പിരിച്ചോ പക്ഷേ, പിരിച്ചൊടിക്കരുത്... ഈ പരാതി സർക്കാർ ഉദ്യോഗസ്ഥരുടേത്. ഏയ് ധൈര്യമായി ചിരിച്ചോളൂ, ഒട്ടും പരിക്കില്ലാതെ പിരിച്ചേക്കാം..- ഈ മറുപടി സർക്കാരിന്റേത്. എന്നാൽ, പിരിവിനെച്ചൊല്ലി കൊന്പുകോർത്തിരിക്കുന്ന രണ്ടു കൂട്ടരിലും പിരിവിന്റെ ആശാന്മാർ തന്നെയുണ്ടെന്നുള്ളതാണ് പരമസത്യം.
പ്രളയദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശന്പളം ഉദ്യോഗസ്ഥരോടു മേടിക്കാൻ തീരുമാനിച്ച രാഷ്ട്രീയക്കാരുടെ പിരിവിലുള്ള കരവിരുത് ആരോടും പറഞ്ഞുകൊടുക്കേണ്ടതില്ല. വെള്ളം കോരിവയ്ക്കാനുള്ള ബക്കറ്റിന് ഇങ്ങനെയൊരു സാന്പത്തികവശമുണ്ടെന്നു കണ്ടുപിടിച്ചതു തന്നെ നമ്മുടെ രാഷ്ട്രീയക്കാരാണല്ലോ.
ആകാശത്തേക്കു പോകുന്ന റോക്കറ്റ് ആണോ ബാത്ത്റൂമിലിരിക്കുന്ന ബക്കറ്റാണോ ഒരു നാടിനു പ്രധാനമെന്നു ചോദിച്ചാൽ രാഷ്ട്രീയക്കാരൻ പറയും, ബക്കറ്റിനു തന്നെ ഗെറ്റപ്പ്! എന്നാൽ, ആ ഗെറ്റപ്പിൽ ഒരു വിധം സെറ്റപ്പായ പലരും ഈ നാട്ടിലുണ്ടെന്നു കുറ്റം പറയുന്നവരാണ് നാട്ടുകാർ. അതുകൊണ്ടെന്താ, അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്നു പറഞ്ഞതുപോലെ ബാത്ത്റൂമിൽനിന്നു പാർട്ടിയാപ്പീസിലേക്കായിരുന്നു ബക്കറ്റിന്റെ വരവ്. ആ വരവോടെ രാഷ്ട്രീയക്കാർക്കുള്ള ‘വരവും’ നന്നായി മെച്ചപ്പെട്ടു. അതുവരെ ബക്കറ്റിനെ പുറംകാലിനു തട്ടിയിരുന്നവർ അതിനെ ഉള്ളംകൈയിൽ വച്ചുകൊണ്ടു തെക്കുവടക്കു നടന്നു. അങ്ങനെ കുറ്റിയും രസീതും ഉള്ള പിരിവ്, കുറ്റിയില്ലാത്ത പിരിവ്, ബക്കറ്റുള്ള പിരിവ്, വൈകിട്ടുള്ള പിരിവ് എന്നുതുടങ്ങി പിരിവിന്റെ പലവിധമായ പിരിവുകളും തിരിവുകളും മതിവരുവോളം കൈകാര്യം ചെയ്തു ശീലമുള്ളവരാണ് നമ്മുടെ രാഷ്ട്രീയക്കാർ.
