കൊല്ലം ബൈപാസിന്റെ നീളം വെറും 13 കിലോമീറ്റർ, ഗതാഗതം രണ്ടുവരി മാത്രം, അതിന്റെ റിബണ് മുറിക്കാൻ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറന്നത് 3500 കിലോമീറ്റർ! ഇതു കേൾക്കുന്പോൾ തന്നെ ഒരു കാര്യം മനസിലാകും, കൊല്ലത്തു നടന്നത് ബൈപാസിന്റെ നാടമുറിക്കൽ അല്ല തെരഞ്ഞെടുപ്പിന് ഒരുക്കമായിട്ടുള്ള ബൈപാസ് സർജറിയാണ്!
ഡാക്കിട്ടർ പിള്ളേച്ചനും സംഘവും കുറെക്കാലമായി നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ പാർട്ടിക്കു മുന്നിൽ കുറെ ബ്ലോക്കുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. എൻഡിഎ കന്പനിയുടെ ഒറ്റമൂലി കുറെക്കാലമായി കഴിച്ചിട്ടും വേണ്ടത്ര പ്രയോജനം ചെയ്തിട്ടില്ലെന്നു കണ്ടാണ് കർമസമിതിവിദഗ്ധരെ ഇറക്കി ഒരു ആൻജിയോപ്ലാസ്റ്റി നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഒന്നു രണ്ടു മാസത്തെ ആൻജിയോപ്ലാസ്റ്റികൾക്കൊണ്ട് കുറെ ബ്ലോക്കുകൾ മാറിയെന്ന പ്രതീക്ഷയുണ്ടെങ്കിലും ആളെ എഴുന്നേൽപ്പിച്ചു നടത്തണമെങ്കിൽ ബൈപാസ് തന്നെ വേണമെന്ന നിലപാടിലാണ് ഡൽഹിയിലുള്ള വലിയ വൈദ്യന്മാർ.
ഇതിനിടെ, നടപ്പ് നല്ല വ്യായാമമാണെന്ന് ആരോ ഉപദേശിച്ചു. കേട്ടപാതി കേൾക്കാത്ത പാതി സംസ്ഥാന നേതാക്കൾ ഒന്നാകെ പത്തനംതിട്ടയ്ക്കു നടന്നു. എന്തായാലും ഇവരുടെ നടപ്പിനെത്തുടർന്നു നട്ടംതിരിഞ്ഞ പോലീസ് നാട്ടുനടപ്പ് അനുസരിച്ച് എല്ലാത്തിനെയും പൊക്കി കോടതിയിൽ ഇരുത്തി. ഇപ്പോൾ കോടതി കൊടുത്ത നല്ലനടപ്പു കാരണം ഒരെണ്ണത്തിനും പത്തനംതിട്ടയിൽ പോലും കയറാൻ പറ്റാതെ കിടപ്പായി.
അതേസമയം, “കർമഫാർമ’യുടെ മരുന്നുകൊണ്ടു മാത്രം കേരളത്തിന്റെ ഹൃദയം നേരേയാവില്ലെന്നു സ്കാനിംഗ് നടത്തിയ വിദഗ്ധർ കണ്ടെത്തിയത്രേ. അതുകൊണ്ടാണ് ഹാർട്ട് സർജനെ വിമാനത്തിൽ കൊണ്ടുവന്ന് ആദ്യഘട്ടമെന്ന നിലയിൽ ഒരു ബൈപാസ് സർജറി നടത്തി നോക്കിയത്.
ബൈപാസും കഴിഞ്ഞു ഡാക്കിട്ടർ പോയിട്ടും സമരത്തിന്റെ ഐസിയുവിൽ കിടക്കുന്ന കുറച്ചുപേരെ വാർഡിലേക്കോ മുറിയിലേക്കോ മാറ്റണമെന്നതിൽ തീരുമാനം ഉണ്ടാകാത്തതിൽ തിരുവനന്തപുരം പന്തലിൽ അസ്വസ്ഥതയുണ്ടുപോലും. ആദ്യമൊക്കെ പത്രക്കാരും ചാനലുകാരുമായി ചിലരൊക്കെ കാണാൻ വന്നിരുന്നു. എന്നാൽ, ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നു വന്നാൽ ആർക്കായാലും വിഷമം വരും.
കൊല്ലത്തെ ബൈപാസിന്റെ നാടമുറിക്കുന്ന ബഹളത്തിനിടയിൽ പൂഞ്ഞാറിൽനിന്നു മറ്റൊരു ബൈപാസ് കോണ്ഗ്രസ് കവലയിലേക്കു വെട്ടാൻ ചിലർ മണ്ണുമാന്തിയുമായി രംഗത്തിറങ്ങിയതു പലരും ശ്രദ്ധിക്കാതെ പോയി. എൻഡിഎ പറന്പിലൂടെ വെട്ടിക്കൊള്ളൂ എന്നു പറഞ്ഞു വേലി പൊളിച്ചുകൊടുത്തിട്ട് മാസം ഒന്നു തികയുംമുന്പേയാണ് കോണ്ട്രാക്ടർ ഒരു വാക്കുപോലും പറയാതെ റൂട്ട് മാറ്റി വരച്ചത്. എന്നാൽ, പുതിയ ഏരിയയിലൂടെ ബൈപാസ് പോയിട്ട് ഇടവഴി പോലും വെട്ടാൻ തങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞു ചില സ്ഥലമുടമകൾ രംഗത്തുവന്നുകഴിഞ്ഞു. അതേസമയം, അറബിക്കടലിൽ വരെ വഴിവെട്ടിയിട്ടുള്ള തനിക്ക് ഈ ബൈപാസ് ഒക്കെ അത്ര വലിയ കാര്യമൊന്നുമല്ല എന്ന മട്ടിലാണ് കോണ്ട്രാക്ടറുടെ വരവും പോക്കും.
കൊല്ലത്തു വലിയ ഡോക്ടർ നേരിട്ടു ബൈപാസ് തുറക്കുന്നതിനിടയിൽ സ്വന്തം പാളയത്തിലെ ഒരു കക്ഷി ആലപ്പുഴയിൽ പുറത്തേക്കുള്ള ബൈപാസ് വെട്ടിയത് എന്തായാലും ക്ഷീണമായിട്ടുണ്ട്. രാജൻ ബാബുവും സംഘവുമാണ് പഴയ ജെഎസ്എസിലേക്കു പുതിയ ബൈപാസ് വെട്ടിയത്. സഖാവ് ഗൗരിയമ്മ ഒരു കരാറു വച്ചുനീട്ടുന്പോൾ എങ്ങനെ വിട്ടുകളയുമെന്നാണ് ഈ കോണ്ട്രാക്ടറുടെ ചോദ്യം. ജാനു മാഡമാണെങ്കിൽ നേരത്തെതന്നെ സ്വന്തം നിലയ്ക്ക് എൻഡിഎക്യാന്പിൽനിന്നു ബൈപാസ് വെട്ടി ഇടതുപാളയം വരെ എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുരംഗം ചൂടാവട്ടെ, നേതാക്കൾ കൂടുതൽ ഇടവഴികളും ബൈപാസുകളും ഹൈവേകളും തുറക്കുന്നതു കാണാൻ കാത്തിരിക്കാം.
മിസ്ഡ് കോൾ
= കൊല്ലത്തെ പരിപാടിയിൽ മുഖ്യമന്ത്രിയെ കൂകിവിളിച്ചതു ശരിയായില്ലെന്നു ബിജെപി.
- വാർത്ത
= ശബ്ദം പോരായിരുന്നു എന്നാണോ!