ഒരാവേശത്തിന് എടുത്തു ചാടിയാൽ പത്താവേശത്തിനു തിരികെ കയറാൻ പറ്റില്ലെന്നു പണ്ടു ചാടിയവരിൽ ആരോ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബിജെപിക്കാരുടെയും സംഘമിത്രങ്ങളുടെയും സ്ഥിതി കാണുന്പോൾ ഈ ചൊല്ലാണ് പലർക്കും ഓർമവരുന്നത്. ശബരിമല സമരവുമായി ചാടിയിറങ്ങിയപ്പോൾ ചിലർ ദണ്ഡയിൽ കുത്തിചാടിക്കളഞ്ഞു. ചെന്നുവീണതോ ജയിലിന്റെ മതിലും കടന്ന് അകത്തേക്ക്. ജയിൽ ചപ്പാത്തിയും ചിക്കൻ കറിയും ഫ്രീയായി കിട്ടുമെങ്കിൽ രണ്ടു ദിവസം ഇവിടെ കിടന്നു റെസ്റ്റ് എടുക്കാമെന്നാണ് ആദ്യം ചിലരൊക്കെ ചിന്തിച്ചത്. പക്ഷേ, ആഴ്ചകൾ കഴിഞ്ഞതോടെ റെസ്റ്റ് എടുത്തു മടുത്തു, ചപ്പാത്തിയും ചിക്കനും മതിയായി.. സംഭവം പോസ്റ്റ് ആയോ എന്ന് അപ്പോൾ മിത്രങ്ങൾക്കു തോന്നിത്തുടങ്ങി.
പേര് ജയിൽ എന്നാണെങ്കിലും സംഗതി സത്യത്തിൽ ഒറ്റാൽ ആയിരുന്നു. കയറാൻ വളരെ എളുപ്പം, പക്ഷേ, ഇറങ്ങണമെങ്കിൽ ശതം സമർപ്പയാമി! എന്നു പറഞ്ഞാൽ കലികയറി തല്ലിപ്പൊളിച്ചതിനു തുല്യമായ കാശ് മേശപ്പുറത്തു കെട്ടിവയ്ക്കണം പോലും. ""ഇതാ ആശാനെ നിങ്ങൾ ചോദിച്ച കാശ്'' എന്നുപറഞ്ഞു കീശയിൽനിന്നെടുത്തു വീശണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഒന്നും രണ്ടും അല്ലല്ലോ ശതം ശതം സമർപ്പയാമികളല്ലേ ഹർത്താൽ തകർപ്പയാമിയും കഴിഞ്ഞ് അകത്തുകിടക്കുന്നത്. നേതാക്കളെ ആണെങ്കിൽ ആരൊക്കെയോ ഒരുവിധം ശതം സമർപ്പിച്ചു പുറത്തിറക്കി. ഇനിയുള്ള മിത്രങ്ങളെ ഇറക്കണമെങ്കിൽ ചെറിയ ശതങ്ങൾ പോരാ എന്നതാണു പ്രശ്നം.
ഈ നാട്ടിൽ പിരിവുകൾ പലവിധമാണ്. ബക്കറ്റിൽ പിരിക്കാം, കുറ്റിയടിച്ചു പിരിക്കാം, കുത്തിനുപിടിച്ചു പിരിക്കാം. ഇതൊന്നും കൂടാതെ ""ഒരു നൂറിങ്ങ് ഇട് മാഷെ'' എന്നു പറഞ്ഞാൽ നാട്ടുനടപ്പ് അനുസരിച്ച് അതു ബിവറേജസിലെ ഷോപ്പിംഗിനുള്ള സ്പെഷൽ പിരിവായി.
