്രിക് റിസർച്ച് സെന്റർ, സ്കിസോഫ്രേനിയ ഇന്റർനാഷണൽ റിസർച്ച് സൊസൈറ്റി എന്നിവയുമായി സഹകരിച്ചു ഒാക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് അസോസിയേഷൻ പുറത്തിറക്കുന്ന സ്കിസോഫ്രേനിയ ബുള്ളറ്റിനിൽ 2017ൽ ഒരു ഗവേഷണഫലം പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം ഒരാഴ്ചയിൽ പലതവണ കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരിൽ മാനിക്( Manic) എന്ന ഉന്മാദാവസ്ഥയുടെ ലഘുവായ രൂപം കാണപ്പെടാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ പ്രായത്തിൽ ഇത്തരം ലഹരിയുടെ അടിമയാകുന്ന വ്യക്തിക്ക് ബൈപോളാർ ഡിസോഡർ (Bipolar disorder) എന്ന മാനസികാവസ്ഥ സംജാതമാകും. പെരുമാറ്റം, പ്രവൃത്തി, കാര്യശേഷി എന്നിവയിൽ അസാധാരണ ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്ന രോഗാവസ്ഥയാണിത്.
കഞ്ചാവും പക്ഷാഘാതവും
കഞ്ചാവ് പതിവായി ഉപയോഗിക്കുന്നവർക്കു പക്ഷാഘാത സാധ്യതയുണ്ടെന്ന കണ്ടെത്തൽ പുറത്തുവന്നത് ഏതാനും മാസങ്ങൾക്കു മുന്പാണ്. കാനഡയിലെ മോണ്ട്രിയോളിൽ 2018 ഒക്ടോബറിൽ നടന്ന പതിനൊന്നാമത് വേൾഡ് സ്ട്രോക് കോണ്ഗ്രസി (World Stroke Congress) ലാണ് ഗവേഷകർ ഈ സുപ്രധാന കണ്ടെത്തൽ അവതരിപ്പിച്ചത്. 2010-2014 കാലഘട്ടത്തിൽ അമേരിക്കയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നു സമ്മതിച്ച 23.3 ലക്ഷം പേരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
സമൂഹത്തിൽ പൊതുവേയുള്ള പക്ഷാഘാത നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടർന്നപ്പോൾ വിനോദത്തിനായി കഞ്ചാവ് ഉപയോഗിച്ചിരുന്നവരിൽ പക്ഷാഘാതനിരക്ക് കൂടിയതായി കണ്ടെത്തി. ഇതിൽ 32,231 പേർക്കു പക്ഷാഘാതവും 19,452 പേർക്കു തലച്ചോറിന്റെ ഒരു ഭാഗത്തു രക്തയോട്ടം ഗുരുതരമായി നിലയ്ക്കുന്ന അവസ്ഥയുമുണ്ടായി.
കഞ്ചാവ് ഉപയോഗിക്കുന്നവരിൽ പക്ഷാഘാതനിരക്ക് പഠനം നടന്ന അഞ്ചു വർഷത്തിനിടെ 1.3 ശതമാനത്തിൽനിന്ന് 1.5 ശതമാനത്തിലേക്കു കൂടിയതായും പഠനം പറയുന്നു. വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നതിനു കാനഡ നിയമപരമായ അനുവാദം നൽകിയതിന്റെ രണ്ടാം ദിനമാണ് ഈ പഠനം പുറത്തുവന്നതെന്നാണ് കൗതുകകരം. വിനോദത്തിനായി കഞ്ചാവ് അനുവദിക്കണമെന്ന ആവശ്യം പല രാജ്യങ്ങളിലും ചില ഗ്രൂപ്പുകൾ ശക്തമായി ഉന്നയിക്കുന്നതിനെതിരേയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പഠനമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കവാടം
അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണ് ഡ്രഗ് അബ്യൂസ് നടത്തിയ പഠനം പറയുന്നതനുസരിച്ച് 18 വയസിനു മുന്പ് തുടങ്ങുന്ന കഞ്ചാവ് ഉപയോഗം അതീവ അപകടകരമാണ്. അടിമത്വവും പാർശ്വഫലങ്ങളും അനുഭവപ്പെടാനുള്ള സാധ്യത നാലു മുതൽ ഏഴു ശതമാനം വരെ കൂടുതലാണ്.
