രംഗം പാതാളം... കൊട്ടാരത്തിൽ ഒരു യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ തകൃതി. ഹൗസ് ഓണർ ക്ഷമിക്കണം, കൊട്ടാരം ഓണർ മാവേലിത്തന്പുരാൻ ഈ വർഷത്തെ കേരള യാത്രയ്ക്ക് തയാറെടുത്തുകഴിഞ്ഞു. ഇനിയും കാത്തിരിക്കുന്നതു ബുദ്ധിയല്ല, കാരണം ഈ രാഷ്ട്രീയക്കാർ എപ്പോഴാ കേരളയാത്ര പ്രഖ്യാപിക്കുകയെന്ന് ആർക്കും നിശ്ചയമില്ല.
വർഷത്തിലൊരിക്കൽ ഫ്രീയായി കിട്ടുന്ന സഞ്ചാരം വേണ്ടെന്നു വയ്ക്കാൻ നോം സന്തോഷ് ജോർജ് കുളങ്ങരയൊന്നുമല്ലല്ലോ! മാത്രവുമല്ല, വീസയില്ലാതെ വിസിറ്റ് ചെയ്തോളാൻ പണ്ടു വാമനൻ നൽകിയ ഓഫറിന് ഇതുവരെ ആരും പാരവച്ചിട്ടില്ലതാനും. വർഷത്തിൽ ഒരിക്കലെങ്കിലും പ്രജകളെ കാണാൻ എത്തിയില്ലെങ്കിൽ താൻ എംപിയോ എംഎൽഎയോ മറ്റോ ആയിക്കാണുമെന്ന് അവർ തെറ്റിദ്ധരിക്കും. ഈ വർഷം വേഷത്തിൽ ഇത്തിരി പരിഷ്കാരം വരുത്തിയാലോ എന്നാലോചിച്ചതാ. ശോഭന മാഡത്തിന്റെ ഫാഷൻ പരേഡ് കണ്ടപ്പോൾ ഖാദി തന്നെ മതിയെന്നും തീരുമാനിച്ചു. ഖാദിയുടെ ഖ്യാതി പാതാളത്തിലും എത്തുമല്ലോ.
എന്നാൽ, അന്വേഷിച്ചു ചെന്നപ്പോൾ സംഗതി ആധിയായി, കാരണം അവരു വച്ചുനീട്ടിയത് "സഖാവ്' ഷർട്ടാണ്! മാവേലി "സഖാവ്' ഷർട്ടുമിട്ടു ചെന്നാൽ നാട്ടുകാർ മാവേലിക്കു തിരുവോണ സദ്യയ്ക്കു പകരം പരിപ്പുവടയും കട്ടൻചായയും തന്നുവിടുമെന്ന് ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. അതിനാൽ, ഈ വർഷം പഴയ വേഷംതന്നെ മതിയെന്നു തീരുമാനിച്ചു. അടുത്ത വർഷം ഖാദിയിൽ "മാവേലി ഷർട്ട്' ഇറക്കണമെന്ന അഭ്യർഥന കൊട്ടാരം വൃത്തങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ശോഭനമാഡം വിചാരിച്ചാൽ മാവേലിഷർട്ടുമിട്ട് അടുത്ത വർഷം തന്പുരാൻ റാന്പിലുമെത്തുമെന്നു പ്രതീക്ഷിക്കാം.
