അമിട്ട് പൊട്ടുമോ ചങ്കു പൊട്ടുമോ ? കുറെ ദിവസമായി മലയാളികളുടെ ശങ്കയും ആശങ്കയും ഇതാണ്. വെടിക്കെട്ടിനെ സുപ്രീംകോടതി ചുറ്റിക്കെട്ടി മൂലയ്ക്കു തട്ടിയെങ്കിലും കേരളത്തിൽ ഒരു കന്പക്കെട്ടിനു സാധ്യതയുണ്ടെന്ന് ആരോ പറഞ്ഞതു കേട്ടാണ് ആശാൻ ഡൽഹിയിൽനിന്നു വിമാനംപിടിച്ചുവന്നത്.
ഓഖി വന്നപ്പോഴും കണ്ടില്ല, നിപ്പ വന്നപ്പോഴും കണ്ടില്ല, പ്രളയം വന്നപ്പോഴും കണ്ടില്ല.. പിന്നെ ഇപ്പോ എന്തിനാണ് ആനയും അന്പാരിയുമായി ആശാൻ വന്നതെന്നായിരുന്നു അസൂയാലുക്കളുടെ ചോദ്യം. ഓഖിയും നിപ്പയും പ്രളയവുമൊക്കെയായി നട്ടംതിരിയുന്നതിനിടയിൽ വെടിക്കെട്ടുമായിട്ടു വന്നാൽ നാട്ടുകാർ പഞ്ഞിക്കിട്ടു വിടും. അതറിയാത്ത ആളല്ലല്ലോ ഈ ആശാൻ. കാലാവസ്ഥ നോക്കി കരിമരുന്നു പ്രയോഗിക്കുന്നതിലാണല്ലോ ഒരു വെടിക്കെട്ടുകാരന്റെ മിടുക്ക്.
കേരളത്തിൽ ഇപ്പോൾ കരിമരുന്നിൽ ലേശം കലിമരുന്നുകൂടി ചേർത്ത് ഇളക്കി പടക്കമുണ്ടാക്കി തീകൊളുത്തിയാൽ ഇടിവെട്ടുന്നതുപോലെ പൊട്ടുമെന്നു പിടികിട്ടിയതുകൊണ്ടാണ് തിരക്കിനിടയിലും ആശാൻ മടികൂടാതെ പരിപാടി ഏറ്റത്. തന്റെ വരവുതന്നെ ഒരുവെടിക്കു രണ്ടുപക്ഷി ആയിരിക്കണമെന്ന് ആശാനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ എയർപോർട്ടിന്റെ കെട്ടുംപൊട്ടിച്ചായിരുന്നു ലാൻഡിംഗ്. ആശാന്റെ കാലാണ് ഇവിടെ ആദ്യം കുത്തിയതെന്ന് അനുയായികൾ ആർത്തുവിളിച്ചു. പണിതീരാത്ത വീടുകാണാൻ വന്നു കയറിയിട്ട് ഇതോടെ പാലുകാച്ചു കഴിഞ്ഞെന്ന് ആരും പറയാറില്ലെന്നു മറുപക്ഷം തിരിച്ചടിച്ചു.
ആശാൻ ഡൽഹിയിൽനിന്നു തിരിക്കുന്നതിനു മുന്പ് തന്റെ പെട്ടി തുറന്നു. വെറൈറ്റിപടക്കങ്ങൾ നിരത്തിവച്ചു കാണിച്ചിട്ടു കേരള നേതാക്കളോട് ഒറ്റച്ചോദ്യം. ഏതാണ് വേണ്ടത്? ഓലപ്പടക്കമുണ്ട്, മാലപ്പടക്കമുണ്ട്, ഗുണ്ടുണ്ട്, അമിട്ടുണ്ട്..! ഒറ്റ സ്വരത്തിലായിരുന്നു മറുപടി.. അവന്മാരെ താഴെയിറക്കാൻ അമിട്ടുമതി ആശാനെ അമിട്ടുമതി!
