വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്.
തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കസ്റ്റമർ പുകഞ്ഞാൽ ഡീലറാകും!
2018 നവംബർ എട്ടിനു പോലീസിനെ ഞെട്ടിച്ച ഒരു കവർച്ചാശ്രമം കോട്ടയം- കുമളി റോഡിൽ അരങ്ങേറി. പീരുമേട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം തകർത്തു പണമെടുക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് കൂടുതൽ വിവരങ്ങളെത്തിയത്. പീരുമേട്ടിൽ മാത്രമല്ല, ഇതേ ദിവസംതന്നെ കുമളി, കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലെ എടിഎമ്മുകളിലും കവർച്ചാശ്രമം നടന്നു.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ സിസി ടിവി ദൃശ്യങ്ങളുടെയും മൊബൈൽ ഫോണ് ലൊക്കേഷനുകളുടെയും സഹായത്തോടെ പ്രതികളെ പോലീസ് വലയിലാക്കി. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞപ്പോഴാണ് പോലീസ് വീണ്ടും ഞെട്ടിയത്. പിന്നിൽ മൂന്നംഗ കൗമാരസംഘം. കുമരകം ചെങ്ങളം സ്വദേശിയായ ഒരാളുടെ പ്രായം 19. മറ്റു രണ്ടുപേരും പതിനേഴും പതിനാറും വയസുള്ളവർ.
കുട്ടിസംഘങ്ങൾ
കുട്ടിസംഘത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കഞ്ചാവ് ലഹരി നമ്മുടെ കുട്ടികളെ ഏതൊക്കെ വഴിയിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്റെ അവിശ്വസനീയമായ കഥകൾ പുറത്തേക്കു വന്നു. എടിഎം തകർക്കുന്നതിനുള്ള ഹാമർ, കട്ടർ, സ്ക്രൂഡ്രൈവർ, ചുറ്റിക, മുഖംമൂടി എന്നിങ്ങനെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു സംഘത്തിന്റെ യാത്രകൾ. കുറെ വർഷങ്ങളായി കഞ്ചാവ് ലഹരിയാണ് ഈ കുട്ടിസംഘത്തിന്റെ ലോകം. അതിനുവേണ്ടി എന്തും ചെയ്യും... കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വന്നതോടെ കൂട്ടുകാർക്കും മറ്റും കഞ്ചാവ് വിറ്റു പണമുണ്ടാക്കാൻ ശ്രമം തുടങ്ങി.
![](/feature/Drug_addict01.jpg)
കഞ്ചാവ് വാങ്ങാൻ തമിഴ്നാട്ടിലെ കന്പത്തേക്കു ബൈക്കിൽ പതിവായി യാത്ര തുടങ്ങി. ഈ യാത്രകളിലാണ് വഴിയോരങ്ങളിലെ എടിഎമ്മുകൾ ശ്രദ്ധയിൽപ്പെടുന്നത്. എടിഎം മോഷണങ്ങളുടെ യു ട്യൂബ് ദൃശ്യങ്ങൾ കണ്ടു മനസിലാക്കിയാണ് എടിഎം തകർത്തു പണമെടുക്കാൻ പദ്ധതിയിട്ടത്. പോലീസും എക്സൈസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനു ശേഷം പ്രതികളെ പിടികൂടിയത്. പ്രതികളുടെ നൂറോളം സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും കഞ്ചാവിന് അടിമകളാണത്രേ. യുവാക്കളും വിദ്യാർഥികളുമായിരുന്നു പ്രതികളിൽനിന്നു പതിവായി കഞ്ചാവ് വാങ്ങിയിരുന്നതെന്നു പോലീസ് പറയുന്നു.
