ഒരാഴ്ചയായി മലയാളിയുടെ ഇരിപ്പും നടപ്പും കിടപ്പുമെല്ലാം മതിലിനു മുകളിലാണ്. നവോത്ഥാന മുന്നേറ്റം മതിലിലേറി വരുമെന്നു സർക്കാർ പ്രഖ്യാപിച്ചതോടെയാണ് മലയാളിയും മതിലിൽ കയറിയത്. മനുഷ്യരിൽ മാത്രമല്ല മതിലുകളിലും ആണും പെണ്ണുമുണ്ടെന്നും ഇപ്പോഴാണ് പിടികിട്ടിയത്, കാരണം വരുന്നതു വെറും മതിൽ അല്ല, വനിതാ മതിലാണ്! അതുകൊണ്ടു പുരുഷപ്രജകൾക്ക് ഈ മതിൽ ഏതെങ്കിലും കരിങ്കൽ മതിലിൽ കയറിയിരുന്നു കാണാനുള്ള യോഗമേയുള്ളൂ. എന്നാൽ, മതിലും മലയാളിയും തമ്മിലുള്ള ബന്ധം ഈ വനിതാമതിലിൽ തുടങ്ങിയതല്ല.
അമ്മ വേലി ചാടിയാൽ മകൾ മതിലു ചാടും... എന്ന് അയൽപക്കത്തെ മതിലിനപ്പുറത്തേക്കു തലയെത്തിച്ചു നോക്കി അടക്കം പറയാൻ മലയാളിക്ക് ഒരു കാലത്തും മടിയുണ്ടായിട്ടില്ല. ഇവിടെ പരസ്യം പതിക്കരുതെന്ന് ഏതെങ്കിലും മതിലിൽ എഴുതിവച്ചാൽ അതിന്റെ മുകളിൽ ഒരു പോസ്റ്റർ ഒട്ടിച്ചില്ലെങ്കിൽ നമുക്കു സമാധാനം കിട്ടില്ല.
പിന്നെ, ഇവിടെ മൂത്രം ഒഴിക്കുന്നതു നിരോധിച്ചിരിക്കുന്നു എന്നെഴുതിയ മതിലിലേക്കു തന്നെ മൂത്രമൊഴിക്കുന്പോൾ ചിലർക്കുണ്ടാകുന്ന സന്തോഷം, അതൊന്നു വേറെ തന്നെ. മതിലു ചാടി സിനിമയ്ക്കു പോകാത്ത ഹോസ്റ്റൽ കുമാരൻമാർ ഈ നാട്ടിലുണ്ടോയെന്നു സംശയം. "മാറിനിൽക്ക് മറിയാമ്മേ മതിലിടിയും'- കാന്പസ് നാടകങ്ങളുടെ ഈ ഹിറ്റ് പേരുകളിലൊന്നിലും മതിലുണ്ട്. നാട്ടുകാർ നന്നാവട്ടെ എന്നോർത്തു നല്ല കാര്യം മനസിൽ എഴുതാൻ മറന്നാലും മതിലിൽ എഴുതാൻ മറക്കാത്ത മലയാളികൾക്കും ഈ നാട്ടിൽ പഞ്ഞമില്ല.
സ്വന്തം വീട്ടിലെ വേസ്റ്റ് ആരും കാണാതെ മതിലിനു മുകളിലൂടെ അപ്പുറത്തെ പറന്പിലേക്കു വാരിയിടുന്നതിനും എത്രയോ മതിലുകൾ സാക്ഷികളായിരിക്കുന്നു. കള്ളൻ മതിലു ചാടാതിരിക്കാൻ മതിലിനു മുകളിൽ കുപ്പിച്ചില്ല് പൊട്ടിച്ചുകുത്തിക്കയറ്റുന്ന സാങ്കേതികവിദ്യ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളികൾ മറന്നിട്ടില്ല, എന്നാൽ, മതിലിൽ ചെളി പറ്റിക്കേണ്ട എന്നു കരുതിയിട്ടാവണം ഗേറ്റ് തുറന്നുതന്നെ കയറുന്നതാണ് ഇപ്പോൾ കള്ളന്മാരുടെ പതിവ്. ജയിലിനു മുന്നിലൂടെ വണ്ടിയിൽ പോകുന്പോൾ ആ മതിലിനപ്പുറം എന്താണെന്നറിയാൻ ആകാംക്ഷയോടെ തല ഉയർത്തി നോക്കാത്ത മലയാളിയുണ്ടോ? അതുകൊണ്ടു തന്നെയല്ലേ മമ്മൂട്ടിയുടെ മതിൽ നമ്മൾ പലതവണ കണ്ടത്.
തെരഞ്ഞെടുപ്പു കാലം എത്തുന്നതോടെയാണ് ഈ നാട്ടിൽ മതിലൊരു മഹാസംഭവമായി മാറുന്നത്. നോക്കിനിന്നില്ലെങ്കിൽ പാർട്ടിക്കാർ മതിൽ മാത്രമല്ല മറപ്പുര വരെ കയറി ബുക്ക് ചെയ്തുകളയും. ഇനി ഒരുത്തൻ ബുക്ക് ചെയ്ത മതിലിന്റെ ഏഴയലത്ത് മറ്റൊരു പാർട്ടിക്കാരൻ എത്തിനോക്കിയാൽ പിന്നെ അവനു ശവപ്പെട്ടി ബുക്ക് ചെയ്തോണ്ടാൽ മതി. മതിൽ കണ്ടാൽ മതിവരാത്ത മറ്റൊരു കൂട്ടരാണ് കേരളത്തിലെ ശുനകവർഗം. ഇതു ഞങ്ങളുടെ അസംബ്ലി മണ്ഡലമാണെന്നു മറ്റുള്ളവരെ അറിയിക്കാനാണ് ശുനകവർഗം മതിലുകളിൽ സ്വച്ഛ്ഭാരത് നടപ്പാക്കുന്നതത്രേ. അപ്പോൾ മതിലിൽ പതിച്ചിരിക്കുന്നതു പാർട്ടിക്കൊടിയാണോ നേതാവിന്റെ മുഖമാണോ എന്നൊന്നും അവ നോക്കാറില്ല.
അങ്ങനെ മതിലിന്റെ മഹാത്മ്യം പറഞ്ഞാൽ തീരാത്ത നാട്ടിലാണ് ഇനി വനിതാമതിൽ വരാൻ പോകുന്നത്. ഈ മതിൽ വനിതയാണെങ്കിലും ആദ്യത്തെ കമ്മിറ്റി കഴിഞ്ഞപ്പോൾ വനിതകളെല്ലാം മതിലിനു പുറത്തായെന്നായിരുന്നു പ്രതിപക്ഷം മതിലിൽ കയറിയിരുന്നു പറഞ്ഞത്. അതോടെ കമ്മിറ്റിക്കാർ മറ്റൊരു മതിൽ കൂടി കെട്ടി വനിതകളെയും അകത്താക്കി. എന്തായാലും മതിൽ പെണ്ണായാലും ആണായാലും മലയാളിയുടെ മനസിലെ മതിലുകളെ പൊളിക്കാൻ കഴിയുമോ ? കാത്തിരുന്നു കാണാം.