അതേസമയം, ഇപ്പോൾ സർക്കാരിന്റെ പിരിവിൽ കുരുങ്ങി എരിപൊരി കൊള്ളുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരും പിരിവിൽ ഒട്ടും മോശക്കാരല്ല എന്നതാണ് നാട്ടുകാരുടെ അനുഭവം. ഇവർക്കു പിരിവിനു ബക്കറ്റും വേണ്ട, ബ്രായ്ക്കറ്റും വേണ്ട! കൈയിൽ കിട്ടുന്നവരെ പിരിക്കാൻ മാത്രമല്ല ആവശ്യം പോലെ പിഴിയാനും ഇവർക്കുള്ള വിരുത് ഒന്നു വേറെ തന്നെ. ഇക്കൂട്ടരുടെ മേശയിൽനിന്ന് അടുത്ത മേശയിലേക്കുള്ള ഒരു ഫയലിന്റെ ചാട്ടം മേശയ്ക്കടിയിലൂടെയുള്ള പിരിവിന്റെ വരവുപോലെയിരിക്കും. ഈ പിരിവിനെ നമ്മൾ കൈമടക്ക് എന്നോ കൈക്കൂലിയെന്നോ ഒക്കെ വിളിച്ചേക്കാം, എന്നാൽ, അവർ അതിനെ വിളിക്കുന്നത് "വിമൽകുമാർ’ എന്നാണ്. അതായത്, അതവർക്കു പരന്പരാഗതമായി അവകാശപ്പെട്ട കാശാണെന്നു ചുരുക്കം!
ഒരു മാസത്തെ ശന്പളം പിടിച്ചുമേടിക്കുന്നതു ഗുണ്ടാപ്പിരിവ് ആണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. പിരിക്കുന്നവന് ആശ്വാസവും പിരിവു കൊടുക്കുന്നവനു ദുരിതവും എന്നതിനെയാണോ ഈ സർക്കാർ ദുരിതാശ്വാസം എന്നു വിളക്കുന്നതെന്നും അവർ ചോദിക്കുന്നു. എന്നാൽ, ഒരു നല്ല കാര്യത്തിന് ഇറങ്ങിത്തിരിക്കുന്പോൾ ഇങ്ങനെ പിറകിൽനിന്നു വിളിക്കുന്നതു ശരിയല്ലെന്നാണ് ഭരണക്കാരുടെ നിലപാട്. എനിക്ക് ഒരു മാസത്തെ ശന്പളം തരാൻ മനസില്ലെന്ന് ഒരു വിസമ്മതപത്രം എഴുതിക്കൊടുത്താൽ ഒരു ഗുണ്ടയും പിരിവിനു വരില്ലെന്നാണ് ഐസക്ക് മന്ത്രി ഉപദേശിച്ചിരിക്കുന്നത്.
എന്നാൽ, നാട്ടിലെങ്ങും കേട്ടിട്ടില്ലാത്ത ഈ വിസമ്മതപത്രം ജീവനക്കാരെ നോട്ടപ്പുള്ളികളാക്കാനുള്ള സമ്മതപത്രമല്ലെങ്കിൽ പിന്നെ എന്താണെന്നു പ്രതിപക്ഷം തിരിച്ചടിക്കുന്നു. പിരിവു കൊടുക്കാത്തവരെ തെരഞ്ഞുപിടിച്ചു പൊരിക്കാനുള്ള പരിപാടി ഒരു തരത്തിലും അംഗീകരിക്കില്ലത്രേ. ഇതിപ്പം ജീവനക്കാർ ഒരു മാസത്തെ ശന്പളം കൊടുത്താലും കൊടുത്തില്ലെങ്കിലും അതിന്റെ കേടു ജനത്തിനു വരുമോയെന്നാണ് നാട്ടുകാരുടെ എളിയ ബുദ്ധിയിൽ തോന്നുന്ന സംശയം. കൊടുത്തില്ലെങ്കിൽ ദുരിതാശ്വാസത്തിനു ഫണ്ടിൽ കുറവുവരും. ഇനി കൊടുത്താലോ? മനസില്ലാ മനസോടെയാണ് കൊടുക്കുന്നതെങ്കിൽ ചിലരെങ്കിലും അതിന്റെ പേരിൽ ജനങ്ങളുടെ പോക്കറ്റ് കീറും, രണ്ടായാലും നാട്ടുകാർ പെട്ടതുതന്നെ!
മിസ്ഡ് കോൾ
= മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചെലവ് ഇനി മന്ത്രിമാരുടെ പേരിൽ വരില്ല.
- വാർത്ത
=എങ്കിൽ ജനത്തിന്റെ പേരിൽ എഴുതാം, എല്ലാം അവർക്കു വേണ്ടിയാണല്ലോ!