വിതരണക്കാർക്ക് പഞ്ഞമില്ല
വിതരണക്കാരെയും വില്പനക്കാരെയും കണ്ടെത്തുകയെന്നതാണ് ഏതൊരു കച്ചവടത്തിലും ഏറ്റവും ദുഷ്കരമായിട്ടുള്ള ഘടകം. എന്നാൽ, കഞ്ചാവ് വില്പനയ്ക്കു യാതൊരു പഞ്ഞവുമില്ലാതെ വിതരണക്കാരെയും കച്ചവടക്കാരെയും ലഭിക്കും. അതാണ് ഈ ലഹരി വിതയ്ക്കുന്ന ഏറ്റവും വലിയ ദുരന്തവും. കഞ്ചാവ് ലഹരിക്ക് അടിമയായി മാറുന്ന വിദ്യാർഥികളിലും യുവാക്കളിലും വലിയൊരു വിഭാഗം പതിയെപ്പതിയെ അവയുടെ വില്പനക്കാരായി മാറും.
കസ്റ്റമറായി എത്തുന്നവൻ കുറെക്കാലം പുകച്ചുകഴിയുന്പോൾ ഡീലറായി മാറുന്ന കാഴ്ച! കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇതു കൈകാര്യം ചെയ്യാനും കൈവശം വയ്ക്കാനുമുള്ള അറപ്പും ഭയവും പതിയെ അകന്നുതുടങ്ങും. ഇതോടെ പലരും ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന കാരിയർമാരാകാൻ സന്നദ്ധരാകും. ഇതുവഴി പതിവായി കഞ്ചാവും കാശും കൈയിലെത്തുമെന്നത് ഇവർക്കു വലിയൊരു പ്രലോഭനമാണ്.
തേടിയെത്തുന്നവർ
കസ്റ്റമേഴ്സിനെ അന്വേഷിച്ചു നടക്കേണ്ടതില്ല എന്നതാണ് ഈ കച്ചവടത്തിന്റെ മറ്റൊരു "ആകർഷണം'. സാധനം എവിടെ കിട്ടുമോ അവിടേക്ക് ആവശ്യക്കാർ ഏതു പാതിരാത്രിയിലും തേടിപ്പിടിച്ച് എത്തിക്കോളും. കച്ചവടം ചെയ്യാൻ തയാറാണെങ്കിൽ നിങ്ങൾക്കു സാധനം എത്തിച്ചുതരാൻ നിരവധി ലഹരിസംഘങ്ങളുണ്ട്. കൂടുതൽ ലാഭം വേണമെന്നുള്ളവർ തമിഴ്നാട്ടിലോ മറ്റോ പോയി സാധനം നേരിട്ടുവാങ്ങി വില്പന നടത്തും. നിരവധി കൗമാരസംഘങ്ങളാണ് കന്പത്തും മറ്റും പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നു വില്പന നടത്തുന്നത്.
എക്സൈസിന്റെയും പോലീസിന്റെയും പരിശോധനകൾ കർശനമായതോടെ കഞ്ചാവ് കൈമാറാൻ കച്ചവടക്കാർ പുതിയ തന്ത്രങ്ങളും ഇപ്പോൾ പ്രയോഗിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ആവശ്യക്കാരെ അറിയിച്ച ശേഷം പ്രത്യേക സ്ഥലത്ത് കഞ്ചാവ് പൊതികളാക്കി ആരുടെയും ശ്രദ്ധയിൽപെടാതെ നിക്ഷേപിക്കും. ആവശ്യക്കാർ ഈ സ്ഥലം തേടിപ്പിടിച്ചു ചെന്ന് കഞ്ചാവ് കൈക്കലാക്കും. വാട്ട്സ് ആപ് ഗ്രൂപ്പുകളുണ്ടാക്കി വ്യാപകമായ കഞ്ചാവ് കച്ചവടത്തിനു മേൽ പോലീസിന്റെ നിരീക്ഷണം സൈബർ സെല്ലിന്റെ സഹായത്തോടെ ശക്തമാക്കിയപ്പോഴാണ് പുതിയ തന്ത്രങ്ങളുമായി സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്.
സ്കൂളുകളുടെയും കോളജുകളുടെയുമൊക്കെ ഒഴിഞ്ഞ കോണുകളും കുറ്റിക്കാടുകളും മതിൽപ്പൊത്തുകളും കുപ്പത്തൊട്ടിയുമൊക്കെ ഇങ്ങനെ കഞ്ചാവ് നിക്ഷേപകേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നാണ് അടുത്ത കാലത്തു ചില സംഘങ്ങളെ കുടുക്കിയ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം.
