വണ്‍ ടു ത്രീ... മണിയാശാൻ ഇങ്ങനെയൊന്നു പറഞ്ഞു കിട്ടിയാൽ മതി ബാക്കി ഞങ്ങളേറ്റു എന്ന മട്ടിൽ കാമറയും മൈക്കുമായി എത്ര ദിവസമായി ഈ ഡാമിനു ചുവട്ടിൽ കുത്തിയിരിക്കുന്നു. ഇന്നു തുറക്കും നാളെ തുറക്കും എന്നു പറയാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നുകഴിഞ്ഞു. പറഞ്ഞുപറഞ്ഞു റിപ്പോർട്ടർമാരുടെ തൊള്ള തുറന്നതല്ലാതെ ഇതുവരെ ഡാം ഒരു തുള്ളിക്കു പോലും തുറന്നിട്ടില്ല. ഇടുക്കി ഡാം തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ മണിയാശാനെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആശാനെക്കൊണ്ട് എങ്ങനെയെങ്കിലും വണ്‍ ടു ത്രീ... എന്നു പറയിച്ചാൽ അതോടെ ഷട്ടർ പൊക്കും. എന്നാൽ, പണ്ടൊന്നു വണ്‍ ടു ത്രീ പറഞ്ഞപ്പോൾ ഉണ്ടായ “വെള്ളപ്പൊക്കവും മണ്ണിടിച്ചിലും’’ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാൽ ആശാൻ അത്ര പെട്ടെന്നു അതു പറയുമെന്ന് ആരും കരുതേണ്ട!
മൈക്ക്, കാമറ, കംപ്യൂട്ടർ, ഒബി വാൻ... സർവസന്നാഹങ്ങളുമായിട്ടാണ് ഡാമിനു ചുറ്റും മണംപിടിച്ചു മാധ്യമമാർജാരന്മാരുടെ ക്യാറ്റ്വാക്ക്. പച്ചമീൻ വച്ചിരിക്കുന്ന പാത്രത്തിനു ചുറ്റും മാത്രമാണ് ഇതിനു മുന്‍പ് ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടുള്ളതെന്നാണ് ഇടുക്കിയിലെ ഒരു കാരണവർ പറഞ്ഞത്.
ഡാമിന്റെ ഷട്ടർ തുറന്നാൽ ആദ്യം പുറത്തേക്കു വരുന്ന വെള്ളത്തിനൊപ്പം സഞ്ചരിച്ചു തത്സമയ റിപ്പോർട്ടുകൾ നൽകാൻ ചില ചാനലുകൾ തോർത്ത് ഉടുത്ത പ്രത്യേക റിപ്പോർട്ടർമാരെ തയാറാക്കി നിർത്തിയിട്ടുണ്ടെന്നും കേട്ടു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ “തോർത്ത് റിപ്പോർട്ടർമാർ’’ തീവ്രപരിശീലനം നടത്തിയിരുന്നു. ഈ വാർത്ത അവതരിപ്പിക്കുന്പോൾ റിപ്പോർട്ടർ മാത്രമല്ല ന്യൂസ് അവതാരകൻകൂടി തോർത്ത് ഉടുത്തു കൂടുതൽ ഒറിജിനാലിറ്റി ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിച്ചുവരികയാണ്. ഒറിജിനാലിറ്റി കൂട്ടുന്നതിനു കുഴപ്പമില്ല മിനിമം തോർത്തെങ്കിലും വേണം എന്ന അഭിപ്രായമേ ഇക്കാര്യത്തിൽ കാഴ്ചക്കാർക്കുള്ളൂ.
ഷട്ടർ പൊക്കുന്പോൾ ആദ്യം പുറത്തേക്കു തല കാണിക്കുന്ന മീനിന്റെ ഇന്റർവ്യൂ മറ്റേ ചാനലുകാർക്കു കിട്ടുന്നതിനു മുന്‍പേ എടുക്കാനായി ചൂണ്ടയും വലയും വരെ ചിലർ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഒരാഴ്ച കൊണ്ട് ഡാമിന്റെ വളവും അളവും ആകാരവടിവും വരെ വർണിച്ചു തീർത്തു. ഇനിയെന്ത് എന്നോർത്തു വർണ്യത്തിൽ ആശങ്കയുമായി നിൽക്കുന്പോഴാണ് മണിയാശാന്റെ മൂവായിരം ഘനയടി ശക്തിയുള്ള പ്രഖ്യാപനം, ഡാം ഉടനെ തുറക്കുന്നില്ല! പ്രതീക്ഷയുടെ ഷട്ടർ ടപ്പേന്നു വീണു. ഇറച്ചിക്കടയുടെ മുന്നിൽ ഇത്രയും ദിവസം കാത്തുനിന്നിട്ട് ഒടുവിൽ ശുനകൻ ചന്തയ്ക്കു പോയതുപോലെ തിരികെ പോകേണ്ടി വരുമോ? ചതിച്ചതു മണിയാശാനല്ല, കാലാവസ്ഥയാ!.. അല്ലെങ്കിലും ഈ മഴ എന്നും ഇങ്ങനെയാ. രണ്ടു ദിവസത്തേക്കു കനത്ത മഴയാണെന്നെങ്ങാനും പത്രത്തിൽ വന്നുപോയാൽ പിന്നെ മഴ പോയിട്ടു മഴക്കാറു പോലും ആ വഴി വരില്ല.
“ആശാനെ, തുറക്കുന്നില്ലെന്നു വാശിയാണെങ്കിൽ വേണ്ട, അറ്റ്ലീസ്റ്റ് ഒരു ട്രയൽ റണ്‍ എങ്കിലും നടത്തിക്കൂടെ?” ചോദ്യം ന്യായം! എന്തായാലും മാധ്യമക്കാരുടെ കഷ്ടപ്പാടു കണ്ടിട്ടാണോ അതോ മഴയോട് ഇഷ്ടക്കേടു തോന്നിയിട്ടാണോ എന്നറിയില്ല 2,398 അടിയിൽ വെള്ളമെത്തുന്പോൾ ഒരു ട്രയൽ റണ്‍ നടത്തിക്കളയാമെന്ന തീരുമാനത്തിലാണ് ഇപ്പോൾ കെഎസ്ഇബി.
അതേസമയം, ഡാമിനെച്ചൊല്ലിയുള്ള ഈ ബഹളവും കോലാഹലവുമെല്ലാം കൊഴുക്കുന്പോൾ ഒരു ശരാശരി ഇടുക്കിക്കാരന്റെ കണ്ഫ്യൂഷൻ ഇങ്ങനെ: സത്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ പോവുകയാണെന്നല്ലേ പറഞ്ഞത്, അല്ലാതെ അതു പൊളിക്കാൻ പോവുകയാണെന്നല്ലല്ലോ!
മിസ്ഡ് കോൾ
= ഓണത്തിനു അരി, പയർ, പരിപ്പ്, തേയില എന്നിങ്ങനെ നാലിനങ്ങളുടെ സൗജന്യ കിറ്റ്.
- വാർത്ത
= മലയാളിയുടെ അവശ്യസാധനം ക്യൂനിന്നു തന്നെ വാങ്ങണം!