US കത്തുന്നു
Tuesday, June 2, 2020 3:36 PM IST
വാഷിംഗ്ണ്: ജോർജ് ഫ്ളോയ്ഡിന്റെ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ യുഎസില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ സൈന്യത്തെ രംഗത്തിറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
വാഷിംഗ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണ്. ആഭ്യന്തര ഭീകരവാദമാണ് അത്. നിങ്ങള്‍ ക്രിമിനല്‍ ശിക്ഷാനടപടികളും ദീര്‍ഘകാലം ജയില്‍വാസവും നേരിടേണ്ടിവരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് എനിക്ക് പറയാനുള്ളത് എന്നും ട്രംപ് പറഞ്ഞു.
പ്രതിഷേധക്കാരെ ഗർണർമാർ പോലീസിനെ ഉപയോഗിച്ച് നിയന്ത്രിച്ചില്ലെങ്കിൽ സൈന്യത്തെ ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് അമേരിക്കയെന്നും രാജ്യത്തിന്റെ സുരക്ഷ പ്രധാനമെണെന്നും ട്രംപ് പറഞ്ഞു.
ജോർജ് ഫ്ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടരുകയാണ്. യുഎസിലെ 40 നഗരങ്ങളിൽ കർഫ്യൂ ഏർപ്പെ ടുത്തി. ആറു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ ഇതിനകം 4400 പേർ അറസ്റ്റിലായി.വെള്ളിയാഴ്ച പ്രക്ഷോഭകർ വൈറ്റ് ഹൗസിലേക്ക് ഇഷ്ടികളും കുപ്പികളും വലിച്ചെറിഞ്ഞിരുന്നു.
ജനതയ്ക്കെതിരെ അമേരിക്കൻ സൈന്യം
അമേരിക്കൻ ജനതയ്ക്കെതിരെ അമേരിക്കൻ സൈന്യത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപയോഗിക്കുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡൻ. കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമർത്താൻ സൈന്യത്തെ വിളിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ജോ ബൈഡൻ രംഗത്ത് എത്തിയത്.
സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കണ്ണീർ വാതകങ്ങളും റബർ ബുള്ളറ്റുകളും പ്രയോഗിച്ചെന്ന് ബൈഡൻ ആരോപിച്ചു. നമ്മുടെ മക്കൾക്കുവേണ്ടി, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനായി, നാം ട്രംപിന്റെ പരാജയപ്പെടുത്തണമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മുൻനിരയിലുള്ള ഡെമോക്രാറ്റിക് നേതാവ് ട്വിറ്ററിൽ പറഞ്ഞു.
വൈറ്റ് ഹൗസിനു സമീപത്തെ ചരിത്ര പ്രസിദ്ധമായ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ദേവാലയത്തിന്റെ പാരിഷ് ഹാളിനു പ്രക്ഷോഭകർ തീവച്ചിരുന്നു. ഇതിനു മുന്നിൽ ട്രംപ് നിൽക്കുന്ന ചിത്രവും ബൈഡൻ ട്വീറ്റ് ചെയ്തു.
സഹായഹസ്തവുമായി ഹോളിവുഡ്
ബിയോണ്‍സ്, റിഹാന, ലേഡി ഗാഗ, ഡ്വയൻ ജോണ്സണ്, സലീന ഗോമസ്, കിം കർദാഷിയാൻ, കെൻട്രിക് സാംപ്സണ്, ക്രിസി ടൈഗെൻ, ബെൻ പ്ലറ്റ എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ പിന്തുണയറിയിച്ചതിനൊപ്പം പ്രതിഷേധക്കാർക്ക് സഹായമെത്തിച്ചുമാണ് താരങ്ങൾ സമരത്തിൽ പങ്കാളികളായത്. കൊലപാതകത്തിൽ നീതി ലഭ്യമാക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. അറസ്റ്റിലാകുന്നവർക്ക് ജാമ്യം എടുക്കുന്നതിനുള്ള ധനസമാഹരണത്തിലും ഹോളിവുഡിന്റെ സഹായമുണ്ട്. നിരവധി പ്രമുഖരാണ് സംഭാവനയുമായി രംഗത്തെത്തിയത്.
പിന്തുണയുമായി അമേരിക്കൻ പോലീസ്
പോലീസ് കസ്റ്റഡിയിൽ മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമേരിക്കൻ പോലീസ്.വിവിധ സംസ്ഥാനങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വർണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. അനീതിക്കെതിരെ പ്രക്ഷോഭകർക്കൊപ്പം നിലനിൽക്കുന്നതിന്റെ പ്രതീകമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.