കുറ്റകൃത്യങ്ങളിൽ
കച്ചവടക്കാരായി മാറുന്നതു കൂടാതെ കൗമാരക്കാർ ഈ ലഹരിമരുന്നു വഴി വ്യാപകമായി കുറ്റകൃത്യങ്ങളിലേക്കും ആനയിക്കപ്പെടുന്നുണ്ടെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു.
സൗജന്യമായി നൽകി ഇരകളെ വീഴ്ത്തുകയെന്ന തന്ത്രം വ്യാപകമായി ഈ രംഗത്ത് ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപയോഗിച്ചു തുടങ്ങാനായി സൗജന്യമായി കഞ്ചാവ് നൽകപ്പെടും. വൈകാതെ കഞ്ചാവ് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ആൾ മാറുന്നതോടെ ആദ്യം സൗജന്യമായി നൽകിയതിന്റെ വിലകൂടി ഈടാക്കി കഞ്ചാവ് എത്തിച്ചുകൊടുക്കും. കിട്ടാനുള്ള ബുദ്ധിമുട്ട് അനുസരിച്ചു വിലയും കൂടും. ഇതോടെ സാധനം വാങ്ങാൻ ദിവസവും പണം കണ്ടെത്തേണ്ടത് ബാധ്യതയായി മാറും. ആദ്യമൊക്കെ വീട്ടുകാരോടു കള്ളം പറഞ്ഞും കൂട്ടുകാരോടു കടംവാങ്ങിയുമൊക്കെ പണം കണ്ടെത്തും. പക്ഷേ, മുന്നോട്ടുപോകുന്തോറും അതു കഴിയാതെ വരുന്നതോടെ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴികളിലേക്ക് തിരിയാൻ ഇവർ നിർബന്ധിതരാകും. പലപ്പോഴും മാല പൊട്ടിക്കൽ, ബൈക്ക് മോഷണം, ക്വട്ടേഷൻ ആക്രമണങ്ങൾ, മയക്കുമരുന്നു കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്ന കൗമാരക്കാരിൽ പലരും കഞ്ചാവിനായും മറ്റും പണം കണ്ടെത്താനാണ് ഇത്തരം സാഹസങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത്.
കൗമാരക്കാർ ഉൾപ്പെടുന്ന ഇത്തരം കേസുകൾ സമീപകാലത്തായി പെരുകിയിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സാഹചര്യം മുതലെടുത്തു ക്വട്ടേഷൻ സംഘങ്ങളും മറ്റും കൗമാരക്കാരെ ചൂഷണം ചെയ്യുന്നതും പതിവായിട്ടുണ്ട്. ഇത്തരം ചൂഷണങ്ങൾക്കുമപ്പുറം ശാരീരികമായും മാനസികമായും ഈ ലഹരിമരുന്ന് ഒരു വ്യക്തിയെ എത്രത്തോളം തകർത്തുകളയുമെന്നതിനെക്കുറിച്ചു നമ്മുടെ കൗമാര-യുവതലമുറകൾക്ക് ഇനിയും വേണ്ടത്ര അവബോധമില്ല എന്നതാണ് സത്യം. ഇഷ്ടമുള്ളപ്പോൾ തുടങ്ങാനും നിർത്താനും കഴിയുന്ന ഒന്നാണ് കഞ്ചാവ് ഉപയോഗം എന്ന അബദ്ധധാരണയാണ് പലരെയും ഭരിക്കുന്നത്. ശീലമാക്കിക്കഴിഞ്ഞാൽ പിന്നെ സ്വന്തം മനസിന്റെയും ശരീരത്തിന്റെയും നിയന്ത്രണം കൈവിട്ടുപോകുന്നതു പലരും തിരിച്ചറിയാറില്ല.
കഞ്ചാവിൽ കുരുങ്ങി കൗമാരം - 3
ജോൺസൺ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.