ഒരുക്കത്തിനിടയിൽ സെക്രട്ടറി ഒരു കെട്ടു ഫയലുമായി ചെന്നു. കേരളത്തിൽ മാത്രമല്ല പാതാളത്തിലും ഓരോ ഫയലും ഓരോ ജീവിതം ആയതിനാൽ വായിച്ചുപോലും നോക്കാതെ ചറാപറാ ഒപ്പിട്ടു. മാവേലി വിദേശത്തു പോയെന്നുവച്ചു ഫയലിന്റെ യാത്ര മുടങ്ങാൻ പാടില്ലല്ലോ. ""തിരുമേനി, കേരളത്തിലേക്ക് ഉടനെ ചെല്ലണമെന്നാ അറിയിപ്പ് വന്നിരിക്കുന്നത്. കാരണം, കടയിലും കവലയിലുമെല്ലാം ഇഷ്ടം പോലെ ഡ്യൂപ്ലിക്കേറ്റ് മാവേലികൾ ഇറങ്ങാൻ ഇടയുണ്ടത്രേ. പ്രജകൾ ആളുമാറി ഏതെങ്കിലും ഡ്യൂപ്ലിക്കേറ്റിനു പൂക്കളമിട്ടുകൊടുത്താൽ നമുക്ക് എട്ടിന്റെ പണി കിട്ടും. വണ്ടിക്കൂലി എടുത്തില്ലെങ്കിലും കുഴപ്പമില്ല, ആധാർ കാർഡ് മറക്കാതെ എടുത്തോണം. ആധാർ നന്പർ തിരുവോണസദ്യയുമായി ലിങ്ക് ചെയ്താൽ മാത്രമേ അവിടെ വല്ലതും കഴിക്കാൻ കിട്ടൂ. പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, പ്രഭോ അങ്ങ് പോകുന്നതിനു മുന്പ് ഈ മീശ കട്ട് ചെയ്യാൻ മറക്കരുത്.''
ഇതു കേട്ടതും മാവേലി ഞെട്ടി. മീശ കട്ട് ചെയ്യുകയോ? ഈ മീശ പോയാൽപിന്നെ എന്തു രാജാവ്? എന്തു മാവേലി? മീശയില്ലാതെ കേരളത്തിലോട്ടു ചെന്നാൽ ആരെങ്കിലും തിരിച്ചറിയുമോ?- മാവേലിക്ക് ആകെ കണ്ഫ്യൂഷൻ.
""പ്രഭോ, കേരളത്തിൽ മീശ പിൻവലിച്ച കാര്യമൊന്നും അങ്ങ് അറിഞ്ഞില്ലേ. ചില പത്രക്കാരുടെ വരെ മീശ പോയെന്നാണ് കേൾക്കുന്നത്. അപ്പോൾ പിന്നെ വല്ലപ്പോഴും ചെല്ലുന്ന മാവേലിയുടെ കാര്യംപറയണോ? മീശയ്ക്ക് അടി ഉറപ്പാണത്രേ.. മാവേലി ക്ലീൻ ഷേവ് ആകുന്നതാണ് ആരോഗ്യത്തിനു നല്ലത്''- സെക്രട്ടറിയുടെ മുന്നറിയിപ്പുകൾ കേട്ട മാവേലി അന്തംവിട്ടുനിന്നു. എന്നിട്ടു ചോദിച്ചു: മീശയവിടെ നിൽക്കട്ടെ, പോകാൻ വണ്ടി വല്ലതും ബുക്ക് ചെയ്തോ?
""അതുപറയാൻ മറന്നു, പ്രഭോ ഇത്തവണ കാറും ജീപ്പുമൊന്നുമായി പോയിട്ടു യാതൊരു കാര്യവുമില്ല. മൊത്തം വെള്ളത്തിലാ. അതുകൊണ്ടു ചെറിയൊരു ബോട്ട് ബുക്ക് ചെയ്തിട്ടുണ്ട്.''
""ബോട്ടോ..'' മാവേലി വീണ്ടും ഞെട്ടി.. അപ്പോൾ കപ്പലിടിച്ചു ചത്തില്ലെങ്കിൽ വീണ്ടും കാണാം!
മിസ്ഡ് കോൾ
= ഇ.പി.ജയരാജൻ മന്ത്രിയായി മടങ്ങിയെത്തും.
- വാർത്ത
= ബന്ധുവാര്, ശത്രുവാര്!