"ശരി. ഞാൻ തീകൊളുത്തിയിട്ടു വിട്ടുപോരും. അതു കെടാതെ പിടിച്ചു പൊട്ടിച്ചെടുക്കുന്നത് നിങ്ങളുടെ മിടുക്കാ'- ആശാന്റെ ടെക്നിക് അണികൾക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും നോക്കിനിൽക്കെ പത്തനംതിട്ട ഭാഗത്തേക്കു തിരിഞ്ഞുനിന്ന് ആശാൻ അമിട്ടിനു തീകൊളുത്തി. ആശാനു തിരി പിടിച്ചു കൊടുത്തുകൊണ്ടിരുന്ന ശിഷ്യൻ ആശാൻ കൊളുത്തിയ അമിട്ട് എട്ടുനിലയിൽ പൊട്ടുമെന്ന് ആവേശം കയറി തട്ടിവിട്ടു. ആശാന്റെ ഹിന്ദി കേട്ട് പിടികിട്ടാതെ നിന്നവരും അതുകേട്ടു കൈയടിച്ചു. ഈ അമിട്ട് പൊട്ടിയാൽ കണ്ണൂർ മാത്രമല്ല, തിരുവനന്തപുരം വരെ ഞെട്ടുമെന്നു പറഞ്ഞത് അവസാനം ശിഷ്യനെ വെട്ടിലാക്കി. അമിട്ട്പൊട്ടിക്കുമെന്നല്ല തിരികത്തിക്കുമെന്നാണ് പറഞ്ഞതെന്ന് ശിഷ്യൻ വിശദീകരിച്ചെങ്കിലും അതോടെ ആ അമിട്ട് കംപ്ലീറ്റായി ചീറ്റിപ്പോയ ലക്ഷണമാണ്.
അമിട്ട് പൊട്ടിയാലും ഇല്ലെങ്കിലും ഇരട്ടച്ചങ്ക് പൊട്ടി ഒരാൾ ഇപ്പോൾ ഈ നാട്ടിലുണ്ട്. പ്രളയം കണ്ടു ചങ്കു കലങ്ങിയെന്നു പറഞ്ഞാണ് മന്ത്രിബ്രോകളെയുമായി ചങ്കുബ്രോ മറുനാട്ടിലേക്കു പറക്കാൻ തീരുമാനിച്ചത്. തീയതിയും കുറിപ്പിച്ച് കെട്ടുംകിടക്കയും റെഡിയാക്കിയപ്പോഴാണ് ദേ ശകുനപ്പിഴ! മന്ത്രിമാർക്ക് ഇപ്പോൾ നല്ല സമയം അല്ലാത്തതിനാൽ കടൽ കടന്നുള്ള യാത്ര ഒഴിവാക്കണമെന്ന് പ്രശ്നവിധി. തത്കാലം ചങ്ക് പോട്ടെ, ബ്രോകൾ വീട്ടിലിരിക്കട്ടെ എന്നു വലിയ കാരണവർ തീരുമാനിച്ചു. ചങ്കെടുത്തു കാണിച്ചാൽ ഇങ്ങനെ ചെങ്കൊടിയാണെന്നു പറയാമോ? 56 ഇഞ്ചിന്റെ ചങ്കിൽ നോക്കി ചങ്കിൽ കൊള്ളുന്ന രണ്ടു വർത്തമാനം പറഞ്ഞു കലിപ്പുതീർത്തു. ഒടുവിൽ സാലറിചലഞ്ചിന്റെ ഇഞ്ചികൂടി കടിച്ചതോടെ ചങ്കൊരു ചെന്പരത്തി പൂവായി. ജനം അതെടുത്തു ചെവിയിൽ വയ്ക്കേണ്ടി വരുമോയെന്നു വൈകാതെ അറിയാം !
മിസ്ഡ് കോൾ
=ആനയോട്ടം അവസാനിപ്പിക്കാൻ ഹർജിയുമായി മൃഗസ്നേഹികൾ.
- വാർത്ത
=ഇടഞ്ഞാൽ ഓടാം!