ആരാണ് പാഠം പഠിക്കേണ്ടത്, കുടിയേറ്റ കർഷകരോ?
Friday, June 5, 2020 5:27 PM IST
പാലക്കാട് കൃഷിയിടത്തിന് സമീപം ആന സ്ഫോടക വസ്തു കടിച്ച് ചരിഞ്ഞ സംഭവത്തിന് പിന്നാലെ മലയോര കർഷകന്റെ ദുരിതങ്ങൾ വിവരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബിജു വി. ചാണ്ടിയെന്ന ആളാണ് "ഞാനും ഒരു പ്രതിയാണ്' എന്ന ആമുഖത്തോടെ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്:
ഞാനും ഒരു പ്രതിയാണ്...
ഞങ്ങൾ പമ്പാവാലിക്കാരെ പോലെ കേരളത്തിലെ വനാതിർത്തികളിൽ അതിജീവിക്കുന്ന ലക്ഷക്കണക്കിന് കർഷകരെയാണ് പൊതുബോധം പ്രതിപ്പട്ടികയിൽ പെടുത്തി വിചാരണ ചെയ്യുന്നത്...
സോഷ്യൽ മീഡിയയിൽ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തെ സർഗ്ഗാത്മക സിദ്ധി കൊണ്ട് കണ്ണീരണിയിച്ചു കൊണ്ടിരിക്കുകയാണല്ലോ. കൊറോണയല്ല എബോള വന്നാലേ പാഠം പഠിക്കു ഇവറ്റകൾ എന്നു വരെ ഒരു വിദ്വാൻ കുറിച്ചതു കണ്ടു...
ആരാണ് പാഠം പഠിക്കേണ്ടത് സാർ, കുടിയേറ്റ കർഷകരോ ?
കാഞ്ഞിരപ്പള്ളിയിലോ കോട്ടയത്തോ കൊച്ചിയിലോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ നല്ല നിരപ്പുള്ള നല്ലവഴിയുള്ള നഗര പ്രാന്തങ്ങളിൽ സെയ്ഫായി താമസിക്കണം എന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം .
പക്ഷേ, വനത്താൽ ചുറ്റപ്പെട്ട പമ്പാവാലി എന്ന കുടിയേറ്റ മലയോര ഗ്രമത്തിലാണ് ഞാൻ ജനിച്ചു പോയത്. അതായത് തന്റേതല്ലാത്ത കുറ്റംകൊണ്ട് വനാതിർത്തികളിൽ ജീവിക്കേണ്ടി വന്നവരാണ് കുടിയേറ്റ ഗ്രാമങ്ങളിലുള്ളവർ എന്ന് ...
കാട്ടാനയെ കുട്ടൻ കുറുമ്പനെന്നും കാട്ടുപന്നിയെ പാപ്പപ്പിഗെന്നും കുരങ്ങിനെ തങ്കുവെന്നും
രാജവെമ്പാലയെ ചിന്നനെന്നും സെയ്ഫ് സോണിലുള്ള നിങ്ങൾ വിളിക്കുന്നതു പോലെ ഓമനപേരിട്ട് വിളിക്കണം എന്നൊക്കെ ഞങ്ങൾക്കും ആഗ്രഹമുണ്ട്.
പക്ഷേ. ജീവക്കണേൽ കൃഷി ചെയ്യണം കൃഷി ചെയ്താൽ അതു വിളയാകും വരെ സംരക്ഷിക്കണം അതു നശിപ്പിക്കപ്പെട്ടാൽ നിങ്ങൾ നഷ്ടം വല്ലതും തരുമോ ? ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തരുവോ ? പോട്ടെ ഒന്നന്വേഷിക്കാറുണ്ടോ ?
ഒരിക്കൽ ഒരു സുഹൃത്ത് കൊച്ചിയിൽ നിന്ന് എന്റെ നാട്ടിൽ വന്നു. ഒരു മലയുടെ മുകളിൽ പ്രകാശം കണ്ട് ചോദിച്ചു അവിടെ ഒക്കെ മനുഷ്യരു താമസിക്കുന്നുണ്ടോ എന്ന് ..
ഗതി കെട്ട മനുഷ്യർ എവിടെ എങ്കിലും ജീവിക്കെണ്ടേ... ആനയെ പടക്കം വച്ച് കൊല്ലുന്ന, എബോളയും കൊറോണയും വന്ന് ചാകണം എന്ന് പലരും ആഗ്രഹിക്കുന്ന മനുഷ്യർ താമസിക്കുന്ന ഇടങ്ങിലേക്ക് കവികളും ഫുത്തി ജീവികളും മനസാക്ഷി മരവിക്കാത്തവരെന്നു കരുതുന്നവരും ലോക്ഡൗൺ കഴിഞ്ഞ് ഒരു സ്റ്റഡി ടൂറ് നടത്തണം. ഉഗാണ്ടയിലും ആഫ്രിക്കായിലും ആമസോണിലേയ്ക്കുമല്ല കേരളത്തിലെ കുടിയേറ്റ ഗ്രാമങ്ങളിലേയ്ക്ക്...