അകത്തായവരെ പുറത്തിറക്കാൻ ഒരു നൂറിടണമെന്നു പറഞ്ഞു ചെന്നാൽ നാട്ടുകാർ മറ്റേ പിരിവാണോയെന്നു തെറ്റിദ്ധരിക്കുമെന്നു കരുതിയാവണം ചോദ്യം സംസ്കൃതത്തിലേക്ക് ഒന്നു മാറ്റിപ്പിടിച്ചത്. ഒരു നൂറിടണം എന്നു പറഞ്ഞാൽ മലയാളിയുടെ സ്വഭാവം വച്ച് അന്പതെങ്കിലും കിട്ടിയാൽ ഭാഗ്യം. എന്നാൽ, "ശതം സമർപ്പയാമി' എന്നാണ് പറയുന്നതെങ്കിൽ ചുരുങ്ങിയത് ഇരുനൂറ് എങ്കിലും ഇട്ടിരിക്കും! കാരണം, പറന്പിൽ വെറുതെ വീഴുന്ന ചക്കയെ പുറംകാലിനു തൊഴിച്ചെറിഞ്ഞിട്ട് ഷോപ്പിംഗ് മാളിൽ പോയി അതേസാധനം ആയിരം രൂപയ്ക്കു വാങ്ങുന്നവരാണല്ലോ മലയാളി!
ഇങ്ങനെ സെഞ്ചുറിപിരിവ് ഒരുവിധം മുന്നോട്ടുനീങ്ങുന്പോഴാണ് മിത്രങ്ങൾക്കു മറ്റൊരു ഐഡിയ തോന്നിയത്. സമർപ്പയാമിയുടെ അക്കൗണ്ട് നന്പർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താൽ കൂടുതൽ ഷെയർ വരില്ലേ? വരും, വരണമല്ലോ! അങ്ങനെ സമർപ്പയാമിയുടെ അക്കൗണ്ട് നന്പർ ചില ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. "ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്' എന്നാണല്ലോ. അതുകൊണ്ടാവണം മിത്രങ്ങളുടെ ഏതോ ശത്രുക്കൾ ഒരു നിമിഷം പോലും പാഴാക്കാതെ ആ അക്കൗണ്ട് നന്പർ ചെയ്ഞ്ച് ചെയ്തു പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നന്പർ പകരംവച്ചു പ്രചരിപ്പിച്ചു. "ശതം സമർപ്പയാമി' എന്നു കണ്ടപാടെ പലരും പൈസയെടുത്ത് അക്കൗണ്ടിലേക്കു തട്ടി.
അണികളിൽ പലരും ഉണ്ടായിരുന്നതു തപ്പിപ്പെറുക്കി ഇട്ടുകഴിഞ്ഞപ്പോഴാണ് സമർപ്പണം റൂട്ടു മാറിയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നു സംഘമിത്രങ്ങൾക്കു പിടികിട്ടിയത്. എവിടെ കൊടുക്കരുതെന്നാണോ പറഞ്ഞിട്ടുള്ളത് അവിടേക്കാണ് പണം തങ്ങളുടെ ചെലവിൽ ടാക്സിപിടിച്ചു പൊയ്ക്കൊണ്ടിരിക്കുന്നതെന്നു തിരിച്ചറിഞ്ഞപ്പോൾ മിത്രങ്ങൾ ശരിക്കും ഞെട്ടി. അതിനെതിരേ മതിൽ തീർക്കാൻ രംഗത്തിറങ്ങിയെങ്കിലും ലക്ഷങ്ങൾ ഇതിനകം മുഖ്യമന്ത്രിയുടെ ഫണ്ടിൽ എത്തിയെന്നാണ് കേൾവി. ചുരുക്കിപ്പറഞ്ഞാൽ മൊത്തത്തിൽ ഒരു ഹർത്താൽ തകർപ്പയാമി!
മിസ്ഡ് കോൾ
= കുഞ്ഞനന്തന് അസുഖമാണെങ്കിൽ പരോളല്ല ചികിത്സയാണ് കൊടുക്കേണ്ടതെന്നു ഹൈക്കോടതി.
- വാർത്ത
= ഇപ്പോഴാണ് ശരിക്കുള്ള മരുന്ന് കുറിച്ചത്!