ചൊവ്വയിലേക്ക് എന്നാണു പോകേണ്ടത്? ചോദ്യം നാസയിലെ ഏതെങ്കിലും ശാസ്ത്രജ്ഞന്റേതാണെന്നു കരുതിയെങ്കിൽ തെറ്റി. ചോദ്യം നമ്മുടെ "കേസു’രേന്ദ്രൻജിയുടെ വകയാണ്. വെറുതെ ബഹിരാകാശം കണ്ടു രസിക്കാനല്ല, ചൊവ്വയിൽ കേസെടുത്തിട്ടുണ്ടെങ്കിൽ അതിൽകൂടി ജാമ്യമെടുത്തിട്ടു പുറത്തിറങ്ങി ആകാശം ശരിക്കൊന്നു കാണാനാണ് ഈ ചോദ്യം.
ഒരു കേസ് കൊല്ലത്താണെങ്കിൽ അടുത്ത കേസ് കൊയിലാണ്ടിയിൽ പിന്നത്തെ കേസ് കണ്ണൂരിൽ..! അങ്ങനെ വിശ്രമം പോലുമില്ലാതെ ഓട്ടത്തിലാണ് സുരേന്ദ്രൻജി. പാറശാല മുതൽ തിരുവനന്തപുരം വരെ കേരള യാത്ര നടത്തുന്നതാണ് കേരള രാഷ്ട്രീയക്കാരുടെ പതിവു ശീലം. എന്നാൽ, കോടതികളിൽനിന്നു കോടതികളിലേക്ക് ഒരു കേരള യാത്ര ഇതാദ്യം.
അങ്ങോട്ടു ചെന്നു തല്ലു ചോദിച്ചുവാങ്ങുന്ന അയ്യപ്പബൈജുവിനെ കണ്ട് ഒരു കാലത്തു ചിരിച്ചുമറിഞ്ഞവരാണ് മലയാളികൾ. അതുപോലെ ഒരു കാഴ്ച പിന്നെ കാണുന്നത് ഇപ്പോഴാണ്. ജൂനിയർ മാൻഡ്രേക്ക് സിനിമയിൽ തുറന്നുകിടക്കുന്ന ലോക്കപ്പിലേക്ക് ഓടിക്കയറിയിട്ടു സ്വയം കുറ്റിയിടുന്ന ജഗതിയെപ്പോലെയായിപ്പോയി സുരേന്ദ്രൻജിയുടെ നിലയ്ക്കൽ വരവ്. വെടിയെങ്കിൽ വെടി, പീരങ്കിയെങ്കിൽ പീരങ്കി, മിസൈലെങ്കിൽ മിസൈൽ... എന്തും പ്രയോഗിക്കാം എന്നാലും വച്ച കാൽ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പുള്ളിക്കാരനും സംഘവും നിലയ്ക്കലിൽ കാലുകുത്തിയത്.
ഇരട്ടച്ചങ്കുള്ള നിരോധനാജ്ഞ നിലയ്ക്കലിൽ നിൽക്കക്കള്ളിയില്ലാതെ നിൽക്കുകയാണെന്നും തലയിടുന്നതു കടുവക്കൂട്ടിലാണെന്നും കാക്കിയിട്ടവർ പേടിപ്പിച്ചു. എന്നാൽ, ഒത്തിരി വെടിക്കെട്ടുകൾ കണ്ടിട്ടാണ് ഇവിടം വരെ എത്തിയതെന്നും വെറുതെ ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും പുള്ളിക്കാരൻ തട്ടിവിട്ടു. പുലിയെ പിടിക്കാൻ വച്ചിരുന്ന കൂട്ടിലേക്കു പുലി പാസുമെടുത്തു വന്നുകയറുന്നതു കണ്ടു പോലീസുകാർ വണ്ടറടിച്ചു നിന്നു.
