ഒരു ബിഗ് ബ്രേക്കിംഗ് കേട്ടാണ് ചാനൽ ജഡ്ജി ചാടിയെഴുന്നേറ്റത്... ഹോ, ‘ഫ്യൂസ് അവർ’ തീർന്നില്ലായിരുന്നോ? ചർച്ചയ്ക്കിടയിൽ താൻ ഉറങ്ങിപ്പോയോ... കണ്ഫ്യൂഷനിൽ കണ്ണുതിരുമ്മി ചുറ്റും നോക്കി. ഭാഗ്യം, ചാനൽ സ്റ്റുഡിയോ അല്ല വീട്ടിലെ സ്റ്റുഡിയോ ആണ്. അടുക്കളയിൽനിന്നു ലൈവ് ബഹളം, രാവിലെത്തെ “ഫ്യൂസ് അവർ ’ ഭാര്യയുടെയും മക്കളുടെയും വകയാണ്. ഇളയമകൾ ഏതോ വിലപിടിച്ച പാത്രം താഴെയിട്ടു പൊട്ടിച്ചതായിരുന്നു ബിഗ് ബ്രേക്കിംഗ്! അടുക്കളയിലെ ആംഗറായ ഭാര്യ കടുത്ത ആംഗ്രിയിൽ പിള്ളേരെ ഇടവേളയില്ലാതെ കടിച്ചുകുടയുന്നു.
ആരോ മുറ്റത്തുനിന്നു വിളിക്കുന്നതു കേട്ടുകൊണ്ടാണ് ചാനൽ ജഡ്ജി പുറത്തേക്കു ചെന്നത്. എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖം! ചോദിക്കുന്നതിനു മുന്പേ പരിചയപ്പെടുത്തൽ: സാർ കഴിഞ്ഞ ദിവസം കോടതിവിധിയെക്കുറിച്ചുള്ള ചർച്ചയിൽ നിങ്ങളുടെ ചാനലിൽ ഞാനുമുണ്ടായിരുന്നു. പക്ഷേ, സാർ എനിക്കു സംസാരിക്കാൻ ഒട്ടും അവസരം കിട്ടിയില്ല.
ജഡ്ജി അയാളെ ആകമാനമൊന്നു നോക്കി: എടോ തന്റെ ഭാഷയ്ക്കു പഞ്ച് പോരാ. അതാ അവസരം കിട്ടാതെ പോയത്. ഭാഷ നന്നാക്കണം. “സാർ ഞാൻ എംഎ മലയാളമാണ്...’ “എടോ അന്തിചർച്ചയിൽ എന്ത് എംഎ മലയാളം? തനിക്കു ഗ്രാമീണമലയാളം അറിയാമോ? ഇല്ലെങ്കിൽ പഠിക്കണം. എന്നിട്ടു വാ അപ്പോൾ നോക്കാം.’
“സാർ ഏതു യൂണിവേഴ്സിറ്റിയിലാ ഞാൻ ചേരേണ്ടത്..’ “താൻ സിറ്റിയിലും കുറ്റിയിലുമൊന്നും ചേരേണ്ട, നേരേ പൂഞ്ഞാറിനു വിട്ടോ... സിംഹത്തിന്റെ മടയിൽ ചെന്ന് ദർബാർ രാഗത്തിൽ ഒന്നലക്കിനോക്ക്. ആളു നല്ല മൂഡിലാണെങ്കിൽ നാടനും ഗ്രാമീണനുമൊക്കെ അപ്പോൾത്തന്നെ പഠിക്കാം’.
ആളെ പറഞ്ഞുവിട്ട് അകത്തേക്കു കയറിയതും മൊബൈൽ ഫോണ് ചിലച്ചു. അങ്ങേത്തലയ്ക്കൽ എഡിറ്റർസാർ... ഇന്നു വൈകിട്ടത്തെ ഫ്യൂസ് അവറിൽ എന്തു ചർച്ച ചെയ്യുമെന്നറിയാൻ വിളിച്ചതാ. പിന്നെ ഇന്നലെത്തെ ചർച്ച മൂത്തുവന്നപ്പോൾ താൻ ഇടവേള കൊടുത്തിട്ടു എഴുന്നേറ്റു പോയതു ശരിയായില്ല. ഇടവേള വന്നതും നമ്മുടെ റേറ്റിംഗ് താഴേക്കുപോയി. - മൂത്ത എഡിറ്റർ പരിഭവം പറഞ്ഞു. “സാറിനു റേറ്റിംഗ് താഴേക്കു പോകുമോയെന്നു മാത്രം ആശങ്കപ്പെട്ടാൽ മതി. പക്ഷേ, രണ്ടര മണിക്കൂർ ഒറ്റ ചർച്ചയ്ക്കിരുന്ന എനിക്ക് ആ ശങ്കയെക്കുറിച്ചും ആശങ്കപ്പെടണം..!