കുടിയേറ്റ കർഷകർ എങ്ങനെയാണ് ജീവിക്കുന്നത് എന്നും എങ്ങനെയാണ് കൃഷി ചെയ്യുന്നത് എന്നും നേരിട്ട് കാണണം. എന്നിട്ടും ആ മനുഷ്യരെ തന്നെയാണ് കുറ്റപ്പെടുത്താൻ നിങ്ങൾക്കു തോന്നുന്നതെങ്കിൽ ആ മനോനിലയ്ക്ക് മനശാസ്ത്രജ്ഞനെ കണ്ട് ചികിത്സ തേടണം
ജീവിക്കാൻ വേണ്ടിയാണ് സാർ, മറ്റൊരു ഇടമില്ലാത്തതു കൊണ്ടാണ് സാർ, കാട്ടുപന്നിയും ,കാട്ടാനയും ,രജവെമ്പാലയും വിസിറ്റു ചെയ്യുന്ന ഇടങ്ങളിൽ മക്കളുമായി അന്തിയുറങ്ങുന്നത് .
കാട്ടിലെ മൃഗങ്ങളെ കുറ്റം പറയുന്നില്ല വനവത്കരണം എന്ന പേരിൽ ഇന്നലെ പോസ്റ്റിട്ട ഓഫീസറടക്കം ചെയ്യുന്നതെന്താണ്? കാട്ടിൽ മൃഗങ്ങൾ പട്ടിണിയിലാണ്. അവറ്റകളുടെ സ്വാഭാവിക അവാസ വ്യവസ്ഥയെല്ലാം തേക്കും യൂക്കാലിയും ചന്ദനവും വച്ച് നശിപ്പിച്ചത് പാവപ്പെട്ട കൃഷിക്കാരല്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറാണ്.
വനാതിർത്തിയിൽ ജീവിക്കേണ്ടി വരുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രതിസന്ധികളും നിയമക്കുരുക്കുകളും ഒന്നു പഠിക്കണം. സ്വന്തം പറമ്പിൽ വളരുന്ന ഒരു മരം സ്വന്തമായൊരു വീടു തട്ടിക്കൂട്ടുമ്പോൾ പോലും മുറിക്കാൻ അനുവാദമില്ലാത്തവരെക്കുറിച്ച് ഇവിടാരും കണ്ണീരൊഴുക്കാത്തത് മനുഷ്യരായി പോയതുകൊണ്ടാണോ ?
ഇതു കുറിക്കുന്നത് ബിജു v ചാണ്ടി ആയതുകൊണ്ട് മലമുകളിലെ കുരിശു കൃഷിക്കാരനാണ് എന്ന മുൻ വിധിയൊന്നും വേണ്ട. എല്ലാ മത ജാതി വിഭാഗങ്ങളിലും പെട്ട മനുഷ്യരുണ്ട് ഇത്തരം മലമടക്കുകളിൽ എന്ന് മനസിലാക്കണം.
അല്ലാതെ മതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്യുന്ന മനുഷ്യത്വരഹിത വർഗ്ഗീയവിലയിരുത്തലുകാർക്കും ട്രീറ്റ്മെന്റ് വേണം ..
സോഷ്യൽ മീഡിയയിൽ വീട്ടിലെ സെയ്ഫ് സോണിലിരുന്ന് നിങ്ങൾ കുത്തിക്കുറിക്കുന്ന ശാപവചസുകളെ പ്രതിരോധിക്കാൻ കൃഷിക്കാര് വരില്ല കാരണം മറുപടി എഴുതാൻ നിന്നാൽ ഒരു കൊല്ലം അദ്ധ്വാനിച്ച മൊതല് "പാപ്പപ്പിഗ്' കൊണ്ടു പോകും പിള്ളാര് പട്ടിണിയാകും ....
ചുവടെ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട് നാട്ടുകാരനും സുഹൃത്തുമായ സുരച്ചേട്ടന്റെ കൃഷിയിടവും ഏറുമാടവുമാണ് .. ആവശ്യക്കാർക്ക് ഫോൺ നമ്പർ തരാം. ആ മനുഷ്യൻ ഉറങ്ങിയിട്ട് എത്ര നാളായെന്ന് നിങ്ങൾ ഒന്നു ചോദിച്ചു നോക്കണം. അല്ലെങ്കിൽ നിങ്ങളവിടെയ്ക്കൊന്നു പോയി നേരിട്ടു കാണണം സൗകര്യം ഞങ്ങളൊരുക്കാം.
രണ്ടേക്കർ ഭൂമിയിൽ ഉറക്കളച്ച് ഒരു വർഷം കൃഷി ചെയ്താൽ എത്ര കിട്ടും ബാലൻസ് എന്ന സാമ്പത്തിക ശാസ്ത്രത്തിലേയ്ക്കൊന്നും ഈ ചെറുകുറിപ്പ് പോന്നില്ല എന്തായാലും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് ഒരു മാസം സർക്കാരു കൊടുക്കുന്ന ശമ്പളത്തിന്റയത്ര ഒരു വർഷംകൊണ്ടു നേടിയാൽ സുര ചേട്ടൻ നിഷ്കളങ്കമായി പറയും കൃഷി ലാഭാരുന്നു എന്ന് ....
ഒന്നു മനസിലാക്കിയാൽ നന്ന്... നിങ്ങളെ പോലെ കുടുംബവും കുഞ്ഞുങ്ങളും, സ്വപ്നങ്ങളും പ്രതീക്ഷകളും പരിസ്ഥിതി സ്നേഹവും, മനസാക്ഷിയുമുള്ള മനുഷ്യരാണ് കുടിയേറ്റ കർഷകരും...
പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ സർഗവസന്തം തീർക്കുമ്പോൾ കാട്ടുകള്ളനെന്നും,,കയ്യേറ്റക്കാരനെന്നും ആക്ഷേപിക്കുന്നത് അർത്ഥ പട്ടിണിക്കാരായ കൃഷിക്കാരനെയാണ് എന്നോർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.