രാവിലെ പാർട്ടിയാപ്പീസിലേക്കു പാഞ്ഞെത്തിയ നേതാവ് ശ്വാസം പോലും വിടാതെ ഒറ്റച്ചോദ്യം: ചങ്ക് മിത്രമേ എവിടെ നമ്മുടെ പത്രം? പത്രം വായിച്ചുകൊണ്ടിരുന്ന അണി ഒന്നാം പേജ് നേതാവിന്റെ നേരേ നീട്ടി. "എന്താണ് മിത്രമേ ഇത് ? ഒരു നേതാവ് ഒന്നാം പേജ് ആണോ ആദ്യം വായിക്കേണ്ടത്?' കാര്യം മനസിലാകാതെ അനുയായി നേതാവിനെ മിഴിച്ചുനോക്കി. നേതാവ് മട്ടത്തിലൊന്നു ചിരിച്ചിട്ടു പറഞ്ഞു, "ചരമപ്പേജ് കാണിക്കൂ, നോക്കട്ടെ...' പത്രത്തിന്റെ ചരമപേജ് നേതാവ് അടിമുടി വായിച്ചു തുടങ്ങി.
എന്തിനാണ് നേതാവ് ചരമപേജ് ഇത്ര അത്യാവശ്യമായി വായിച്ചുതീർക്കുന്നതെന്നോർത്തപ്പോൾ അനുയായിക്ക് ആകാംക്ഷ അടക്കാനായില്ല. "നേതാവേ, പ്രമുഖർ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അവിടെപ്പോയി റീത്തു വയ്ക്കാനാണോ മരണമെല്ലാം അരിച്ചുപെറുക്കുന്നത്?' നേതാവ് അനുയായിയെ സൂക്ഷിച്ചൊന്നു നോക്കി: എടോ മിത്രമേ, മരിച്ചവർക്കാണോ നമ്മൾ രാഷ്ട്രീയക്കാർ സാധാരണ റീത്ത് വയ്ക്കാറുള്ളത്? ജീവിച്ചിരിക്കുന്നവർക്കല്ലേ. എതിരാളികളുടെ സിറ്റൗട്ടിലും ഗേറ്റിലുമൊക്കെയല്ലേ നമ്മൾ റീത്ത് വയ്ക്കാറുള്ളത്.
ആകെ കണ്ഫ്യൂഷനിൽനിന്ന അനുയായിയെ നോക്കി നേതാവ് തുടർന്നു : "മിത്രമേ, നാട്ടുകാരിൽ എത്രയെണ്ണം ചത്തെന്ന് എണ്ണാനല്ല പത്രം വായിക്കുന്നത്. നാളെ ഹർത്താലുണ്ടാകുമോയെന്നറിയാനാ.'
"അതെന്താ നേതാവേ ഇപ്പോൾ ചരമപേജിലാണോ ഹർത്താൽ വാർത്ത വരുന്നത് ?’ - അനുയായിയുടെ സംശയം തീരുന്നില്ല. "മിത്രമേ, താൻ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത് ? എടോ ആരെങ്കിലും കുഴഞ്ഞുവീണോ മറിഞ്ഞുവീണോ മരിച്ചിട്ടുണ്ടോയെന്നറിയാനാടോ. എന്നിട്ടു വേണം അവരോടുള്ള ആദരസൂചകമായി നമുക്കു ഹർത്താൽ പ്രഖ്യാപിക്കാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ ഹർത്താൽ അതാണ് നമ്മുടെ പാർട്ടിയുടെ സ്വപ്നം.
ഹർത്താൽ പ്രഖ്യാപിച്ചു പത്രക്കുറിപ്പ് ഇറക്കുന്പോൾ അതിൽ എന്തെങ്കിലും എഴുതിച്ചേർക്കണം. വെറുതെ നാളെ ഹർത്താൽ എന്നു പറഞ്ഞാലും ജനം വീട്ടിൽ ഇരുന്നോളും. കേരളത്തിലാണെങ്കിൽ ഹർത്താൽ എന്നു മുഴുവൻ പറയണമെന്നില്ല ഹർ എന്നു പറയുന്പോഴെ നാട്ടുകാരെല്ലാം ഘർ ആയേഗാ, ആന വണ്ടികൾ ഡിപ്പോയിൽ ആയേഗാ, ബിവറേജ്സ് ഷോപ്പുകൾ കാലിഹോയേഗാ! എങ്കിലും നമുക്കു ജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്തു ഹർത്താലിന് ഒരു കാരണംകൂടി എഴുതിച്ചേർക്കും. അറസ്റ്റ്, ലാത്തിച്ചാർജ്, മരണം അങ്ങനെ പലതുണ്ട്. മരണമാണ് ബെസ്റ്റ്. അതു പറഞ്ഞുകഴിഞ്ഞാൽ പിന്നെ മരിച്ചവൻ പോലും ചോദിക്കാൻ വരില്ലല്ലോ... '
നേതാവിന്റെ രാഷ്ട്രീയ തന്ത്രം കേട്ട് അനുയായി അന്തംവിട്ടുനിന്നു. "എങ്കിലും നേതാവേ, രണ്ടോ മൂന്നോ ദിവസം നേരത്തെ ഹർത്താൽ പ്രഖ്യാപിച്ചുകൂടെ..’ -അനുയായിയുടെ നിഷ്കളങ്കമായ ചോദ്യം. "ചങ്ക് മിത്രമേ, ഹർത്താൽ എത്ര താമസിച്ചു പ്രഖ്യാപിക്കുന്നോ അതിനനുസരിച്ചേ ഫലം കിട്ടൂ. പറ്റുമെങ്കിൽ സൂര്യനുദിക്കുന്നതിനു തൊട്ടുമുന്പ് പ്രഖ്യാപിക്കണം. നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഈ ജനമെന്നു പറയുന്നവന്മാർ എല്ലാ പരിപാടികളും മാറ്റിവച്ചു നമ്മളെ പറ്റിച്ചുകളയും. ഇതിപ്പോ ബസിൽ വരുന്നവൻ വഴിയിലിറങ്ങി കുത്തിയിരിക്കണം, ട്രെയിനിൽ വന്നവൻ വണ്ടികിട്ടാതെ തെക്കുവടക്ക് നടക്കണം. കല്യാണത്തിനു പോകാനിറങ്ങിയവൻ പൈപ്പ് വെള്ളം പോലും കിട്ടാതെ മതിലും ചാരിയിരിക്കണം... അങ്ങനെ നമ്മുടെ ഹർത്താൽ ഒരു ചർച്ചയായി മാറും.
പറയുന്പോൾ എല്ലാം പറയണമല്ലോ.. ഇത്രയും കഷ്ടപ്പെട്ടു നാട്ടുകാർക്കു വേണ്ടി ഹർത്താൽ നടത്തിയിട്ടും നമുക്ക് എന്തെങ്കിലുമൊരു ഗുണമുണ്ടായിട്ടുണ്ടോ? അതുകൊണ്ട് ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു 24 മണിക്കൂർ ഹർത്താൽ നടത്തുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചുവരികയാണ്. അപ്പോൾ ബോലോ ഹർത്താൽ മാതാ കീ ജയ്!