17 ശതമാനത്തിലേറെ പേർക്ക് ശക്തമായ അടിമത്വം അനുഭവപ്പെടുന്നു. ഇവർ ഭാവിയിൽ ലഹരികൂടിയ മറ്റ് ഇനങ്ങളിലേക്കു തിരിയാനുള്ള സാധ്യതയുമുണ്ട്. കൂടുതൽ അപകടകാരികളായ മയക്കുമരുന്നുകളിലേക്കുള്ള പ്രവേശന കവാടമാണ് കഞ്ചാവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
കഞ്ചാവ് പുകച്ചാൽ പറന്നു നടക്കുമോ?
കഞ്ചാവ് പുകച്ചാൽ ഭാരമില്ലാതെ അന്തരീക്ഷത്തിലൂടെ പറന്നുനടക്കുന്നതുപോലെ തോന്നും. പലരും പറഞ്ഞുകേൾക്കുന്നതാണ് ഈ അനുഭവം. സത്യത്തിൽ എന്താണ് ഇതിന്റെ രഹസ്യം? ശരീരത്തെ പലരീതിയിൽ ബാധിക്കുന്ന നിരവധി കെമിക്കലുകൾ കഞ്ചാവിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ നേരിട്ടു ബാധിക്കുന്ന (Psychoactive) മയക്കുമരുന്നാണ് കഞ്ചാവ്. തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന 113 രാസസംയുക്തങ്ങളെങ്കിലും കഞ്ചാവിൽ കണ്ടെത്തിയിട്ടുണ്ട്. THC (Tetrahydrocannabinol) എന്ന കെമിക്കലാണ് ഇതിലെ പ്രധാന സൈക്കോ ആക്ടീവ് ഘടകം. ഈ കെമിക്കലാണ് പറന്നുനടക്കുന്ന തോന്നൽ സൃഷ്ടിക്കുന്നത്.
സന്തോഷം, ഓർമ, ശ്രദ്ധ, സമയബോധം, കാര്യശേഷി തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തെയാണ് കഞ്ചാവ് ഉപയോഗം ബാധിക്കുന്നത്. രക്തധമനിയിൽ കടക്കുന്ന ഘടകങ്ങൾ നേരേ തലച്ചോറിലെത്തും. കഞ്ചാവിലെ കെമിക്കൽ സന്തോഷം നൽകുന്ന സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കും. ഇതോടെയാണ് ഉയർന്നു പൊങ്ങുന്നതായുള്ള തോന്നൽ ഉണ്ടാകുന്നത്. ആദ്യമൊക്കെ രസം തോന്നുമെങ്കിലും വൈകാതെ ഇതു വിനയായി മാറും. പറക്കുന്ന അനുഭവത്തിനു ചെറിയ ഡോസ് പോരാതെ വരും. ഓർമക്കുറവ് കലശലാകും.
അമിതഅളവിലാണ് കഞ്ചാവ് ലഹരി ഉള്ളിലെത്തുന്നതെങ്കിൽ വിഭ്രാന്തി, വിചിത്ര കാഴ്ചകൾ കാണുന്നതുപോലെയുള്ള ചേഷ്ടകൾ, മാനസിക പിരിമുറുക്കം എന്നിവ പ്രകടമാകാം. മലയാള സിനിമയിലെ ഒരു ന്യൂജൻ തിരക്കഥാകൃത്ത് കഞ്ചാവ് ലഹരിമൂത്ത് നഗ്നനായി റൂമിനു വെളിയിൽ ചാടുകയും മറ്റൊരു ഫ്ളാറ്റിലെ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത് ഏതാനും വർഷം മുന്പ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ലഹരി ഇറങ്ങിക്കഴിയുന്പോൾ ചിലരിൽ തലവേദനയും തളർച്ചയും അനുഭവപ്പെടും. ചിന്താശേഷിയും വിവേചനശേഷിയും നഷ്ടമാകൽ, വൈകാരിക മാറ്റങ്ങൾ എന്നിവയും പ്രകടമാകാം. ഇതോടെ വീണ്ടും ലഹരി ഉപയോഗിക്കണമെന്ന തോന്നൽ ശക്തമാവുകയും ചെയ്യും.
കഞ്ചാവിൽ കുരുങ്ങി കൗമാരം-4 / ജോൺസൺ പൂവന്തുരുത്ത്
(തുടരും)