ഇതിലും വലിയ കൂട്ടിലും കെട്ടിലും കൂട്ടിക്കെട്ടിലും കയറിയിട്ട് പുഷ്പം പോലെ പുറത്തുചാടിയിട്ടുണ്ടെന്ന മട്ടിലായിരുന്നു “ജി’’യുടെ അകത്തേക്കുള്ള പോക്ക്. ഉള്ളി പൊളിച്ചതുപോലെ ഈ കേസുകളുടെയൊക്കെ കള്ളിവെളിച്ചത്താകുമെന്നായിരുന്നു പുള്ളിക്കാരന്റെ പ്രതീക്ഷ. പക്ഷേ, ലോക്കപ്പിൽ കയറി ലോക്കിട്ടു കഴിഞ്ഞപ്പോഴാണ് ഒരു നഗ്നസത്യം മനസിലായത്, താൻ കയറിയിരിക്കുന്നതു പുലിക്കൂട്ടിലല്ല പാർട്ടിക്കൂട്ടിലാണ്! പുലിക്കൂട്ടിൽ ചെന്നു കയറിയാൽ പുലിയും കടുവയുമൊക്കെ വിശപ്പു മാറിക്കഴിഞ്ഞാലെങ്കിലും ഇത്തിരി മര്യാദ കാണിക്കുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ, പാർട്ടിക്കൂട്ടിൽ തലയിടുന്നവന്റെ കാര്യം പാർട്ടിവക പരിപ്പുവടയേക്കാൾ കഷ്ടം.
ഭൂമിമലയാളത്തിൽ സുരേന്ദ്രൻജിക്കെതിരേ എവിടൊക്കെ കേസുകളുണ്ടെന്നും ഏതൊക്കെ വാറണ്ടുകളുണ്ടെന്നും മിനിറ്റുകൾക്കുള്ളിൽ പോലീസ് ചികഞ്ഞെടുത്തു. പ്രൊഡക്ഷൻ വാറണ്ടുകൾ കയറ്റിയ ഒരു ലോറിതന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു പാഞ്ഞു. മറ്റു പല കേസുകളിലും പോലീസ് ഇത്രയും ആത്മാർഥതയോടെ ചികഞ്ഞിരുന്നെങ്കിൽ സുകുമാരക്കുറുപ്പ് അടക്കം പലരും പണ്ടേ ലോക്കപ്പിൽ കിടന്ന് എഞ്ചുവടി വായിച്ചേനെ. കാണ്മാനില്ലെന്നും പിടികിട്ടാപ്പുള്ളിയെന്നുമൊക്കെ പല കോടതിയും പ്രഖ്യാപിച്ചിട്ടുള്ള സഖാക്കളും ഖദറന്മാരുമായ പുള്ളികളിൽ പലരും നാട്ടിലൂടെ കൈയുംവീശി തെക്കുവടക്കു നടക്കുന്പോഴാണ് ജാമ്യപേപ്പറിൽ ഒപ്പിട്ട് ഒപ്പിട്ട് സുരേന്ദ്രൻജിയുടെ കൈ കുഴഞ്ഞിരിക്കുന്നത്. എല്ലാവരെയും തോൽപിച്ചു മുന്നിലെത്തിക്കളയാമെന്ന ചിന്തയിൽ കാണുന്ന ചൂണ്ടയിലെല്ലാം ചാടിക്കയറി കൊത്തിയാൽ ഉള്ളിൽ പോയി ഉള്ളിയും പൊളിച്ച് ഇരിക്കേണ്ടിവരുമെന്നു രാഷ്ട്രീയ പുള്ളികൾക്ക് ഇനിയാരും പറഞ്ഞുകൊടുക്കേണ്ടതില്ല!
മിസ്ഡ് കോൾ
= റേഷൻകടകൾ വഴി ഭാഗ്യക്കുറി വിൽക്കുന്നത് ആലോചനയിലെന്നു ഭക്ഷ്യമന്ത്രി.
- വാർത്ത
=ഇനി ഭാഗ്യമുണ്ടെങ്കിൽ റേഷൻ കിട്ടുമെന്നു ചുരുക്കം!