ഓഹോ, താൻ മൂത്രമൊഴിക്കാൻ പോയതായിരുന്നോ... എങ്കിൽ പോട്ടെ. ഇന്നിപ്പം കത്തിക്കാൻ എന്തെങ്കിലുമുണ്ടോ? കടുവാക്കുഴി പീഡനം ചർച്ച ചെയ്താലോ..? “സാറേ അതല്ലേ മൂന്നു ദിവസം ചർച്ച ചെയ്തത്..’.
“എന്നാൽപിന്നെ നേതാവിന്റെ വീട്ടിലെ പൂന്തോട്ടക്കാരി ഒളിച്ചോടിപ്പോയതു മതി.. അതാകുന്പോൾ നേതാവിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താം. പാർട്ടിക്കാരെല്ലാം ടിവിക്കു മുന്നിൽ തന്പടിച്ചോളും’.
“സാറേ അതു ഒളിച്ചോട്ടമല്ല. അവർ തിരിച്ചുവന്നു. ഏതോ ബന്ധുവീട്ടിൽ പോയതാണത്രേ.’ “പിന്നെന്തു ചെയ്യും... പുലിക്കടവ് കൂട്ടമാനഭംഗം ഒന്നുകൂടി ചർച്ച ചെയ്യരുതോ ? - എഡിറ്റർ വിടുന്ന മട്ടില്ല. “സാർ അതു വിചാരണയും കഴിഞ്ഞു ശിക്ഷയും വിധിച്ച കേസാ’.. “അതു സാരമില്ലടോ താൻ ഒന്നൂടെ കൂട്ടി വിധിച്ചാൽ പോരേ? നമുക്കു റേറ്റിംഗ് കയറേണ്ടേ...’
“സാർ അടുത്ത കാലത്തെ മുഴുവൻ പീഡനങ്ങളും നമ്മൾ ഫ്യൂസ് അവറിൽ ചർച്ചചെയ്തു കഴിഞ്ഞു. ഇനി പുതിയതു വരണം. തത്കാലം ഇന്നു ഹിമാലയത്തിൽ ചൂടു കൂടി മഞ്ഞുരുകുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാം. ഒരു വെറൈറ്റി ആകട്ടെ.’
“ഹും, വേറെയൊന്നുമില്ലേ... എങ്കിലൊരു കാര്യം ചെയ്യൂ, ഒരു പള്ളീലച്ചനെകൂടി ചർച്ചയ്ക്കു വിളിക്കാം..’. “പള്ളീലച്ചനോ.. മഞ്ഞുരുകുന്നതുമായി അച്ചനെന്തു ബന്ധം ?’... “എടോ ചർച്ചയ്ക്ക് ഇത്തിരി എരിവും പുളിയും വേണ്ടേ... ഹിമാലയത്തിന്റെ മഞ്ഞുരുകാൻ കാരണം എവറസ്റ്റിലെ കൈയേറ്റമാണെന്നു പറയണം. ക്രിസ്ത്യാനിയായ ഹില്ലരി ക്ലിന്റണ് ആണല്ലോ ആദ്യം കൈയേറിയത്..’. “അയ്യോ സാർ, ഹില്ലരി ക്ലിന്റണ് അല്ല ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹില്ലരിയാ. അതു കൈയേറ്റമല്ല, അംഗീകാരത്തോടെ കയറിയതാ.
“കയറാതെ കൈയേറാൻ പറ്റുമോടോ...എന്തായാലും ആളു ക്രിസ്ത്യാനിയല്ലേ... അപ്പോ ചർച്ചയ്ക്ക് ഒരു പള്ളീലച്ചൻ ഇരിക്കട്ടെ. അച്ചനെ കിട്ടിയില്ലെങ്കിൽ മറ്റെ കപ്പക്കാലയെയോ കരിന്പിൻതോട്ടത്തെയോ വിളി. എതിരുപറയാൻ ഒരു സഖാവിനെയും സംഘിയെയുംകൂടി സംഘടിപ്പിക്കാം.. സംഗതി കൊഴുക്കും...’
അപ്പോൾ ഏവർക്കും ഫ്യൂസ് അവറിലേക്ക് സ്വാഗതം!
മിസ്ഡ് കോൾ
= രൂപയുടെ വിലയിടിവ് തടയാൻ കേന്ദ്രം വഴിതേടുന്നു.
- വാർത്ത
= നോട്ട് മുഴുവൻ നിരോധിച്ചാൽ പോരേ!